Connect with us

Editorial

കോടതികളും മാധ്യമങ്ങളും തമ്മില്‍ നല്ല ബന്ധം

Published

|

Last Updated

നിലനില്‍ക്കേണ്ടതിന്റെ അനിവാര്യതയാണ് കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് യാത്രയയപ്പ് ചടങ്ങില്‍ അടിവരയിട്ടു പറഞ്ഞത്. ഹൈക്കോടതിയില്‍ നിന്ന് മാധ്യമങ്ങളെ അകറ്റി നിർത്തരുത്. പ്രത്യുത അവിടെ നടക്കുന്നത് പൊതു ജനങ്ങള്‍ക്ക് അറിയാനാകാത്ത സ്ഥിതിയുണ്ടാകും. സുതാര്യത നീതിയുടെ മുഖമുദ്രയാണ്. ഹൈക്കോടതി ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു സുതാര്യത ഉറപ്പാക്കുന്ന രാജ്യത്തെ ആദ്യ കോടതിയായി കേരള ഹൈക്കോടതി മാറണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെടെയുള്ള ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്ത ചടങ്ങില്‍ ജസ്റ്റിസ് ചിദംബരേഷ് ഉണര്‍ത്തി.

വാര്‍ത്തകള്‍ ശേഖരിക്കാനായി മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുന്നത് അഭിഭാഷകര്‍ തടയുകയും കേസന്വേഷണ വിവരങ്ങള്‍ പത്രങ്ങളിലൂടെ ജനങ്ങള്‍ അറിയുന്നതിലുള്ള അനിഷ്ടത്താല്‍ ചില വ്യവഹാര നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യരുതെന്ന് ന്യായാധിപര്‍ തന്നെ നിര്‍ദേശിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്. കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ പൊതുനിരത്തില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തെ കോടതികളില്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് ഇപ്പോഴും പൂര്‍ണമായി നീങ്ങിയിട്ടില്ല. മുന്‍ സംസ്ഥാന ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സാമൂഹിക, രാഷ്ട്രീയ രംഗത്തെ നേതാക്കള്‍ എന്നിവരുള്‍പ്പെടെ ഇടപെട്ടിട്ടും അഭിഭാഷകര്‍ ഇപ്പോഴും കോടതി വളപ്പില്‍ കയറാന്‍ അനുവദിക്കുന്നില്ല. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പുത്രന്‍ ജയ് ഷാക്കെതിരായ അഴിമതി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അഹ്മദാബാദ് കോടതിയും ചവറ എം എല്‍ എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിന് കരുനാഗപ്പള്ളി സബ്‌കോടതിയും ബെംഗളൂരു ബി ജെ പി നേതാവ് തേജസ്വി സൂര്യക്കെതിരായ “മീ ടൂ” വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ബെംഗളൂരു സിവില്‍ കോടതിയും വിലക്കേര്‍പ്പെടുത്തുകയുണ്ടായി. ഇവിടെയാണ് ജസ്റ്റിസ് വി ചിദംബരേഷിന്റെ പ്രസ്താവനയുടെ പ്രസക്തി.
അറിയാനും അഭിപ്രായം പറയാനും ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തെ ഏറ്റവും മികച്ച ഭരണരൂപമാക്കി മാറ്റുന്നത്. ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യവും തുല്യനീതിയും ജനങ്ങള്‍ക്കു ലഭ്യമാകണമെങ്കില്‍ നീതിന്യായ വ്യവസ്ഥ ആവശ്യമാണ്. അങ്ങനെ ലഭ്യമാകുന്ന സ്വാതന്ത്ര്യം പ്രകടിപ്പിക്കണമെങ്കില്‍ മാധ്യമങ്ങളും വേണം. പൗരന്മാരുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഊന്നിപ്പറയുന്ന കോടതി വിധികള്‍ ധാരാളം വന്നിട്ടുണ്ട്. ഗുജറാത്തിലെ സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണാ നടപടികള്‍ പത്രമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതു വിലക്കിയ സി ബി ഐ കോടതിയുടെ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി നടത്തിയ വിധിപ്രസ്താവം കൂടുതല്‍ ശ്രദ്ധേയമാണ്. “ഭരണപരമായ നീതിക്കു ചട്ടപ്രകാരമുള്ള തത്വങ്ങളുണ്ട്. നീതി ഉറപ്പായും നടപ്പാക്കപ്പെടുന്നതിനെക്കുറിച്ചു മാത്രമല്ല, നടപ്പാക്കുന്നതു സംബന്ധിച്ച മാധ്യമങ്ങളുടെ നിരീക്ഷണത്തെയും തടയാന്‍ വിചാരണക്കോടതിക്കോ പ്രതിഭാഗം അഭിഭാഷകര്‍ക്കോ അധികാരമില്ല. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങള്‍ക്ക് അറിയാനുമുള്ള അവകാശങ്ങളുണ്ട്.

