Connect with us

Cover Story

കാട് കാത്തവൻ

Published

|

Last Updated

കണ്ണെത്താത്തത്രയും ദൂരെ കട്ടപിടിച്ച് കനത്തുകിടക്കുന്ന കാട്. ആ വന്യതയുടെ നടുവിൽ പനയോല കൊണ്ട് മേൽക്കൂരയൊരുക്കിയ തീർത്തും ഒറ്റപ്പെട്ട കുടിൽ. കാറ്റും ഇലകളും തീർക്കുന്ന സംഗീതം മുറിച്ച് അവിടെ ഗോത്ര താളത്തിന്റെ തുടിയൊച്ച നിറയുകയാണ്.
ഒരു പെൺകുട്ടി ഋതുമതിയായിരിക്കുന്നു. അതിന്റെ ഗോത്രാചാരമാണ് അവിടെ നടക്കുന്നത്. ചെഞ്ചായം കൊണ്ട് സ്വയം മുഖത്ത് വരകളും കുറികളും ചാലിച്ചൊരുങ്ങിയ സ്ത്രീകൾ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്നു. ഇടക്കിടെ വിശിഷ്ട ഭോജ്യങ്ങളുമായെത്തുന്ന പെണ്ണുങ്ങൾ മുഖത്ത് ചെഞ്ചുവപ്പണിഞ്ഞ് ആഘോഷങ്ങളിലേക്ക് പിന്നെയും പിന്നെയും പെയ്തിറങ്ങുന്നുണ്ട്.

പക്ഷേ, ആ ഗോത്രഗ്രാമത്തിലെ ആണുങ്ങൾ എവിടെയാണ്? അവരാരും അവിടെയെങ്ങുമില്ല. ആഘോഷം തിമിർത്തുപെയ്യുന്ന കുടിലിൽ നിന്ന് വളരെയകലെ, ഗ്രാമാതിർത്തിയിൽ കാവൽ നിൽക്കുകയായിരിക്കും അവരിപ്പോൾ.

അവർ അങ്ങനെയാണ്. ഗോത്രജന്യ താളങ്ങൾ നിറഞ്ഞുതുളുമ്പാൻ വെമ്പുമ്പൊഴും, അതെല്ലാം ഉള്ളിലൊതുക്കി ഉർവരതയുടെ സങ്കൽപ്പ സന്തോഷ മുഹൂർത്തങ്ങൾക്ക് കാവൽ നിൽക്കുക എന്നതാണ് അവരുടെ നിയോഗം.
ആ കാവൽക്കാരിൽ ഒരാൾ വെടിയേറ്റ് വീണിരിക്കുന്നു…
കഥയിലും കാലത്തിലും അൽപ്പം മാറ്റമുണ്ട്. ദേശം മാറുന്നുമില്ല. വെടിയേറ്റുവീണ ആ ദൃഢഗാത്രൻ കാവൽ നിന്നത് പിറന്നു വീണ, ജീവിച്ചു തീർക്കേണ്ട മണ്ണിന് വേണ്ടിയായിരുന്നു. തെക്കേ അമേരിക്കയിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ. അതിന്റെ പകുതിയിലേറെയും ഉൾക്കൊള്ളുന്ന ബ്രസീലിയൻ സംസ്ഥാനമായ മരാനാവോയിൽ വംശനാശത്തിലേക്ക് നീങ്ങുന്ന ഗ്വജാജര ഗോത്രക്കാർ അധിവസിക്കുന്ന ആരാരിബോയ കാടുകൾ… അവിടെയാണ് ആ യുവാവ് വെടിയേറ്റ് വീണിരിക്കുന്നത്.

ഓ… അതെത്ര അകലെയാണ്…
അവിടെയൊരു യുവാവ്…
അതിനെന്ത്?

