Connect with us

Eduline

എസ് എസ് എല്‍ സി പരീക്ഷയില്‍ പാഠ്യേതര മികവിന് ഗ്രേസ് മാര്‍ക്ക്

Published

|

Last Updated

എസ് എസ് എല്‍ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര വിഷയങ്ങളിലെ മികവിന് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച വിജ്ഞാപനം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 2020 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ് എസ് എല്‍ സി പരീക്ഷാ വിജ്ഞാപനത്തോടൊപ്പമാണ് ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച നിര്‍ദേശമുള്ളത്. ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനിടെയാണ് വിജ്ഞാപനം.

ഇതിന്റെ ഭാഗമായി നടപ്പ് അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്കിന്റെ വിവരങ്ങള്‍ ഫെബ്രുവരി 28നു മുമ്പായി ഓണ്‍ലൈനായി പരീക്ഷാ സെക്രട്ടറിക്കു ലഭ്യമാക്കണമെന്ന് സര്‍ക്കുലര്‍ വഴി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതില്‍ മാറ്റം വരാമെന്ന മുന്നറിയിപ്പും സര്‍ക്കുലറില്‍ നല്‍കുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവം, അറബിക് കലോത്സവം, സംസ്‌കൃതോത്സവം, സ്‌പെഷ്യല്‍സ്‌കൂള്‍ കലോത്സവം, ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ ടി മേള, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് (രാഷ്ട്രപതി അവാര്‍ഡ്, രാജ്യപുരസ്‌കാര്‍), ജെ ആര്‍ സി, ദേശീയ/സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്, എന്‍ സി സി, എസ് പി സി പദ്ധതികളിലെ അര്‍ഹതപ്പെട്ടവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കുക. ഒപ്പം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സംസ്ഥാന തലത്തില്‍ നടത്തുന്ന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, അക്വാട്ടിക് മീറ്റ്, സ്‌കൂള്‍ ഗെയിംസ് ഫെസ്റ്റിവല്‍ മത്സരങ്ങളിൽ നിശ്ചിത സ്ഥാനം നേടുന്നവര്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നവര്‍ക്കും നാഷനല്‍ സ്‌കൂള്‍ മീറ്റിൽ പങ്കെടുക്കുന്നവര്‍ക്കും ഗ്രേസ്മാര്‍ക്കിന് യോഗ്യതയുണ്ടാകും. ദേശീയ-സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്, സ്‌പോര്‍ട്‌സ് ഗെയിംസ് ഇനങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും മറ്റു വിഭാഗങ്ങളില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുമാണ് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത്. അര്‍ഹരായവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായായിരിക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കുക.

അതേസമയം ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനെതിരേ സി ബി എസ് ഇ വിദ്യാര്‍ഥികൾ നൽകിയ ഹരജിയിൽ, ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷകളില്‍ പഠിച്ചു നേടുന്നവരെ ഗ്രേസ് മാര്‍ക്കിന്റെ മികവിൽ മറ്റുള്ളവര്‍ പിന്തള്ളുന്നത് നീതികേടാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സി ബി എസ് ഇ വിദ്യാര്‍ഥികളുടെ ഹരജി.
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Latest