മാധ്യമങ്ങളുടെ അവകാശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനാവകാശവുമായി ബന്ധപ്പെട്ടു കിടക്കുന്നു”വെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് 2016 ആഗസ്റ്റില്‍ വിവാദ സന്യാസി ആശാറാം ബാപ്പുവിന്റെ ലൈംഗികാരോപണ കേസ് പരിഗണനാ വേളയില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചും വ്യക്തമാക്കി. മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നത്. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനാകില്ലെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു.

“അഭിപ്രായം പറയുന്നതിനും പ്രകടിപ്പിക്കുന്നതിനും ഭൂമിശാസ്ത്രപരമായ അതിരുകളില്ല. ഇതോടൊപ്പം ചേര്‍ത്തു പറയേണ്ട പൗരന്റെ അവകാശമാണ് വിവരം ശേഖരിക്കാനും ചിന്തകള്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് കൈമാറാനുമുള്ള അവകാശ”മെന്നാണ് മേനകാ ഗാന്ധിയും ഇന്ത്യന്‍ യൂനിയനും ഉള്‍പ്പെട്ട കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്.

കോടതികള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്താ സ്വാതന്ത്ര്യത്തിന്റെ സുപ്രധാന സ്രോതസ്സാണ്. നിരോധനത്തിന്റെ മതില്‍ കെട്ടി മാധ്യമങ്ങളെ പടിക്കു പുറത്തു നിര്‍ത്താന്‍ കോടതികള്‍ക്ക് അധികാരമില്ല. മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ട ബാധ്യത കോടതികള്‍ക്കുണ്ടെന്നും ആ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന എല്ലാ നിയമങ്ങളും ഭരണപരമായ നടപടികളും അസാധുവാക്കേണ്ട ഉത്തരവാദിത്തം കോടതികള്‍ക്കുണ്ടെന്നും കേന്ദ്ര സര്‍ക്കാറും ഇന്ത്യന്‍ എക്‌സ്പ്രസ്സും തമ്മിലുള്ള കേസിലും സുപ്രീം കോടതി ഉണര്‍ത്തിയതാണ്.

പരസ്പരം ആശ്രിതരാണ് ഈ രണ്ട് വിഭാഗങ്ങളും. മാധ്യമങ്ങളെ പാടേ മാറ്റിനിര്‍ത്താന്‍ ജുഡീഷ്യറിക്കാകില്ല. മുന്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുടെ കാലത്ത് കോടതി ശരിയായ ദിശയിലായിരുന്നില്ലെന്നു ജനങ്ങളെ അറിയിക്കാന്‍ സുപ്രീം കോടതിയിലെ തന്നെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ആശ്രയിച്ചത് മാധ്യമങ്ങളെയായിരുന്നു. അതുപോലെ മാധ്യമങ്ങള്‍ക്ക് കോടതികളേയും ആവശ്യമായി വരും പലപ്പോഴും. മാധ്യമങ്ങളെ അകാരണമായി നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ ഒരുമ്പെടുമ്പോള്‍ തടയിടാനുള്ളത് കോടതികളാണ്. അഭിപ്രായത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ മാധ്യമങ്ങളും കോടതികളും പരസ്പര സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.