വിധിയും സന്ദിഗ്ധതകളും

ഹിന്ദുക്കളുടെ മുഴുവന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനാണ് സംഘ്പരിവാരം ശ്രമിച്ചതൊക്കെയും. രാമജന്മ ഭൂമിയെന്ന് അവര്‍ അവകാശപ്പെടുന്ന അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് രാജ്യത്തെ ആകെ ഹിന്ദുക്കളുടെ ആവശ്യമായി അവര്‍ ചിത്രീകരിച്ചു. അതിന് അടിവരയിടുകയാണ് വിധി.
Posted on: November 10, 2019 11:25 am | Last updated: November 12, 2019 at 11:28 am


ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വിഭജിച്ച് നിര്‍മോഹി അഖാഡയ്ക്കും രാം ലല്ല വിരാജ്മാനും സുന്നി വഖ്ഫ് ബോര്‍ഡിനുമായി വീതംവെച്ച അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചിന്റെ വിധി റദ്ദാക്കി, ഭൂമി മുഴുവന്‍ ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചിരിക്കുന്നു. ഇതോടെ ഭരണഘടനയും അതിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നിര്‍മിക്കപ്പെട്ട നിയമങ്ങളും അതിന്റെ പരിപാലനവുമാണോ ഭൂരിപക്ഷ മതത്തിന്റെ വിശ്വാസ പ്രമാണങ്ങളാണോ രാജ്യത്ത് പ്രധാനമെന്നതില്‍ കൂടി വ്യക്തത വരികയാണ്. ഭൂരിപക്ഷത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ചാണ് രാജ്യം ഇനിയങ്ങോട്ട് ചലിക്കേണ്ടത് എന്ന് ഭരണകൂടവും അതിനെ പിന്തുണക്കുന്ന സംഘ്പരിവാര്‍ സംഘടനകളും നേരത്തേ മുതല്‍ വ്യക്തമാക്കിയതിന് പരമോന്നത കോടതിയുടെ കൂടി അംഗീകാരം ലഭിച്ചിരിക്കുന്നുവെന്ന് സംശയിക്കേണ്ടി വരും.

ബാബരി മസ്ജിദ് നിലനിന്ന ഭൂമിക്കുമേല്‍ അവകാശമുന്നയിച്ചത് ചില വ്യക്തികളോ സംഘടനകളോ മാത്രമായിരുന്നു. സ്വാതന്ത്ര്യാനന്തരം കേസുകളില്‍ കക്ഷികളായത് നിര്‍മോഹി അഖാഡയും രാം ലല്ല വിരാജ്മാനും (കുഞ്ഞായ ശ്രീരാമന് വേണ്ടി രക്ഷിതാവ് കേസ് നടത്തി), വിശ്വഹിന്ദു പരിഷത്ത് രൂപവത്കരിച്ച രാം ജന്മഭൂമി ട്രസ്റ്റും ഹിന്ദു മഹാസഭയുമൊക്കെയാണ്. ബാബരി മസ്ജിദിനുള്ളിലാണ് രാമന്‍ ജനിച്ച സ്ഥലമെന്ന് അവകാശപ്പെട്ടതും ഇവരാണ്. ആ വാദം രാജ്യത്തെ മൊത്തം ഹിന്ദുക്കളുടേതാണെന്ന് അംഗീകരിക്കുകയാണ് സുപ്രീം കോടതി. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയാന്തരീക്ഷം ഭരണഘടനയില്‍ എഴുതിവെച്ചിരിക്കുന്ന ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രമെന്ന സങ്കല്‍പ്പത്തെ നിലനിര്‍ത്താന്‍ ഉതകുന്നതാണോ എന്ന് ന്യായമായും സംശയിക്കേണ്ടിവരും. രാജ്യത്തെ ഹിന്ദുക്കളുടെ മുഴുവന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനാണ് സംഘ്പരിവാരം ഏറെക്കാലമായി ശ്രമിക്കുന്നത്. രാമജന്മ ഭൂമിയെന്ന് അവര്‍ അവകാശപ്പെടുന്ന അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് രാജ്യത്തെ ആകെ ഹിന്ദുക്കളുടെ ആവശ്യമായി ചിത്രീകരിക്കുകയാണ് ചെയ്തിരുന്നത്. അതിന് അറിഞ്ഞോ അറിയാതെയോ അടിവരയിടുകയാണ് ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന വിധി.

