Connect with us

Ongoing News

തിരുനബി അനുപമ വ്യക്തിത്വം

Published

|

Last Updated

“ലോകത്ത് അത്യധികം സ്വാധീനം ചെലുത്തിയ മനുഷ്യരെ നയിക്കാൻ ഞാൻ മുഹമ്മദിനെ തിരഞ്ഞെടുത്തത് ചില വായനക്കാരെ അത്ഭുതപ്പെടുത്തിയേക്കാം. ചിലർ എതിർത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്തേക്കാം. പക്ഷേ, ചരിത്രത്തിൽ മതപരവും മതേതരവുമായ തലത്തിൽ പരമോന്നതമായി വിജയം വരിച്ച ഒരേ ഒരു മനുഷ്യൻ അദ്ദേഹം മാത്രമാണ്.” (THE HUNDRED: A RANKING OF THE MOST INFLUENTIAL PERSONS IN HISTORY-NEW YORK-1978, page-33)

പ്രശസ്ത ക്രൈസ്തവ ചിന്തകനും ജ്യോതിശാസ്ത്രജ്ഞനുമായ “മൈക്കൽ എച്ച് ഹാർട്ട്” തന്റെ ഗ്രന്ഥത്തിൽ തിരുനബി(സ)ക്ക് ഒന്നാം സ്ഥാനം നൽകിയതിന് കാരണമായി നിരത്തിയ വരികളാണ് മുകളിൽ ഉദ്ധരിച്ചത്. തിരുനബി(സ) തങ്ങളെയും അനുയായികളെയും കണക്കില്ലാതെ പീഡിപ്പിക്കുകയും ചീഞ്ഞളിഞ്ഞ കുടൽമാല കഴുത്തിൽ ചാർത്തുകയും കല്ലെറിഞ്ഞ് മുറിവേൽപ്പിക്കുകയും മൂന്ന് വർഷക്കാലം സാമൂഹിക ബഹിഷ്‌കരണം ഏർപ്പെടുത്തുകയും ചെയ്ത ഖുറൈശികൾക്ക് വിജയ ശ്രീലാളിതരായി മക്കയുടെ വിശുദ്ധ മണ്ണിൽ കാലുകുത്തിയ മുഹൂർത്തത്തിൽ പൊതുമാപ്പ് നൽകിയ തിരുനബി(സ)യുടെ ഔദാര്യം വിവർണനാതീതമാണ്. തിരുനബിയുടെ പിതൃവ്യനായ ഹംസ(റ)നെ വധിച്ച വഹ്ശിയും ഹംസ(റ)ന്റെ കരൾ ചവച്ചുരസിച്ച ഹിന്ദും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഇസ്‌ലാമിക പ്രബോധനവും വിജ്ഞാന സമ്പാദനവും ശാസ്ത്രീയ ഗവേഷണങ്ങളും വിശ്വാസിയുടെ അനുപേക്ഷണീയമായ കർത്തവ്യമായി പ്രവാചകൻ നിഷ്‌കർഷിച്ചു. “വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അത് എവിടെ കണ്ടാലും സ്വന്തമാക്കുക” എന്ന തിരുവചനത്തിൽ നിന്നാവേശമുൾകൊണ്ട് സർവവിജ്ഞാനം തേടി വീടും നാടും നഗരവും ഇട്ടേച്ചുപോകാൻ ആദ്യകാല വിശ്വാസികൾ പ്രചോദിതരായി.

