Connect with us

National

കര്‍താര്‍പുര്‍ തീര്‍ഥാടനം: പാസ്‌പോര്‍ട്ട് നിര്‍ബന്ധമെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ ഗുരുദ്വാര സന്ദര്‍ശിക്കുന്നവര്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കരുതണമെന്ന് ഇന്ത്യ. ഗുരുദ്വാരയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമില്ലെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ട് വേണമെന്ന് പാക് കരസേന വക്താവ് ഇതു തിരുത്തി. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് അഭിപ്രായ വിത്യാസം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വന്തം പൗരന്‍മാരുടെ സുരക്ഷക്കായി പാസ്‌പോര്‍ട്ട് കൊണ്ടുപോകണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സന്ദര്‍ശകര്‍ക്ക് പാസ്‌പോര്‍ട്ട് വേണമെന്നത് സംബന്ധിച്ച് പാക്കിസ്ഥാന്റെ ഭാഗത്ത് അഭിപ്രായ വിത്യാസമുണ്ട്. അവിടത്തെ വിദേശകരാര്യ മന്ത്രാലയവും മറ്റ് ഏജന്‍സികളും തമ്മില്‍ ധാരണയില്ലാത്തതാണ് പ്രശ്‌നം. എന്നാല്‍ നമ്മള്‍ അവരുമായുണ്ടാക്കിയ ധാരണ പാസ്‌പോര്‍ട്ട് വേണമെന്നതാണ്- വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

അതിനിടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുന്നതിന് കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സുഹൃത്തുമായ നവജോത് സിംഗ് സിദ്ധുവിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കര്‍താര്‍പുര്‍ വഴി ഗുരുദ്വാരയിലേക്ക് ആദ്യ ഇന്ത്യന്‍ സംഘത്തോടൊപ്പം പോകാനാണ് അനുമതിയെന്നാണ് റിപ്പോര്‍ട്ട്.  മൂന്ന് തവണ കേന്ദ്രത്തിന് കത്ത് എഴുതിയതിന് ശേഷമാണ് സിദ്ധുവിന് കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.