വിശ്വാസവും നീതിയും

400 വർഷത്തിലേറെ കാലം പഴയ ഔധിലെയും അയോധ്യയിലെയും മുസ്്ലിംകൾ തലമുറകളായി നിസ്കരിച്ചുപോന്ന പള്ളിയാണ് ബാബരി മസ്ജിദ്. അത് നിലനിൽക്കുന്ന 2.77 ഏക്കർ സ്ഥലം രാമജന്മഭൂമിയാണെന്നും അതുകൊണ്ടുതന്നെ അത് രാമക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കണമെന്നുമാണ് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിട്ടുള്ളത്.
Posted on: November 12, 2019 12:26 pm | Last updated: November 12, 2019 at 12:26 pm

ബാബരി കേസിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ എല്ലാവരും കാത്തിരുന്ന വിധി വന്നു. വളരെ വിവേകത്തോടെയും സംയമനത്തോടെയുമാണ് മതനിരപേക്ഷ ജനാധിപത്യശക്തികളും ഇന്ത്യൻ ജനതയാകെയും വിധിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധി നമ്മുടെ മതനിരപേക്ഷ ജനാധിപത്യബോധം ആവശ്യപ്പെടുന്ന നീതി ഉറപ്പുവരുത്തിയോ എന്ന സംശയം വിധിന്യായം കേൾക്കുകയും വായിക്കുകയും ചെയ്ത എല്ലാവരിൽ നിന്നും ഉയർന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ നിയമാനുസൃതമായി വിധി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായവും ശക്തമായി ഉയർന്നിട്ടുണ്ട്.

400 വർഷത്തിലേറെ കാലം പഴയ ഔധിലെയും അയോധ്യയിലെയും മുസ്‌ലിംകൾ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളിയാണ് ബാബരി മസ്ജിദ്. അത് നിലനിൽക്കുന്ന 2.77 ഏക്കർ സ്ഥലം രാമജന്മഭൂമിയാണെന്നും അതുകൊണ്ടുതന്നെ അത് രാമക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കണമെന്നുമാണ് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിട്ടുള്ളത്. അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിയനുസരിച്ച് തർക്കത്തിൽ കക്ഷികളായ സുന്നി വഖഫ് ബോർഡിനും നിർമ്മോഹി ഖാഡക്കും രാമലല്ലയ്ക്കും പതിച്ചുനൽകിയ ഭൂമിയാണ് ഇപ്പോൾ സുപ്രീം കോടതി രാമവിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ ട്രസ്റ്റുണ്ടാക്കുകയും ഭൂമി അവർക്ക് കൈമാറുകയും ചെയ്യണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അതോടൊപ്പം അഞ്ചേക്കർ ഭൂമി അയോധ്യയിൽ തന്നെ കണ്ടെത്തി സുന്നി വഖഫ് ബോർഡിന് നൽകണം.

ഈ വിധിയെ വിശകലനം ചെയ്തുകൊണ്ട് ഡോ. റൊമീളാ ഥാപർ പറഞ്ഞത്; ചരിത്രത്തെ റദ്ദ് ചെയ്ത് വിശ്വാസത്തെ അവലംബമാക്കിയാണ് കോടതി വിധി പറഞ്ഞതെന്നാണ്. ഒമ്പത് ലക്ഷം വർഷങ്ങൾക്കുമുമ്പ് ത്രേതായുഗത്തിൽ രാമൻ അയോധ്യയിൽ ജനിച്ചുവെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് രാമജന്മഭൂമി പ്രശ്‌നം ഉയർത്തുന്നതും ഹിന്ദുത്വശക്തികൾ ബാബരി മസ്ജിദിനെ തർക്കപ്രശ്‌നമാക്കി മാറ്റുന്നതും. 1528ൽ ബാബറുടെ സൈനിക തലവൻ പണിത പള്ളിക്കടിയിൽ രാമക്ഷേത്രമുണ്ടായിരുന്നുവെന്ന് കോടതിക്കും നിഗമനത്തിലെത്താനായിട്ടില്ല. അവിടെ ഒരു നിർമിതിയുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നുവെന്നതു മാത്രമാണ് ശരിവെക്കപ്പെട്ടിട്ടുള്ളത്.

