Connect with us

National

സേനയെ മെരുക്കാന്‍ ബി ജെ പിക്കായില്ല: ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

Published

|

Last Updated

മുംബൈ: നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യ സര്‍ക്കാര്‍ സാധ്യത എങ്ങുമെത്താതായതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡ്‌നാവിസ് രാജിവെച്ചു. രണ്ടര വര്‍ഷത്തെ മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ മാത്രം സഖ്യ സര്‍ക്കാര്‍ എന്ന നിലപാടില്‍ നിന്ന് ശിവസേനയെ പിന്തിരിപ്പിക്കാന്‍ അവസാഘട്ടത്തില്‍ ആര്‍ എസ് എസിനെ ബി ജെ പി രംഗത്തിറക്കിരുന്നു. എന്നാല്‍ നിലപാടില്‍ നിന്ന് ഒരു അടി പോലും പിന്നോട്ട് പോകാന്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തയ്യാറാകാതിരുന്നതോടെയാണ് സര്‍ക്കാര്‍ രൂപവത്ക്കരണ ശ്രമത്തില്‍ നിന്ന് പിന്‍മാറി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചത്. ഗവര്‍ണറെകണ്ട് രാജികത്ത് സമര്‍പ്പിച്ച ഫഡ്‌നാവിസിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ബി ജെ പി മന്ത്രിമാര്‍ക്കൊപ്പമാണ് ഫഡ്‌നാവിസ് ഗവര്‍ണറുടെ വസതിയിലെത്തിയത്.

രാജി കൈമാറി പുറത്തുവന്ന ഫഡ്‌നാവിസ് ശിവസേനക്കെതിരെ ആഞ്ഞടിച്ചു. ശിവസേനയുടെ പ്രകോപനം അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഒരു വാഗ്ദാനവും ശിവസേനക്ക് നല്‍കിയിരുന്നില്ല. പല തവണ നേരിട്ട് കാണാന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്ദവ് താക്കറെ തയ്യാറായില്ല. സഖ്യമായി മത്സരിച്ചിട്ടും ശിവസേന ചര്‍ച്ച നടത്തിയത് പ്രതിപക്ഷവുമായിട്ടാണ്. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ തന്നോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ രൂപവത്ക്കരണ ശ്രമത്തില്‍ നിന്ന് ബി ജെ പി ഇപ്പോഴും പിന്‍മാറിയിട്ടില്ല. ഇതിനുള്ള ചര്‍ച്ചകളും ശ്രമങ്ങള്‍ തുടരുകയാണ്. അടുത്ത ഒരു മുഖ്യമന്ത്രി ചുമതലയേല്‍ക്കുകയാണെങ്കില്‍ അത് ബി ജെ പിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷവും പിന്തുണച്ചതിന് ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

നാളെ വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നവിസിന് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സാവകാശം ഉള്ളത്. ഇതിനുള്ളില്‍ എങ്ങനെങ്കിലും പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനാണ് ബി ജെ പി അണിയറയില്‍ ശ്രമിക്കുന്നത്. എന്നാല്‍ എന്‍ സി പി സഖ്യ സര്‍ക്കാറിന് ഇല്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ശിവസേന വീണ്ടും ഒരു ശ്രമംകൂടി തുടങ്ങി. ശരദ് പവാറിനെ കാണാന്‍ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്റെ വസതിയിലെത്തി. എന്നാല്‍ ബി ജെ പി- ശിവസേന സര്‍ക്കാറിനാണ് ജനവിധിയെന്ന നിലപാടിലാണ് പവാര്‍ ഇപ്പോഴുമുള്ളെതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ എം എല്‍ എമാരെ തട്ടിക്കൊണ്ടുപോകാന്‍ നീക്കമുണ്ടെന്നും ഇവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

അതിനിടെ ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ പവാര്‍ നേരത്തേ തള്ളിയതാണെന്നും പുതിയ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും എന്‍ സി പി നേതാവ് നവാബ് മാലിക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതി ഭരണം നടപ്പാക്കി സംസ്ഥാനത്തെ അപമാനിക്കുത് ജനങ്ങള്‍ ക്ഷമിക്കില്ലെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.