Connect with us

Gulf

അബൂദബി ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കം

Published

|

Last Updated

ഇന്ത്യന്‍ സ്റ്റാളുകളുടെ ഉദ്ഘാടനം പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍വഹിക്കുന്നു

അബൂദബി: എണ്ണ, വാതക മേഖലകളിലെ കണ്ടെത്തലുകളും നൂതന ആശയങ്ങളുമായി അബൂദബി ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് (അഡിപെക്) നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. 167 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം കമ്പനികളാണ് ഊര്‍ജ രംഗത്തെ കണ്ടെത്തലുകളും ഉപകരണങ്ങളുമെല്ലാം പ്രദര്‍ശിപ്പിക്കുന്നത്. എണ്ണ, വാതക മേഖലയിലെ പുത്തന്‍ പ്രവണതകള്‍ മനസിലാക്കാന്‍ ഒന്നര ലക്ഷത്തോളം ആളുകളാണ് അഡിപെകിനെത്തുന്നത്. നാല് ദിവസമായി നടക്കുന്ന160 ഓളം സെഷനുകളില്‍ ആയിരത്തോളം വിദഗ്ധര്‍ അവതരണം നടത്തും. പതിനായിരത്തിലധികം വരുന്ന പ്രതിനിധി സംഘം ഇതിന്റെ ഭാഗമാകും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32 ശതമാനത്തോളം കമ്പനികളാണ് അഡിപെകില്‍ പങ്കെടുക്കാന്‍ സന്നദ്ധതയറിയിച്ച് എത്തിയത്. മിന മേഖല, ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യങ്ങളാണ് പ്രദര്‍ശനത്തില്‍ കൂടുതലും പങ്കെടുക്കുന്നത്. ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലും വ്യവസായ രംഗം ഏറെ സജീവമാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങളാണ് അഡിപെക് അവതരിപ്പിക്കുന്നത്. കടലിലെയും കരയിലെയും എണ്ണ ഗവേഷണം മുതല്‍ ഖനനം, വിതരണം, ശുദ്ധീകരണം, സുരക്ഷ തുടങ്ങിയ എല്ലാ മേഖലകളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചെറിയ ബെയറിംഗുകള്‍ മുതല്‍ അന്തര്‍വാഹിനികള്‍ വരെ നിര്‍മിക്കുന്ന കമ്പനികളാണ് മേളയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഇന്ത്യയില്‍ നിന്നും പൊതു സ്വകാര്യ മേഖകളില്‍ നിന്നുള്ള കമ്പനികളുടെ സ്റ്റാളുകളും അഡിപെകിലുണ്ട്. ഇന്ത്യന്‍ സ്റ്റാളുകളുടെ ഉദ്ഘാടനം പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍വഹിച്ചു.

Latest