ആർക്കിയോളജിക്കൽ സർവേയുടെ അഭിപ്രായത്തിൽ ഊന്നിനിന്നുകൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വിധിയും സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്നാണ് പ്രമുഖ ചരിത്രകാരനായ ഡോ. കെ എൻ പണിക്കർ നിരീക്ഷിക്കുന്നത്. യഥാർഥത്തിൽ വിശ്വാസത്തെ അവലംബമാക്കിയതു വഴി കോടതി സംഘ്പരിവാർ ആഗ്രഹിച്ചരീതിയിൽ തർക്കഭൂമി ക്ഷേത്രനിർമാണത്തിനേൽപ്പിച്ചുകൊടുക്കുന്നതിയിലേക്കാണ് എത്തിയത്. ചരിത്രത്തെയും പ്രമാണങ്ങളെയും അടിസ്ഥാനമാക്കിയുള്ള തെളിവുകൾക്കുപകരം വിശ്വാസത്തെ അവലംബമാക്കേണ്ടിവരുമ്പോഴുള്ള സങ്കീർണതകളും സംശയങ്ങളും വിധിന്യായത്തിൽ അന്തർലീനമായി കിടക്കുന്നുണ്ട്. അത്തരം സംശയങ്ങളും വിധി പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഒരു ജനാധിപത്യ സമൂഹത്തിൽ സ്വാഭാവികമായും ഉണ്ടാകും. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി അംഗീകരിക്കുമ്പോൾ തന്നെ അതിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും റിവ്യൂ ചെയ്യുവാനും നിയമം തന്നെ അനുമതി നൽകുന്നുണ്ട്. അയോധ്യ വിധിയെ പരിശോധിച്ചുകൊണ്ട് ജസ്റ്റിസ് ഗാംഗുലി വിധിയിലെ ശരികേടുകൾ വിശകലനം ചെയ്ത് വസ്തുതാപരമായി വിമർശിക്കുന്നുണ്ട്. 1949 ഡിസംബർ 22ന് പള്ളിക്കകത്തേക്ക് അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചതും 1992 ഡിസംബർ ആറിന് പള്ളി പൊളിച്ചതും നിയമവിരുദ്ധ പ്രവർത്തനമായി അംഗീകരിച്ച കോടതിയുടെ വിധിപ്രസ്താവനയിൽ വിശ്വാസത്തെ നിയമത്തിന്റെ മേൽ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. ഇത് ഈ വിധിയിലെ ചിന്തനീയമായ വൈരുധ്യമാണെന്നും പല നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

ബാബരി മസ്ജിദ് തർക്കപ്രശ്‌നമാക്കിയത് അയോധ്യയിലെ ഹിന്ദുക്കൾക്കിടയിലും മുസ്‌ലിംകൾക്കിടയിലും വർഗീയമായ വേർതിരിവ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ബ്രിട്ടീഷ് കൊളോണിയൽ ശക്തികളാണ് അയോധ്യയിലും മസ്ജിദിനെ കേന്ദ്രമാക്കി വേർതിരിവുകൾ സൃഷ്ടിച്ചത്. അതവരുടെ ഭിന്നിപ്പിക്കുക ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ബാബർ പള്ളി പണിത് മൂന്ന് നൂറ്റാണ്ടിനു ശേഷമാണ് 1850ൽ അയോധ്യയിൽ ഹിന്ദു- മുസ്‌ലിം സംഘർഷമുണ്ടാകുന്നത്. അതേതുടർന്നാണ് ഫൈസാബാദ് ജില്ലാ ഭരണാധികാരികൾ മസ്ജിദിന് പുറത്ത് രാംഛബൂത്ര അനുവദിക്കുന്നതും ഹിന്ദുക്കൾക്ക് ആരാധനാസ്വാതന്ത്ര്യം കൊടുക്കുന്നതും. കോടതി നിരീക്ഷിക്കുന്നതുപോലെ രാംഛബൂത്രയിൽ ഹിന്ദുക്കൾക്ക് ആരാധനക്കുള്ള സ്വാതന്ത്ര്യമല്ലാതെ ഭൂമിയിൽ ഉടമാവകാശം നൽകിയിരുന്നില്ല. 1885ലാണ് മഹന്ത് രഘുബീർദാസ് എന്നൊരാളാണ് മസ്ജിദിന് പുറത്ത് ക്ഷേത്രം പണിയാൻ അനുമതി ചോദിച്ച് ഫൈസാബാദ് ജില്ലാകോടതിയെ സമീപിക്കുന്നത്. കോടതി അദ്ദേഹത്തിന്റെ ഹരജി തള്ളുകയാണ് ഉണ്ടായത്. 1949വരെ ഈ സ്ഥിതി തുടർന്നു. ഗാന്ധിവധത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ സംഘ്പരിവാർ ഗൂഢാലോചനയാണ് 1949 ഡിസംബർ 22നും 29നു ഇടയിലെ രാത്രിയിൽ ബാബരി മസ്ജിദിനകത്തേക്ക് രാമവിഗ്രഹം ഒളിച്ചുകടത്തി പ്രതിഷ്ഠിക്കുന്നതിലേക്കെത്തിയത്. ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ രാമചരിതമാനസ് എന്ന പേരിൽ ഒമ്പത് ദിവസമായി നടന്ന അഖണ്ഡനാമാചരണത്തിന്റെ സമാപന ദിവസമായിരുന്നു ഈ അതിക്രമം നടന്നത്. എന്നിട്ടവർ രാമവിഗ്രഹം പള്ളിക്കകത്ത് സ്വയംഭൂ ആയതാണെന്ന് പ്രചാരണം നടത്തുകയായിരുന്നു.
സുന്നി വഖഫ് ബോർഡും അക്കാലത്ത് ഫൈസാബാദ് മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിരുന്ന ആചാര്യ നരേന്ദ്രദേവും ഈ കടന്നുകയറ്റത്തിൽ ശക്തമായി പ്രതിഷേധിച്ചു. കോൺഗ്രസിന്റെ ഫൈസാബാദ് ജില്ലാ പ്രസിഡന്റ് ബ്രഹ്മചാരി ഉൾപ്പെടെയുള്ള നേതാക്കൾ ഹിന്ദു മഹാസഭയുടെ കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നു. എന്നാൽ യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തും മറ്റ് കോൺഗ്രസ് നേതാക്കളും ഹിന്ദു മഹാസഭയോടൊപ്പം ചേർന്ന് മസ്ജിദിനകത്ത് വിഗ്രഹം സ്ഥാപിച്ചതിനെ ന്യായീകരിക്കുകയും പള്ളി തർക്കഭൂമിയാക്കി പൂട്ടിയിടുകയുമാണ് ചെയ്തത്. പള്ളിയിൽ അതിക്രമിച്ചുകടന്ന് സ്ഥാപിച്ച വിഗ്രഹങ്ങൾ എടുത്തുമാറ്റണമെന്ന പ്രധാനമന്ത്രി നെഹ്‌റുവിന്റെ അഭ്യർഥനകൾ പോലും കാറ്റിൽപറത്തുകയാണ് യു പിയിലെ കോൺഗ്രസ് സർക്കാറും ഫൈസാബാദ് ഭരണകൂടവും ഹിന്ദുമഹാസഭയോടൊപ്പം ചേർന്ന് പള്ളി തർക്കഭൂമിയാക്കിയത്. ഇപ്പോഴുള്ള വ്യവഹാരങ്ങളുടെ ചരിത്രം ആരംഭിക്കുന്നതും ഈയൊരു സാഹചര്യത്തിൽ നിന്നാണ്.