കാരുണ്യത്തിന്റെ പ്രവാചകൻ

ലോകത്ത് ഏറ്റവും കൂടുതൽ വിളിക്കപ്പെടുന്ന പേര് മുഹമ്മദ് എന്നാണ്. വീട്ടിലോ നാട്ടിലോ ചുറ്റുഭാഗങ്ങളിലെവിടെയെങ്കിലും ആ പേരുള്ള ഒരാളെങ്കിലും ഉണ്ടാകാതിരിക്കില്ല. സ്വതന്ത്ര പേരുള്ളവർ പോലും അവരുടെ മുന്നിൽ മുഹമ്മദ് എന്ന് ചേർക്കും. ഇത്രയധികം സ്മരിക്കപ്പെടുന്ന അന്ത്യപ്രാവാചകനെ നിരാകരിക്കുകയും വിശ്വസിച്ചവർ തന്നെ ചില യുക്തിവാദ ചിന്തകളുമായി നിഷേധിക്കുകയും ചെയ്യുന്നത് വിരളമല്ല.
അക്കൂട്ടത്തിലെ പ്രധാനവിമർശനമാണ് ഉന്മാദരോഗം. അതായത് വഹിയ്യ് ഒരു രോഗമാണത്രെ. സ്‌കിസോഫ്രേനിയ എന്നാണതിന്റെ ശാസ്ത്രനാമം. ഏറ്റവും മാരകമായ മാനസികരോഗം. ഇത് ബാധിച്ചവർ സംസാരിക്കുന്നത് എന്തെന്ന് പോലും മനസ്സിലാകില്ല. മുറിയൻ വാചകങ്ങളും പരസ്പര വിരുദ്ധമായ വാക്യങ്ങളും അടുക്കും ചിട്ടയുമില്ലാത്ത സംസാരഘടനയും ഇതിന്റെ ലക്ഷണമാണ്. ചിലരാകട്ടെ നിയന്ത്രണം വിട്ട് ഹാലിളകുകയും ചെയ്യുന്നു. ചില സമയത്ത് ഭക്ഷണത്തോട് അമിതമായ ആർത്തി കാണിക്കും, സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും, സന്തോഷവേളയിൽ പൊട്ടിക്കരയും, സന്താപം വരുമ്പോൾ പൊട്ടിച്ചിരിക്കും തുടങ്ങിയ ലക്ഷണങ്ങളുമായി പ്രവാചക ജീവിതം സമരസപ്പെട്ടതായി ചരിത്രങ്ങളിൽ നിന്ന് കണ്ടെത്താൻ കഴിയില്ല. തിർമുദിയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ പറയുന്നത് ഇങ്ങനെയാണ്: നിങ്ങളൊക്കെ സംസാരിക്കും പ്രകാരം ധൃതിയിൽ പറഞ്ഞൊപ്പിക്കുന്ന സ്വഭാവമായിരുന്നില്ല പ്രവാചകന്റെത്. പ്രത്യുത വ്യക്തവും സ്ഫുടവുമായ വാക്കുകളുപയോഗിച്ച് സാവകാശമാണ് അവിടുന്ന് സംസാരിക്കുക. കേട്ടിരിക്കുന്നവർക്കൊക്കെ അത് ഒപ്പിയെടുക്കാൻ കഴിയും. ഭക്ഷണത്തിന്റെ കാര്യത്തിലും നിയതമായ അടുക്കും ചിട്ടയും അവിടുന്ന് പാലിച്ചിട്ടുണ്ട്. പ്രവാചകൻ പ്രാകൃതനെ പോലെ വാരിവലിച്ച് വിഴുങ്ങിയിരുന്നില്ല. ആഹാരക്രമത്തിൽ അത്യുൽകൃഷ്ട പാഠങ്ങളാണ് പ്രവാചകൻ പ്രവർത്തിച്ചതും പഠിപ്പിച്ചതും. ഒരിക്കലും വയറു നിറച്ച് ഭക്ഷണം കഴിച്ചില്ല. 23 വർഷത്തെ ഹ്രസ്വമായ കാലയളവുകൾക്കുള്ളിൽ പീഡനങ്ങളുടെ മുൾക്കിരീടങ്ങൾ വകഞ്ഞുമാറ്റി ലഹരിയിലും ലൈംഗികതയിലും ജീവിതം തുലച്ച യുവതയെ സാംസ്‌കാരികതയുടെ ഉന്നതങ്ങളിൽ പ്രതിഷ്ഠിച്ച അനുപമ വ്യക്തിത്വത്തെ അന്തർമൂകനെന്ന് വിളിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത ക്രൂരതയാണ്.
സാധാരണക്കാർക്കുണ്ടാകാത്ത ചില അനുഭവങ്ങൾ പ്രവാചകനുണ്ടായിരുന്നുവെന്നത് ശരിയാണ്. ജിബ്്രീൽ(അ) ദിവ്യസന്ദേശവുമായി വന്നിരുന്നു. പലപ്പോഴും കൂടെയുള്ളവർ ജിബ്്രീൽ(അ)നെ കണ്ടിരുന്നില്ല. ഉന്മാദരോഗികൾ ആരും കാണാത്തത് കാണുകയും കേൾക്കാത്തത് കേൾക്കുകയും ചെയ്യുന്നുവെന്നതിന്റെ അർഥം ഈ അവസ്ഥയുണ്ടാകുന്നവരൊക്കെ ഉന്മാദരോഗികളാണ് എന്നാണോ? ഒരു ഫലത്തിന് ഒരു നിമിത്തമേ ഉണ്ടാവൂ എന്ന കണ്ടുപിടിത്തമാണ് ഇത്തരം യുക്തിവാദങ്ങൾക്ക് പിന്നിലെ ചികിത്സിക്കാത്ത രോഗമെന്ന് വിശ്വാസികൾ തിരിച്ചറിയണം.
