Connect with us

Gulf

മഅ്ദനി അനുഭവിക്കുന്നത് തുല്യതയില്ലാത്ത നീതി നിഷേധം: സെബാസ്റ്റ്യന്‍ പോള്‍

Published

|

Last Updated

അബൂദബി: അബ്ദുല്‍ നാസര്‍ മഅ്ദനി അനുഭവിക്കുന്നത് തുല്യതയില്ലാത്ത നീതി നിഷേധമാണെന്ന് മുന്‍ എം പിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. അനീതിയുടെ വിലങ്ങഴിക്കൂ, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കൂ എന്ന ശീര്‍ഷകത്തില്‍ അബൂദബി പി സി എഫ് സംഘടിപ്പിച്ച മഅ്ദനി ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂരിനേക്കാള്‍ ഭീകരമാണ് കര്‍ണാടകയിലേക്കുള്ള മഅ്ദനിയുടെ നാടുകടത്തല്‍. യു എ പി എ പോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്ന അധികാരി വര്‍ഗത്തെ തന്നെ അതിപ്പോള്‍ തിരിഞ്ഞു കടിക്കുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം. മഅ്ദനിയും രാജ്യത്തിന്റെ പൗരനാണെന്നും മഅ്ദനി ഉള്‍പ്പെടെ പത്തൊന്‍പതാമത്തെ വയസ്സില്‍ ചെയ്ത കുറ്റം എന്തെന്നറിയാതെ ജയിലില്‍ പോകേണ്ടി വന്ന പരപ്പനങ്ങാടി സക്കരിയ അടക്കമുള്ളവരുടെ വിഷയത്തിലും ഭരണകൂടവും ജുഡീഷ്യറിയും എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു എ പി എ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ വലിയ ഉദാഹരണമാണ് കേരളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രയോഗിച്ചതിലൂടെ നാം കണ്ടത്. ഭരിക്കുന്നവര്‍ക്കു കൂടി തീരുമാനമെടുക്കുവാന്‍ കഴിയാതെയായിരിക്കുന്നു എന്നത് ഈ നിയമത്തിന്റെ ഭീകരതയാണ് വെളിവാക്കുന്നത്. 10 വര്‍ഷത്തിന് ശേഷം നിരപരാധി ആയി കണ്ട് വിട്ടയച്ച ഒരു മനുഷ്യനോട് ഭരണകൂടം കാണിക്കുന്ന അനീതിക്കെതിരെ പൊതുജന രോഷം ഉയരേണ്ടതുണ്ട്. മഅ്ദനി ഉള്‍പ്പടെയുള്ള നൂറുകണക്കിന് ആളുകള്‍ നീതി നിഷേധിക്കപ്പെട്ടു ജയിലറകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുകയാണ്. ഇവരുടെ മോചനത്തിനു വേണ്ടി രംഗത്തിറങ്ങുന്നതിന് ജാതിയും മതവും രാഷ്ട്രീയവും നമുക്ക് തടസ്സമായിക്കൂടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഇല്യാസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. നൗഷാദ് പൈങ്ങോട്ടോയ്, റഷീദ് മാസ്റ്റര്‍, എം പി എം റഷീദ്, അബ്ദുല്‍ ലത്തീഫ്, ഇസ്ഹാഖ് നദ്വി, ജലീല്‍ കടവ്, ലിയാഖത് തിരുവത്ര പ്രസംഗിച്ചു.

Latest