ഭൂമി ചുരുങ്ങിച്ചുരുങ്ങി ആറടിയായിത്തീരുന്നത് മരണത്തെ കുറിച്ചുള്ള വലിയ തത്വചിന്തയാണ്. തീവിഴുങ്ങുന്ന ആമസോൺ മഴക്കാടുകളിൽ നിന്ന് ജീവിക്കാനുള്ള മണ്ണിന് വേണ്ടിയുള്ള യഥാർഥ അവകാശികളുടെ പോരാട്ടത്തിന്റെ കഥകൾ കേട്ടുതുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇപ്പോഴിതാ ആറടിമണ്ണിലേക്ക് വിലയം പ്രാപിച്ച ഒരു ധീരരക്തസാക്ഷിയുടെ കഥ മഴക്കാടുകളിൽ ഇടിമുഴക്കം പോലെ ലോകം കേട്ടിരിക്കുന്നു.
പൗലോ പൊലിഞ്ഞോ- അതാണവന് പേര്. അസാധാരണ മനുഷ്യ സംസ്‌കാര ചരിത്രമുള്ള ആമസോൺ കാടുകളുടെ ഉടയോരാണ് ഗോത്ര വിഭാഗമായ ഗ്വജാജരകൾ. മണ്ണിന് വേണ്ടി ജീവത്യാഗം ചെയ്യേണ്ടിവരുന്ന അവിടുത്തെ ഗോത്ര പരമ്പരകളുടെ അവസാന കണ്ണിയാണിപ്പോൾ പൗലോ പൊലീഞ്ഞോ.

ലോകത്തെവിടെയും അനേകായിരം നാടോടിക്കഥകളിൽ, സ്വന്തം മണ്ണിൽ നിന്ന് പാതാളക്കുഴിയിലേക്ക് ചവിട്ടിയിറക്കപ്പെടുന്ന അതേ മണ്ണുടയോരുടെ നേതാവ്…
ഇക്കഴിഞ്ഞ നവംബർ ഒന്നിന് വെള്ളിയാഴ്ചയാണ് അത് നടന്നത്. ലോബോ (ചെന്നായ) എന്ന് വിളിപ്പേരുള്ള പൗലോ പൊലീഞ്ഞോ കൊല്ലപ്പെട്ടു. ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ അനധികൃത മരംകടത്ത് മാഫിയയും തദ്ദേശീയ ഗോത്രങ്ങളും തമ്മിൽ വർധിച്ചുവരുന്ന ഏറ്റുമുട്ടലിലെ ഏറ്റവും ഒടുവിലെ തക്തസാക്ഷിത്വം.
ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് (വനപാലകൻ) എന്ന പരിസ്ഥിതി സംഘത്തിന്റെ ആയുധമെടുത്ത നേതാവായിരുന്നു ലോബോ. ഈ ആയുധമെടുപ്പിന് കാരണമുണ്ട്. ആമസോൺ മഴക്കാടുകൾ കത്തിച്ചും കടത്തിയും തീർന്നുകൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് വേർതിരിക്കപ്പെട്ട ഒരു വനദ്വീപായി മാറിയിട്ടുണ്ട് അരാരിബോയ. ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വനഭൂമിയിലാണ് ബ്രസീലിലെ ഏറ്റവും ദുർബലവും പുറംലോകവുമായി ബന്ധമില്ലാത്തതുമായ അവെ ഗുജ ഗോത്രം വസിക്കുന്നത്. സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതിനെക്കാളും ഗ്വജാജരകളെ ആശങ്കപ്പെടുത്തുന്നുണ്ട്, കേവലം മൂന്നൂറോളം പേർ മാത്രമുള്ള അവെ ഗുജകളുടെ വംശഹത്യ. ഇവർക്ക് വേണ്ടി കൂടിയാണ് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പിന്തുണയോടെ 2012ൽ ഗുജാജരകൾ “ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്” രൂപവത്കരിച്ചത്. ലോബോക്കൊപ്പം 120 ഓളം പേർ കൂടി ചേർന്നപ്പോൾ സംഘത്തിന് ശക്തമായ കാവൽബലമുണ്ടായി. അതിനുള്ള തെളിവാണ് കഴിഞ്ഞ ഏഴ് കൊല്ലത്തിനിടയിൽ അവർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ. കൂട്ടത്തിൽ നിന്ന് അഞ്ച് പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. വനം കടത്തുകാർക്ക് ശക്തമായ വെല്ലുവിളിയായിരുന്നു ഇവരുടെ കാവൽ.
മരം കടത്തും തീവെപ്പും മാത്രമല്ല ഈ മാഫിയകൾ ചെയ്തു വരുന്നത്. അവിടുത്തെ ആദിമ ഗോത്രങ്ങളെ തന്നെയില്ലാതാക്കാൻ അസംഖ്യം കൊലകളും അവർ നടത്തി. ബ്രസീലിലെ തദ്ദേശീയ മിഷനറി കൗൺസിൽ പുറത്തുവിട്ട കണക്ക് പ്രകാരം 2018ൽ മാത്രം 135 ഗോത്ര മനുഷ്യരെയാണ് അവർ കൊന്നൊടുക്കിയത്. 2017നെക്കാൾ 23 ശതമാനം വർധന. തീവ്ര വലതുപക്ഷക്കാരനായ ബ്രീസിൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സാമ്പത്തിക ഉത്തേജന പദ്ധതികൾ കൂടി വന്നതോടെ ഈ മനുഷ്യർക്ക് നേരെയുള്ള അതിക്രമം പിന്നെയും വർധിച്ചു. ഖനനത്തിനും കൃഷിക്കുമായി ഗോത്രഭൂമികൾ മുഴുവൻ കൈയേറാൻ മാഫിയകൾക്ക് മൗനാനുവാദം കൊടുത്തിരിക്കുകയാണ് ഭരണകൂടം. ഉടമകൾ അറിയാതെ അജ്ഞാതർക്ക് ഭൂമി മറിച്ചു വിൽക്കുന്ന മറിമായവും അവിടെ നടക്കുന്നു. അതിന് സമാന്തരമായാണ്, പെൺകുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കി വംശപരമ്പര തന്നെ ഇല്ലാതാക്കാനുള്ള നീക്കം.

