Connect with us

Editorial

നെഹ്‌റു മ്യൂസിയത്തിലും സംഘ്പരിവാര്‍ ആധിപത്യം

Published

|

Last Updated

ഡല്‍ഹി തീന്‍മൂര്‍ത്തി ഭവനിലെ നെഹ്‌റു മ്യൂസിയം എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമുള്ള മ്യൂസിയമാക്കി മാറ്റാനുള്ള തീരുമാനത്തിനു പിന്നാലെ ഇതിന്റെ ഭരണ സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ ഒന്നടങ്കം ഒഴിവാക്കി പുനഃസംഘടിപ്പിച്ച കേന്ദ്ര നടപടി വിവാദമായിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിംഗ് എന്നിവരെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, രമേശ് പൊഖ്രിയാല്‍, പ്രകാശ് ജാവ്ദേക്കര്‍, വി മുരളീധരന്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, ഐ സി സി ആര്‍ ചെയര്‍മാന്‍ വിനയ് സഹസ്രബ്‌ധെ, പ്രസാര്‍ ഭാരതി ചെയര്‍മാന്‍ എ സൂര്യപ്രകാശ് തുടങ്ങിയവരാണ് പുനഃസംഘടിപ്പിക്കപ്പെട്ട സൊസൈറ്റിയിലെ മറ്റു അംഗങ്ങള്‍.

2018 നവംബര്‍ ആദ്യത്തില്‍ സൊസൈറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ നിതിന്‍ ദേശായി, പ്രൊഫ. ഉദയന്‍ മിശ്ര, ബി പി സിംഗ് എന്നിവരെ ഒഴിവാക്കി സംഘ്പരിവാര്‍ അനുകൂലികളായ റിപ്പബ്ലിക്കന്‍ ടി വി. എം ഡി അർണബ് ഗോസ്വാമി, മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, ഇന്ദിരാ ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ചെയര്‍മാന്‍ റാംബഹദൂര്‍ റായ് എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ പുനഃസംഘടനയോടെ ഭരണസമിതി പൂര്‍ണമായും സംഘ്പരിവാര്‍ നിയന്ത്രണത്തിലായിക്കഴിഞ്ഞു.

നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീന്‍മൂര്‍ത്തി ഭവന്‍. നെഹ്‌റുവിന്റെ കാലശേഷമാണ് ഇത് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍ എം എം എല്‍) യാക്കി മാറ്റിയത്. മോദി അധികാരത്തില്‍ വന്ന ശേഷമാണ് മ്യൂസിയം വിപുലീകരിച്ചു മോദിയുള്‍പ്പെടെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും ചരിത്രം ഉള്‍ക്കൊള്ളുന്ന സ്മാരകമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. 10,975.36 ചതുരശ്ര മീറ്ററില്‍ 271 കോടി രൂപ ചെലവാക്കി നിര്‍മിക്കുന്ന പുതിയ മ്യൂസിയത്തിന്റെ ശിലാസ്ഥാപന കര്‍മം ഇതിനിടെ കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ നിര്‍വഹിക്കുകയുണ്ടായി. പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാനമന്ത്രിമാരുടെ ജീവിതത്തില്‍ നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുമെന്ന് മന്ത്രി അന്ന് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.

