Connect with us

Editorial

എങ്കിലും കോടതിയെ ഞങ്ങള്‍ മാനിക്കുന്നു

Published

|

Last Updated

നീതിപീഠത്തില്‍ വിശ്വാസമര്‍പ്പിച്ചവരെ നിരാശപ്പെടുത്തുന്നതാണ് ബാബരി കേസില്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിപ്രസ്താവം. 1992ല്‍ സംഘ്പരിവാറിന്റെ മുഷ്ടിബലത്തില്‍ മസ്ജിദ് കെട്ടിടം നഷ്ടമായ മുസ്‌ലിംകള്‍ക്ക് ഇന്നലത്തെ കോടതി വിധിയോടെ മസ്ജിദിന്റെ വഖ്ഫ് ഭൂമിയും നഷ്ടമായി. ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.7 ഏക്കര്‍ വരുന്ന ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചിന്റെ വിധി. ഭൂമിയുടെ അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിക്കുന്ന ട്രസ്റ്റിനായിരിക്കും. മുസ്‌ലിംകള്‍ക്ക് പള്ളി പണിയാന്‍ സര്‍ക്കാര്‍ അയോധ്യയില്‍ മറ്റെവിടെയെങ്കിലും അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നു വിധിയില്‍ പറയുന്നുണ്ട്.
പരിപാവനവും പവിത്രവുമാണ് മുസ്‌ലിംകള്‍ക്ക് പള്ളിയും അതിന്റെ ഭൂമിയും. സ്രഷ്ടാവിന്റെ ഭവനമാണതെന്നാണ് അവരുടെ വിശ്വാസം. പള്ളിയായി നിശ്ചയിക്കപ്പെട്ട സ്ഥലം തരം മാറ്റാനോ മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ലെന്നാണ് ഇസ്‌ലാമിക പാഠം. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ അയോധ്യയില്‍ പള്ളി നിര്‍മിക്കുകയും അത് നാല് നൂറ്റാണ്ടിലേറെ നിലനില്‍ക്കുകയും ചെയ്ത കാര്യം കോടതി അംഗീകരിക്കുന്നുണ്ട്. ബാബര്‍ ചക്രവര്‍ത്തി പള്ളി പണിതിട്ടില്ലെന്ന ശിയാ വഖ്ഫ് ബോര്‍ഡിന്റെ വാദം കോടതി തള്ളുകയും ചെയ്തു.

എല്ലാ മതങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഭക്തരുടെ വികാരം മാനിക്കേണ്ടതുണ്ടെന്നുമുള്ള ആമുഖത്തോടെയാണ് കോടതി വിധി പ്രസ്താവം തുടങ്ങിയത്. എന്നാല്‍ രാമക്ഷേത്ര ഭക്തരുടെ വിശ്വാസം കണക്കിലെടുത്ത് മസ്ജിദ് ഭൂമി ഹിന്ദുത്വര്‍ക്ക് വിട്ടുകൊടുത്ത കോടതിക്ക് എന്തുകൊണ്ടോ വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ വെച്ചു പുലര്‍ത്തുന്ന വിശ്വാസം മാനിക്കാനായില്ല. മതേതരത്വവും തുല്യതയും ഉയര്‍ത്തിപ്പിടിക്കുമെന്ന് കോടതി തുടക്കത്തില്‍ പറയുന്നുണ്ട്. പക്ഷേ, കോടതി വിധിയില്‍ എവിടെ തുല്യത? മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത് കൊണ്ട് വിധിയില്‍ തുല്യത പുലര്‍ത്താന്‍ ആയെന്നാണോ? അയോധ്യയിലെവിടെയെങ്കിലും അഞ്ചേക്കര്‍ ഭൂമി വാങ്ങി പള്ളി പണിയുകയെന്നത് മുസ്‌ലിംകള്‍ക്ക് അത്ര പ്രയാസമുള്ള കാര്യമല്ല. അതായിരുന്നില്ല അവര്‍ നീതിപീഠത്തോടാവശ്യപ്പെട്ടത്. നാല് നൂറ്റാണ്ടിലേറെ മസ്ജിദ് ഭൂമിയായി അംഗീകരിക്കപ്പെട്ട സ്ഥലം അവകാശികള്‍ക്ക് വിട്ടുകിട്ടണമെന്നായിരുന്നു.