തകര്‍ക്കപ്പെട്ട പള്ളിക്കുള്ളിലാണ് രാമന്‍ ജനിച്ച സ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുണ്ടെന്നും ആ വിശ്വാസം നിലനില്‍ക്കുന്നതല്ലെന്ന് തെളിയിക്കാന്‍ സാക്ഷി മൊഴികള്‍ക്കോ രേഖകള്‍ക്കോ സാധിച്ചില്ലെന്നുമാണ് കോടതി പറയുന്നത്. രാമന്‍ ജനിച്ച സ്ഥലം പള്ളിക്കുള്ളിലായിരുന്നുവെന്ന വിശ്വാസത്തിന് തെളിവുണ്ടെന്നിരിക്കെ കോടതിക്ക് അതംഗീകരിച്ചേ മതിയാകൂ എന്നും. തര്‍ക്കത്തെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ കമ്പിവേലി കെട്ടിത്തിരിച്ചതിന് ശേഷവും ഹിന്ദുക്കള്‍ പള്ളിക്കുള്ളിലേക്ക് നോക്കി പ്രാര്‍ഥന നടത്തിയിരുന്നുവെന്നതാണ് രാമന്‍ ജനിച്ച സ്ഥലം പള്ളിക്കുള്ളിലാണെന്നതിന് തെളിവായി ഭരണഘടനാ ബഞ്ച് ചൂണ്ടിക്കാട്ടുന്നത്. ഒരു കൂട്ടമാളുകള്‍ മുന്‍കാലത്ത് അവ്വിധം പ്രാര്‍ഥിച്ചിരുന്നുവെന്നത് രാമന്റെ ജനന സ്ഥലത്തിന്റെ തെളിവായി അംഗീകരിക്കുമ്പോള്‍ ഏതാണ്ട് നാല് നൂറ്റാണ്ട് (കോടതി വിധിയനുസരിച്ച് 1949 വരെ) മുസ്‌ലിംകള്‍ ആ പള്ളിക്കുള്ളില്‍ നിസ്‌കരിച്ചിരുന്നുവെന്നത് അവരുടെ വിശ്വാസത്തിന് തെളിവായി അംഗീകരിക്കാന്‍ കോടതി തയ്യാറാകുന്നില്ല.

1949 ഡിസംബര്‍ 22നും 23നും ഇടയിലുള്ള രാത്രിയില്‍ പള്ളിയില്‍ അതിക്രമിച്ച് കടന്നാണ് വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് എന്ന് അലഹാബാദ് ഹൈക്കോടതിയും സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചും സമ്മതിക്കുന്നുണ്ട്. ഇങ്ങനെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത്, പള്ളിക്കു മേല്‍ അവകാശമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ലേ എന്ന സാധാരണ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കോടതികള്‍ തയ്യാറാകുന്നില്ല. കോടതിയുടെ മുന്നിലുണ്ടായിരുന്നത് ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കമാണ്. മസ്ജിദ് നിര്‍മിക്കപ്പെട്ട കാലം മുതല്‍ ആ ഭൂമി തങ്ങളുടെ ഉടമസ്ഥതയിലായിരുന്നുവെന്ന് തെളിയിക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിന് സാധിച്ചില്ലെന്ന് കോടതി പറയുന്നു. 1528ലെ ഭൂമിയുടെ അടിയാധാരം ഈ നൂറ്റാണ്ടില്‍ ഹാജരാക്കപ്പെടുമെന്ന് കരുതുന്നത് തന്നെ അബദ്ധം. ഭൂമി തങ്ങളുടേതാണ് എന്ന് അവകാശപ്പെട്ട നിര്‍മോഹി അഖാഡയടക്കമുള്ള കക്ഷികള്‍ ഏതെങ്കിലും രേഖകള്‍ തെളിവായി ഹാജരാക്കിയതായി അറിവില്ല. സുന്നി വഖ്ഫ് ബോര്‍ഡിന്റെ വാദങ്ങള്‍ക്ക് തെളിവായി രേഖകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കോടതി, രാമജന്മ ഭൂമിയെന്ന വാദത്തിന് വിശ്വാസം മാത്രം തെളിവായി മതിയെന്ന് പറയുന്നത് യുക്തിസഹമാണോ?