പക്ഷേ, ഒരു പൗലോ പൊലീഞ്ഞോയിൽ അവസാനിക്കുന്നതല്ല ഒരു പരിസ്ഥിതി പോരാട്ടത്തിന്റെയും ചരിത്രം.
“ഈ സർക്കാറിന്റെ നടപടികളാൽ തുടച്ചുമാറ്റപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജൈവവൈവിധ്യം നിലനിർത്തുന്നതിൽ ഈ വനഭൂമിക്ക് പ്രധാന പങ്കുണ്ട്. ഞങ്ങൾ മനുഷ്യരാണ്. നിങ്ങളെപ്പോലെ ഞങ്ങൾക്കും രക്തമുണ്ട്, മിസ്റ്റർ പ്രസിഡന്റ്, ഞങ്ങൾ ജനിക്കും, ഞങ്ങൾ വളരും, എന്നിട്ട് ഭൂമിയിലെ ഏതൊരു വ്യക്തിയെയും പോലെ ഈ പുണ്യഭൂമിയിൽ തന്നെ ഞങ്ങൾ മരിക്കുകയും ചെയ്യും. ഞങ്ങൾ ചർച്ചക്ക് തയ്യാറാണ്. പക്ഷേ, സ്വയം പ്രതിരോധിക്കാതിരിക്കാൻ ഞങ്ങൾ ഒരുക്കമല്ല”- പൗലോ പൊലീഞ്ഞോ പെയ്തു തോർന്ന അതേ മഴനിഴൽക്കാട്ടിൽ നിന്ന് അരൂകും അപുരിനയും ബാനിവയുമൊക്കെ ലോബോയുടെ അതേ തീവ്രതയാർന്ന വാക്കുകളിൽ തിമിർത്തു പെയ്യുന്നുണ്ട്. കേവലം മരം പെയ്യലായ് ഒടുങ്ങില്ലത്.

“ഈ രക്തം പതിഞ്ഞിരിക്കുന്നത് നിങ്ങളുടെ കൈകളിലാണ്- പകരം ചോദിക്കുക തന്നെ ചെയ്യും”

ജെയർ ബാൾസോനാരോയുടെ മുഖത്ത് നോക്കി സോണി ഗുജാജര കനപ്പിച്ച് പറയുന്നുണ്ട്.

പോരാട്ടം തുടരുക തന്നെ ചെയ്യും.

Latest