Connect with us

Eduline

ബയോളജിക്കല്‍ സയന്‍സിലെ ഗവേഷകര്‍ക്ക്് കേംബ്രിഡ്ജില്‍ തുടര്‍ പഠനത്തിന് അവസരം

Published

|

Last Updated

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ബയോളജിക്കല്‍ സയന്‍സസില്‍ ഉയര്‍ന്നതലത്തിലുള്ള തുടര്‍ഗവേഷണം നടത്താന്‍ പി എച്ച് ഡിക്കാര്‍ക്ക് അവസരം. ഹെര്‍ഷല്‍ സ്മിത് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പദ്ധതിപ്രകാരം സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലാണ് (എസ് ബി എസ്), 2020 ഒക്‌ടോബര്‍ ഒന്നുമുതല്‍ പരമാവധി മൂന്നു വര്‍ഷത്തേക്ക് ഫുള്‍ ടൈം ഗവേഷണത്തിന് അവസരം ലഭിക്കുക.
ഫിസിക്കല്‍ സയന്‍സസ് മേഖലയുമായി ബന്ധപ്പെട്ട (കംപ്യൂട്ടേഷണല്‍, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്കല്‍, സിന്തറ്റിക് ബയോളജി, സിസ്റ്റംസ് ബയോളജി തുടങ്ങിയ സമീപനങ്ങള്‍ ഉപയോഗിച്ച്) പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഫിസിക്കല്‍ സയന്‍സസ് മേഖലയിലെ സഹപ്രവര്‍ത്തകരുമായി ഗവേഷണ ബന്ധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

കേംബ്രിഡ്ജ്/ഹാര്‍വാഡ് സര്‍വകലാശാലകളില്‍ നിന്നൊഴികെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം പി എച്ച് ഡി ലഭിച്ചവരായിരിക്കണം. അവാര്‍ഡ് ലഭിക്കുന്നപക്ഷം അത് ഏറ്റെടുത്തു തുടങ്ങുന്ന സമയത്ത് അപേക്ഷാര്‍ഥിയുടെ പോസ്റ്റ് ഡോക്ടറല്‍ പരിചയം മൂന്നുവര്‍ഷത്തില്‍ താഴെയാകണം. എന്നിവയാണ് യോഗ്യതകള്‍.

വാര്‍ഷിക ഫെലോഷിപ്പ് സ്റ്റൈപന്‍ഡ് 32,816 പൗണ്ടിനും 40,322 പൗണ്ടിനും ഇടക്കായിരിക്കും (ഏകദേശം 30,19,000 രൂപക്കും 37,10,000 രൂപക്കും ഇടയില്‍ വരും). ഇതിന് പുറമെ 15,000 പൗണ്ടുവരെ (ഏകദേശം 13,80,000 രൂപ) വാര്‍ഷിക ഗവേഷണ ബത്തയും ലഭിക്കും.

ഫെലോഷിപ്പ് കാലയളവിലേക്ക് അപേക്ഷാര്‍ഥിയെ സ്വീകരിക്കാനും ഗവേഷണത്തിനുവേണ്ട പിന്തുണ നല്‍കാനും സന്നദ്ധത പ്രകടിപ്പിക്കുന്ന കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഒരു എസ് ബി എസ് വകുപ്പിന്റെയോ റിസര്‍ച്ച് ഗ്രൂപ്പിന്റെയോ അനുമതി സ്‌കോളര്‍ഷിപ്പ് അപേക്ഷ നല്‍കുന്നതിനുമുമ്പായി കണ്ടെത്തി ഇവരുടെ സമ്മതപത്രം അപേക്ഷക്കൊപ്പം നല്‍കണം.

സമ്മതപത്രത്തിനുപുറമേ ഗവേഷണ സംഗ്രഹം (ഒരു പേജില്‍) വിശദാംശങ്ങള്‍ (നാല് പേജില്‍) കരിക്കുലം വിറ്റേ (മൂന്ന് പേജ്), മൂന്ന് റഫറികളുടെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. റഫറന്‍സുകള്‍ ജനുവരി 17നകം ലഭിക്കണം. ഡിസംബര്‍ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.