Connect with us

Ongoing News

പതിരില്ലാത്ത പ്രവചനങ്ങൾ

Published

|

Last Updated

പ്രവാചകൻമാരുടെ പ്രവാചകത്വത്തിന് തെളിവായി അല്ലാഹു നൽകുന്ന അമാനുഷിക സിദ്ധിയാണ് മുഅ്ജിസത്ത്. ഒരാളുടെ ഹൃദയത്തിലുള്ള ചിന്തകളും ആലോചനകളും രഹസ്യ നീക്കങ്ങളുമെല്ലാം മുഅ്ജിസത്തിന്റെ ഭാഗമായി പ്രവാചകൻമാർക്ക് അല്ലാഹു കാണിച്ചു കൊടുക്കും. അത്തരം പ്രവചനങ്ങളാണ് പലരേയും സൻമാർഗത്തിലേക്കെത്തിച്ചത്. തന്നേയും അനുയായികളേയും കഠിനമായി ഉപദ്രവിച്ച മക്കയിലെ ശത്രുക്കളെ ഹിജ്‌റ എട്ടാം വർഷം നബി(സ) രക്തരഹിത വിപ്ലവത്തിലൂടെ കീഴടക്കി. ലോകചരിത്രത്തിൽ സമാനതകളില്ലാത്ത വിട്ടുവീഴ്ചയാണ് അവരോട് തിരുനബി(സ) കാണിച്ചത്. ഈ പെരുമാറ്റത്തിൽ ആകൃഷ്ടരായി മഹാഭൂരിപക്ഷമാളുകളും വിശുദ്ധ മതം സ്വീകരിച്ചെങ്കിലും ഒറ്റപ്പെട്ട ചിലർ കടുത്ത പകയും പ്രതികാര ബുദ്ധിയും വെച്ചുപുലർത്തി. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഫളാലത്ത്ബ്‌നു ഉമൈറുലൈസി.

അദ്ദേഹം മുസ്‌ലിമായി അഭിനയിച്ചു, നബി(സ)യെ വധിക്കാൻ പദ്ധതിയിട്ടു. വിഷം പുരട്ടിയ കഠാര അരയിൽ കരുതി അദ്ദേഹം വിശുദ്ധ കഅ്ബയിലേക്ക് നടന്നു. നബി(സ) വിശുദ്ധ ഗേഹത്തെ പ്രദക്ഷിണം ചെയ്യുകയായിരുന്നു. ഫളാല ചുണ്ടുകൾ കൊണ്ട് എന്തോ ചൊല്ലുന്നത് പോലെ കാണിച്ച് പ്രവാചകരുടെ പിന്നിൽ കൂടി. അവസരം ഒത്തുവന്നാൽ കുത്തിമലർത്തണം എന്നായിരുന്നു പ്ലാൻ. പെട്ടന്ന് പ്രവാചകർ തിരിഞ്ഞു നോക്കി ചോദിച്ചു: താങ്കളല്ലേ ഫളാല? അദ്ദേഹം പറഞ്ഞു: അതേ. എന്താ താങ്കളുടെ മനസ്സിലെ പ്ലാൻ? ഫളാല പറഞ്ഞു ഞാൻ ദിക്‌ർ ചൊല്ലുകയാണ്. ഉടനെ ഫളാലയുടെ നെഞ്ചത്ത് കൈ വെച്ച് കൊണ്ട് നബി(സ) പറഞ്ഞു, ഫളാല നീ അല്ലാഹുവോട് മാപ്പ് ചോദിക്കുക.

തന്റെ പ്ലാൻ നബി(സ) തിരിച്ചറിഞ്ഞുവെന്ന് ബോധ്യം വന്ന ഫളാല പിന്നീട് പറഞ്ഞു, മുത്ത് നബി(സ) എന്റെ നെഞ്ചിൽ നിന്ന് കൈ എടുത്തതോടെ എന്റെ പകയും വിദ്വേഷവും മാറി. അതോടെ മറ്റാരെക്കാളും എനിക്ക് സ്‌നേഹം മുത്തനബി(സ)യോടായി തീർന്നു. മക്കയിലെ ശത്രു സൈന്യത്തിന്റെ നായകനായിരുന്ന അബുസുഫ്‌യാൻ(റ) പതിനായിരം വരുന്ന സൈന്യവുമായി മക്ക ജയിച്ചടക്കാൻ വരുമ്പോൾ അദ്ദേഹത്തെ മുസ്‌ലിം സേന പിടികൂടി നബി(സ)യുടെ മുന്നിൽ ഹാജരാക്കി. നബി(സ) അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചുവെങ്കിലും മനസ്സിൽ വിശ്വാസമുറച്ചിരുന്നില്ല. അടുത്ത ദിവസം മക്കാ നിവാസികളെല്ലാം നബി(സ) തങ്ങളെ ഭരണാധികാരിയായി ബൈഅത്ത് ചെയ്യുന്നത് തെല്ലൊരമർഷത്തോടെയും അസൂയയോടെയുമാണ് അദ്ദേഹം നോക്കിക്കണ്ടത്. അദ്ദേഹത്തിന്റെ ചിന്ത കാടു കയറി, ഒരിക്കൽ കൂടി പ്രവാചകർക്കെതിരെ പട നയിച്ചാലോ? സ്വഫാ കുന്നിന് താഴെയിരുന്നു ഒറ്റക്ക് ആലോചനയിൽ മുഴുകുകയാണ് അബു സുഫ്‌യാൻ. പെട്ടന്ന് തിരുദൂതർ(സ) പിറകിലൂടെ വന്ന് അബുസുഫ്‌യാന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു: എങ്കിൽ അല്ലാഹു താങ്കളെ പരാജയപ്പെടുത്തും. ഇത് കേട്ട അബുസുഫ്‌യാൻ ഇപ്രകാരം പറഞ്ഞു. ഇതുവരെ അങ്ങ് അല്ലാഹുവിന്റെ ദൂതരാണെന്ന് എനിക്ക് ബോധ്യം വന്നില്ലായിരുന്നു. എന്റെ മനതാരിലുള്ളതാണ് അങ്ങ് വെളിപ്പെടുത്തിയത്. (ബൈഹഖി). തുടർന്ന് ഇസ്‌ലാമിൽ മനസ്സുകൊണ്ട് തന്നെ കടന്നുവന്ന അബുസുഫ്‌യാൻ(റ) തന്റെ രണ്ട് കണ്ണുകളും ജീവിതകാലത്ത് തന്നെ ഇസ്‌ലാമിനു വേണ്ടി സമർപ്പിക്കുകയും പിന്നീട് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. പ്രവാചകരുടെ പ്രവചനങ്ങൾ കേവല ഊഹങ്ങളോ നിഗമനങ്ങളോ അല്ല. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വെളിപ്പെടുത്തലുകളാണ്. അല്ലാഹുവാണ് ആ അറിവ് തനിക്ക് നൽകുന്നത് എന്ന് പറയുക വഴി താൻ ദൈവദൂരതാണെന്ന യാഥാർഥ്യം നബി(സ) സ്ഥിരപ്പെടുത്തുകയാണ്.

---- facebook comment plugin here -----

Latest