Connect with us

Kerala

കിഫ്ബി: അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: കിഫ്ബിയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ധനവകുപ്പിന്റെ അഴിമതിയും സ്വജനപക്ഷപാതവും പുറത്തറിയാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കിഫ്ബി, കിയാല്‍ എന്നിവയുമായി ബന്ധപ്പെട്ട് 20 (2) അനുസരിച്ചുള്ള ഓഡിറ്റ് നടത്തണം. വിശദീകരണം ആവശ്യപ്പെട്ട് സി എ ജി മൂന്നു തവണ കത്തയച്ചത് അവര്‍ വിഡ്ഢികളായതു കൊണ്ടാണോയെന്ന് ചെന്നിത്തല ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സമാന വിഷയം ചോദ്യോത്തര വേളയില്‍ വന്നു കഴിഞ്ഞതാണെന്നും നോട്ടീസില്‍ പ്രകടിപ്പിച്ചിരിക്കുന്ന ആശങ്ക അസ്ഥാനത്താണെന്നും വ്യക്തമാക്കിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെ, പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സഭ ഇന്നത്തേക്കു പിരിയുകയും ചെയ്തു.

ഒക്ടോബര്‍ 29, നവംബര്‍ നാല് തീയതികളില്‍ ഇതേ വിഷയം സഭയില്‍ ചര്‍ച്ചക്ക് വന്നിരുന്നു. ചോദ്യോത്തര വേളയില്‍ വിഷയം വന്ന സ്ഥിതിക്ക് ഒരുതവണ കൂടി ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാനാകില്ലെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. എന്നാല്‍, രണ്ടും രണ്ടായി കാണണമെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള സ്പീക്കര്‍ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും അധികം ആശങ്കയുള്ള, കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തില്‍ ഒരു ചോദ്യം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്പീക്കര്‍ക്കെതിരെ ചെന്നിത്തല രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. അഴിമതി ചൂണ്ടിക്കാട്ടാനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടത്. സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതുമാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം. കിഫ്ബി സംസ്ഥാനത്തിന്റെ ഉത്തേജക പാക്കേജാണെന്ന് ധനവകുപ്പു മന്ത്രി തോമസ് ഐസക് സഭയില്‍ പറഞ്ഞു. വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കിഫ്ബി സി എ ജി ഓഡിറ്റിന് വിധേയമാണ്. സെക്ഷന്‍ 14 (1) പ്രകാരമുള്ള ഓഡിറ്റിന് നിയന്ത്രണമില്ല. കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്നും ഐസക് പറഞ്ഞു.

Latest