നെഹ്‌റു മ്യൂസിയം ജനറല്‍ ബോഡി യോഗത്തില്‍ പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞതായും ഭൂരിഭാഗം അംഗങ്ങളും അനുകൂലാഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നുമാണ് പുതിയ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ശക്തി സിന്‍ഹ പറയുന്നത്. എന്നാല്‍ നെഹ്‌റു മ്യൂസിയം ബോര്‍ഡ് അംഗങ്ങളായിരുന്ന ജയറാം രമേശും ചരിത്രകാരന്‍ നയന്‍ജോത് ലാഹിരിയും ഇത് നിഷേധിക്കുന്നു. ജനറല്‍ ബോഡിയില്‍ പുതിയ മ്യൂസിയം നിര്‍മാണം സംബന്ധിച്ചു അഭിപ്രായം തേടലോ വോട്ടിംഗോ ഉണ്ടായിട്ടില്ലെന്നാണ് അവര്‍ തറപ്പിച്ചു പറയുന്നത്. മാത്രമല്ല, കാലപ്പഴക്കത്താല്‍ നെഹ്‌റു മ്യൂസിയത്തിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും നയന്‍ജോത് ലാഹിരി പറയുന്നു. എന്‍ എം എം എല്‍ ചെയര്‍മാന്റെ ഓഫീസ് ഒഴികെ മറ്റെവിടെയും കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷക കേന്ദ്രമായ പാര്‍ലിമെന്റ് സെന്‍ട്രല്‍ ഹാളിന്റെ ഇന്‍സ്റ്റാളേഷന്‍ അടച്ചിട്ടിരിക്കുകയുമാണ്. നെഹ്‌റു മ്യൂസിയത്തോട് കാണിക്കുന്ന ഈ അവഗണനയും തീന്‍മൂര്‍ത്തി ഭവനില്‍ തന്നെ പുതിയ മ്യൂസിയം പണിയുന്നതും നെഹ്‌റുവിന്റെ പ്രാധാന്യം കുറച്ചു കാണിക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടമില്ലാത്ത സംഘ്പരിവാറിന്റെ കണ്ണിലെ കരടാണ് സ്വാതന്ത്ര്യസമര നായകന്മാര്‍, വിശിഷ്യാ ജവഹര്‍ലാല്‍ നെഹ്‌റു. ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്തും വളച്ചൊടിച്ചും ദേശീയ സമര നായകന്മാരെ തമസ്‌കരിക്കാനുള്ള നീക്കമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്താനായി സംഘ്പരിവാര്‍ ഇന്റര്‍നെറ്റിലൂടെയുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ- ആഫ്രിക്ക മൂന്നാമത് ഉച്ചകോടിയില്‍ പ്രഥമ പ്രധാനമന്ത്രിയും ആഫ്രോ- ഏഷ്യന്‍ ഐക്യത്തിന്റെ ശക്തനായ വക്താവുമായിരുന്ന നെഹ്‌റുവിന് അര്‍ഹിക്കുന്ന ഓര്‍മ നല്‍കാതിരിക്കാനും ചരിത്രപരമായ പങ്ക് വിസ്മരിക്കാനും മോദി സര്‍ക്കാര്‍ നടത്തിയ ബോധപൂര്‍വമായ ശ്രമവും സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമായിരുന്നു.

നെഹ്‌റുവേതര പ്രധാനമന്ത്രിമാര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ പരിചയപ്പെടുത്തുന്ന സ്മാരകങ്ങള്‍ സ്ഥാപിക്കുന്നതില്‍ ആര്‍ക്കും വിയോജിപ്പില്ല. അത് പക്ഷേ, തീന്‍മൂര്‍ത്തി ഭവനില്‍ തന്നെ വേണോയെന്നതാണ് പ്രശ്‌നം. മൂന്ന് നിലകളുള്ള കെട്ടിടമാണ് പുതിയ മ്യൂസിയത്തിനായി പണിയുകയെന്നു ശിലാസ്ഥാപന വേളയില്‍ മന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കിയതാണ്. ഇതുവഴി പഴയ നെഹ്‌റു മ്യൂസിയത്തിന്റെ ആകര്‍ഷണീയത കുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ വക്താവ്, ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് അന്താരാഷ്ട്ര മുഖം നേടിക്കൊടുത്ത സമര നായകന്‍, ഇന്ത്യയുടെ ആണവ, ബഹിരാകാശ ദൗത്യങ്ങള്‍ക്ക് തുടക്കമിട്ട ഭരണാധികാരി, ആഫ്രിക്ക- ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് യത്‌നിച്ച ഭരണാധികാരി തുടങ്ങി ഇതര പ്രധാനമന്ത്രിമാര്‍ക്കില്ലാത്ത നിരവധി സവിശേഷതകളുണ്ട് നെഹ്‌റുവിന്.

അതുകൊണ്ടാണ് ഇന്ത്യ- ആഫ്രിക്ക ഉച്ചകോടിയില്‍ നരേന്ദ്ര മോദി നെഹ്‌റുവിനെക്കുറിച്ച് നിശ്ശബ്ദത പുലര്‍ത്തിയിട്ടും നിരവധി ആഫ്രിക്കന്‍ നേതാക്കള്‍ നെഹ്‌റുവിനെ ആദരപൂര്‍വം ഓര്‍ത്തത്. രാജ്യത്തിനും ജനങ്ങള്‍ക്കും നല്ലത് ചെയ്താലേ ഭരണാധികാരിയെന്ന നിലയില്‍ ചരിത്രം ഓര്‍ക്കുകയുള്ളൂ.

Latest