മസ്ജിദ് ഭൂമിയില്‍ ഖനനം നടത്തിയപ്പോള്‍ ക്ഷേത്ര സ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടാണ് ഭൂമി ക്ഷേത്രത്തിനു വിട്ടുകൊടുക്കാന്‍ കോടതി അവലംബിച്ച ഒരു തെളിവ്. 2003ല്‍ ആറ് മാസം നീണ്ട പരിശോധനക്ക് ശേഷം അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രസ്തുത റിപ്പോര്‍ട്ടില്‍ പള്ളിക്ക് താഴെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നാണ് അവകാശവാദം. എന്നാല്‍ പുരാതന ക്ഷേത്രങ്ങളുടെ പ്ലാനുമായി യാതൊരു ബന്ധവുമില്ലാത്ത അവശിഷ്ടങ്ങളാണ് അന്നവര്‍ക്ക് ലഭിച്ചതെന്ന് 2010ല്‍ പുരാവസ്തു ഗവേഷകരായ സുപ്രിയ വര്‍മയും ജയ മേനോനും എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. പുരാവസ്തു വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്നും എന്‍ ഡി എ സര്‍ക്കാറിന്റെ സമ്മര്‍ദത്തിന് വഴങ്ങിയായിരുന്നു 2003ലെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ ഗവേഷണ നാടകമെന്നുമാണ് ഇരുവരും പറയുന്നത്. അന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ബി ആര്‍ മണിയെ 2016ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നാഷണല്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ച കാര്യവും സുപ്രിയ വര്‍മ എടുത്തു പറയുന്നു.

അയോധ്യയാണ് രാമന്റെ ജന്മസ്ഥലമെന്ന ഹിന്ദുത്വരുടെ വിശ്വാസത്തിനു തെളിവുണ്ടെന്നാണ് കോടതിയുടെ മറ്റൊരു ന്യായം. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ ഭാഗമായി 1861ല്‍ ഫൈസാബാദിലെ കമ്മീഷണര്‍ ആന്‍ഡ് സെറ്റില്‍മെന്റ് ഓഫീസര്‍ ഒരു പുസ്തകം പുറത്തിറക്കിയതോടെയാണ് ഇത്തരമൊരു വാദം ഉടലെടുത്തത്. “1528ല്‍ ബാബര്‍ അയോധ്യ സന്ദര്‍ശിച്ചതായും അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം ജന്മസ്ഥാനിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്തതായും തോന്നുന്നു”വെന്ന ഒരു പരാമര്‍ശമുണ്ട് പ്രസ്തുത ഗ്രന്ഥത്തില്‍. അയാളുടെ ആ തോന്നലാണ് കള്ള തെളിവുകള്‍ പടച്ചുണ്ടാക്കാനും ബാബരി മസ്ജിദിന്റെ മേല്‍ അവകാശമുന്നയിക്കാനും സംഘ്പരിവാറിന് അവസരമൊരുക്കിക്കൊടുത്തത്. അതിനു മുമ്പ് ബാബരി മസ്ജിദിന്റെ കാര്യത്തില്‍ സ്ഥലത്തെ ഹിന്ദുക്കളാരും അവകാശവാദം ഉന്നയിച്ചിരുന്നില്ല.
മസ്ജിദില്‍ അവകാശമുന്നയിച്ചു ഹിന്ദുത്വര്‍ ആദ്യമായി കോടതി കയറുന്നത് 1885 ജനുവരി 29നാണ്. ബാബരി ഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് അന്ന് മഹന്ത് രഘുബീര്‍ദാസ് സമര്‍പ്പിച്ച ഹരജി പക്ഷേ ഫൈസാബാദ് കോടതി തള്ളി. ഇതിനെതിരെ ഫൈസാബാദ് ജില്ലാ കോടതിയിലും ജുഡീഷ്യല്‍ കമ്മീഷണര്‍ക്കും സമര്‍പ്പിച്ച അപ്പീലുകളും തള്ളിപ്പോയി. അതോടെ ബ്രിട്ടീഷ് ഭരണകാലത്തെ ഇതുസംബന്ധിച്ച നിയമ പോരാട്ടം അവസാനിച്ചതാണ്. പിന്നീട് 1949ല്‍ രാത്രിയുടെ മറവില്‍ പള്ളിയില്‍ രാമന്റെ വിഗ്രഹം സ്ഥാപിച്ചതോടെയാണ് വീണ്ടും ഈ അവകാശത്തര്‍ക്കം ശക്തമായി ഉയര്‍ന്നു വരുന്നത്.

ഭരണഘടന ഉറപ്പ് നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങള്‍ക്കുള്ള പരിരക്ഷ തുടങ്ങിയവയെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇന്നലത്തെ വിധി പ്രസ്താവമെങ്കിലും ജനാധിപത്യ വ്യവസ്ഥിതിയില്‍ കോടതികള്‍ക്കുള്ള സ്ഥാനം അംഗീകരിക്കാനും മാനിക്കാനും തങ്ങള്‍ ബാധ്യസ്ഥരാണെന്നു അവര്‍ നേരത്തേ പലവുരു വ്യക്തമാക്കിയതാണ്. എന്നും സമാധാനത്തിന്റെ വഴിയിലൂടെയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ സഞ്ചരിച്ചത്. കോടതിയെയും ഭരണകൂടത്തെയും നോക്കുകുത്തിയാക്കി സംഘ്പരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ പോലും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അവര്‍ തുനിഞ്ഞിരുന്നില്ല. സമാധാനത്തിനു ഭംഗം വരുത്തുന്ന ഒരു നീക്കവും ഉണ്ടാകരുതെന്ന് പണ്ഡിത നേതൃത്വവും നേതാക്കളും അണികളോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്.