ചരിത്രപരമായി പ്രവാചകത്വവും ഏകദൈവ വിശ്വാസവും തെളിയിക്കപ്പെടുമ്പോൾ ചില കെട്ടുകഥകളാൽ നിർമിതമാണ് ഇസ്്ലാമിക പാഠങ്ങളും തിരുനബി വാക്യങ്ങളുമെല്ലാം എന്നതാണ് ചില ഉൽപതിഷ്ണുക്കളുടെ പുതിയ കണ്ടെത്തൽ. ഇസ്്ലാമേതര മതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്്ലാമിനോളം സൂക്ഷ്മമായ രേഖകളാൽ തെളിയിക്കപ്പെട്ട മറ്റൊരു മത ഗ്രന്ഥത്തെയോ ദൈവിക ആശയങ്ങളേയോ പ്രവാചക വാക്യങ്ങളേയോ കണ്ടെത്താൻ കഴിയില്ല. അന്നും ഇന്നും പ്രവാചകർ തിരുനബി(സ)തങ്ങളുടെ ശത്രുക്കളുടെയും അനുയായികളുടെയും നാടും വീടും കുടുംബവുമൊക്കെ വ്യക്തമായി രേഖപ്പെട്ടു കിടക്കുന്നു. അവിടുത്തോടൊപ്പം ഒന്നാം ധർമ സമരത്തിൽ പങ്കെടുത്ത 313 പ്രതിഭകളുടെ പേരും പിതാവിന്റെ പേരും കുടുംബവും ഗോത്രവും വംശവുമൊക്കെ ഒരു വലിയ വിഭാഗം മുസ്്ലിംകൾക്ക് ഇന്നും കാണാപാഠമാണ്. പ്രവാചകന്റെ ഒരു വാക്ക് ഒരു ഗ്രന്ഥത്തിൽ നിന്ന് (ഉദാ:ബുഖാരി, മുസ്്ലിം) വായിക്കുമ്പോൾ ആ ഗ്രന്ഥകാരൻ ആരിൽ നിന്നാണ് ആ വാക്ക് കേട്ടതെന്നും അദ്ദേഹം ആരിൽ നിന്നു കേട്ടുവെന്നും അവസാനം തിരുനബിയിൽ വരെ ചെന്നുചേരുന്നത് എങ്ങനെയെന്നും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ പ്രവാചക വചനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരെ “റാവി”മാർ എന്നും നിവേദന പരമ്പരയെ “സനദ്” എന്നും വിളിക്കുന്നു.
ഒരു നബി വചനം (ഹദീസ്) ശരിയാണെന്ന് (സ്വഹീഹ്) ഗ്രന്ഥകാരൻ വിധിക്കണമെങ്കിൽ നബി(സ)വരെ മുട്ടുന്ന സനദിലെ മുഴുവൻ റാവിമാരെക്കുറിച്ചും പഠിച്ചിരിക്കണം. അവർ സത്യസന്ധരാണോ? കള്ളം പറയുമോ? മുൻ റാവിയിൽ നിന്ന് നേരിട്ട് കേട്ടിട്ടുണ്ടോ? അങ്ങനെ കേൾക്കാൻ സാധ്യതയുണ്ടോ? എല്ലാം പരിശോധിച്ച ശേഷമാണ് ഹദീസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതൊരു വിജ്ഞാന ശാഖയായി വികസിച്ചു. ഇവ ഉദ്ധരിച്ച ഓരോ വ്യക്തികളുടെയും ചരിത്രം ക്രോഡീകരിക്കപ്പെട്ടു. അവരുടെ ജീവിതം, ശൈലി, ഓർമശക്തി, കുടുംബം, വിശ്വസ്തത തുടങ്ങിയവയെ കുറിച്ച് മാത്രം വിവരിക്കുന്ന ഗ്രന്ഥങ്ങൾ നിരവധിയാണ്. ഹദീസ് നിവേദനം എത്രത്തോളം വിശുദ്ധമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം കാണുക: ധാരാളം ഹദീസ് (നബിവചനങ്ങൾ) അറിയുന്ന ഒരു പണ്ഡിതനുണ്ടെന്ന് ഇമാം ബുഖാരി(റ) കേൾക്കുന്നു. ഇവ ശേഖരിക്കാൻ ഒട്ടേറെ ക്ലേശങ്ങൾ സഹിച്ച് മൈലുകൾ താണ്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഇമാം ബുഖാരി(റ) നിരാശനായി. കാരണമെന്തെന്നറിയുമോ? ദൂരെ മേയുന്ന തന്റെ വളർത്തുമൃഗത്തെ ഒന്നുമില്ലാത്ത പാത്രം കാണിച്ച് വരുത്തുകയാണ് അദ്ദേഹം. ഈ നിമിഷം ബുഖാരി ഇമാം ചിന്തിക്കുന്നു. ഇയാൾ മൃഗത്തെ വഞ്ചിക്കുകയാണ്. മൃഗത്തെ വഞ്ചിക്കുന്നവൻ തിരുവചനങ്ങളിൽ വഞ്ചന നടത്തില്ലെന്നെന്താണുറപ്പ്? അങ്ങനെ അയാളിൽ നിന്ന് ഹദീസ് സ്വീകരിക്കേണ്ടെന്നുവെച്ചു. ഇങ്ങനെ കടഞ്ഞുകിട്ടിയ വചനങ്ങളാണ് സ്വഹീഹായ ഹദീസുകൾ. മറ്റൊരു ചരിത്രപുരുഷന്റെ കാര്യത്തിലും ഈ അനുഭവം ഉണ്ടാകില്ല. ചുരുക്കത്തിൽ ഇതര വ്യക്തിത്വങ്ങളിൽ നിന്നും വ്യത്യസ്തമായി മുഹമ്മദ് (സ) യുടെ കാര്യത്തിലോ ഇസ്്ലാമിക വിഷയങ്ങളിലോ ചരിത്രം ഒരു തടസ്സമേ അല്ല. അത്രയും കൃത്യമായാണ് തിരുജീവിതം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.