വൈരുധ്യങ്ങള്‍ അങ്ങനെ പലത് കാണാനാകും ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍. ആ വൈരുധ്യങ്ങള്‍ നിലനില്‍ക്കെ തന്നെ വിധിയെ സ്വീകരിക്കാന്‍ ഭൂമിയില്‍ അവകാശം നഷ്ടപ്പെട്ട സംഘടനകളും അതുള്‍ക്കൊള്ളുന്ന സമുദായവും തയ്യാറായേക്കും. വര്‍ഷങ്ങളായി ജനത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ആസൂത്രിതമായി ഉപയോഗിച്ച ‘തര്‍ക്കം’ ഇല്ലാതാകുന്നുവെന്നതില്‍ ഒരുപരിധി വരെ അവരും ആശ്വസിക്കുന്നുണ്ടാകും. ഇനിയങ്ങോട്ട് രാമജന്മ ഭൂമി കൈയേറി, അവിടെയുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്ത് പള്ളി പണിതവര്‍ എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരില്ലെന്നും അതിന്റെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന സംഘര്‍ഷങ്ങള്‍ക്ക് ഇരയാകേണ്ടി വരില്ലെന്നും അവര്‍ കരുതുന്നുമുണ്ടാകും. അതൊക്കെ സംഭവിച്ചാലും ന്യായാന്യായ വിവേചനം നടത്തി തീര്‍പ്പ് കല്‍പ്പിക്കേണ്ട സംവിധാനം ഭൂരിപക്ഷ മതവിശ്വാസത്തെ ആധാരമാക്കി വിധി കല്‍പ്പിക്കുമ്പോള്‍ നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന, ഹിന്ദുത്വ വര്‍ഗീയതയെ അംഗീകരിക്കാന്‍ സാധിക്കാത്ത വലിയൊരു വിഭാഗത്തിന്, അത് ബാബരി ഭൂമിയില്‍ അവകാശം നഷ്ടപ്പെട്ട ന്യൂനപക്ഷ സമുദായം മാത്രമല്ല, നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസത്തെയാണ് ബാധിക്കുന്നത്.

നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത തകരുന്നത് ജനാധിപത്യത്തിന്റെ ഭാവിയെ തന്നെ ഇല്ലാതാക്കുമെന്ന് സുപ്രീം കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് പറഞ്ഞ നാല് ജഡ്ജിമാര്‍ക്കൊപ്പമുണ്ടായിരുന്നു ബാബരി കേസില്‍ വിധി പുറപ്പെടുവിച്ച, ഭരണഘടനാ ബഞ്ചിന് അധ്യക്ഷത വഹിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. വിശ്വാസങ്ങളെ ആധാരമാക്കുകയും അതിനുള്ള തെളിവുകളെ നിരാകരിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്നെ ആശങ്കപ്പെട്ട അവസ്ഥയിലേക്ക് ജുഡീഷ്യറി എത്തിപ്പെട്ടു കഴിഞ്ഞോ എന്ന് സംശയിക്കേണ്ടി വരും. ഇത്തരമൊരു വിധി പുറപ്പെടുവിക്കുമ്പോള്‍ അഞ്ചംഗങ്ങളിലൊരാള്‍ പോലും വിയോജിച്ചില്ലെന്നതും ജുഡീഷ്യറിയുടെ വിശ്വാസ്യതയെക്കുറിച്ചും ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.