1950ൽ ഗോപാൽഷിംലാവിശാരദ് എന്നൊരാൾ രാംലല്ലയിൽ പൂജ നടത്താൻ കോടതിയിൽ ഹരജി നൽകി. അതേ വർഷം തന്നെ പരമഹംസ് രാമചന്ദ്രദാസ് എന്നൊരാൾ സ്ഥിരം പൂജക്ക് സൗകര്യം ചോദിച്ച് കോടതിയെ സമീപിച്ചു. 1959ൽ ഭൂമിയുടെ ഉടമസ്ഥാവകാശം ചോദിച്ച് നിർമോഹി അഖാഡ കേസ് ഫയൽ ചെയ്തതോടെയാണ് കോടതി വ്യവഹാരങ്ങൾ സജീവമായത്. ഇതിനെതിരെ 1961ൽ യു പി സുന്നി വഖഫ്‌ബോർഡ് നാലാമതൊരു ഹരജി കൂടി ഫയൽ ചെയ്യുന്നുണ്ട്. 1986ലാണ് ഫൈസാബാദ് ജില്ലാകോടതി തർക്കഭൂമിയായി പൂട്ടിയിട്ട പള്ളി ഹിന്ദുക്കൾക്ക് തുറന്നുനൽകാൻ ഉത്തരവിട്ടത്. അന്നത്തെ എൻ ഡി തിവാരിയുടെ നേതൃത്വത്തിലുള്ള യു പി സർക്കാറും രാജീവ്ഗാന്ധി നേതൃത്വം കൊടുത്ത കേന്ദ്ര സർക്കാറും ആ വിധിക്കെതിരെ അപ്പീൽപോകാനുള്ള നടപടിക്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന് പള്ളി ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കാൻ തിടുക്കം കാണിക്കുകയായിരുന്നു. അതോടെയാണ് ബാബരി മസ്ജിദ് പ്രശ്‌നം ഇന്ത്യൻ രാഷ്ട്രീയത്തിൽ തീക്ഷ്ണമായത്. പിന്നെ രാജ്യം കണ്ടത് ബാബരി മസ്ജിദ് പൊളിച്ചു നീക്കുന്നതാണ്.
1994ലാണ് സുന്നി വഖഫ് ബോർഡ് നൽകിയതുൾപ്പെടെയുള്ള കേസുകൾ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ കോടതിയിലെത്തുന്നത്.

സാക്ഷ്യപ്പെടുത്താനാകാത്ത ഒന്നിനെ വിശ്വസിക്കാനാകില്ലെന്ന പ്രസ്താവനയോടെയാണ് സുപ്രീം കോടതി ആ വിധി സ്റ്റേ ചെയ്തത്. ഇപ്പോഴിതാ അന്തിമ വിധി വന്നിരിക്കുന്നു, ഒരു പാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട്. ഇന്ത്യൻ ജനജീവിതത്തെ വർഗീയവത്കരിക്കുകയും മതധ്രുവീകരണവും കലാപവും പടർത്തിയ അയോധ്യ തർക്കത്തിന് നിയമപരമായ പരിഹാരമുണ്ടാകണമെന്നത് സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമാണ്. അത് നിയമത്തെയും അതിന്റെ രീതികളെയും ആശ്രയിച്ചായിരിക്കണമെന്നത് ഭരണഘടനക്കും നീതിക്കുംവേണ്ടി നിലകൊള്ളുന്നവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.