Connect with us

Ongoing News

കരുണാവാൻ നബി മണിമുത്തുരത്‌നമോ?

Published

|

Last Updated

ലോകത്തിനാകെ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ ഞാൻ അയച്ചിട്ടില്ല എന്ന വിശുദ്ധ ഖുർആൻ വചനം അന്വർഥമാക്കുന്നതായിരുന്നു മുത്ത് നബി (സ)യുടെ സ്‌നേഹ പ്രകടനം. സ്‌നേഹം, കാരുണ്യം, ആർദ്രത, അലിവ്, കൃപ തുടങ്ങി മനുഷ്യർ മറ്റുള്ളവരിൽ നിന്ന് ലഭിക്കാൻ കൊതിക്കുന്ന എല്ലാ നന്മകളും ആവശ്യത്തിലധികം വാരിക്കോരി നൽകാൻ സാധിച്ചിരുന്നുവെന്നത് നബി(സ)യുടെ പല പ്രത്യേകതകളിൽ ഒന്ന് മാത്രമായിരുന്നു.

അക്ഷരാർഥത്തിൽ നബി (സ) ഒരു സ്‌നേഹ സാഗരമായിരുന്നു. അതിൽ നിന്ന് വഴിഞ്ഞൊഴുകിയ സ്‌നേഹപാനം അൽപമെങ്കിലും കോരിക്കുടിക്കാത്തവർ ആരുമില്ല തന്നെ. കുട്ടികൾക്കും മുതിർന്നവർക്കും ആണിനും പെണ്ണിനും കുബേരനും കുചേലനും കറുത്തവനും വെളുത്തവനും സമ്പന്നനും പാവപ്പെട്ടവനുമെല്ലാം വേണ്ടുവോളം ആ പാനം പകർന്നു നൽകി.
വെറുപ്പിന്റെ മുഖം മുത്തുനബി (സ)ക്കുണ്ടായിരുന്നില്ല. നബി (സ)യെ കുറിച്ച് ഓർക്കുമ്പോൾ പുഞ്ചിരിക്കുന്ന മുഖമല്ലാതെ ഒരാളുടെ മനസ്സിലും പതിഞ്ഞിരുന്നില്ല. പത്ത് വർഷം മദീനയിൽ നബി (സ)യുടെ സേവകനാകാൻ ഭാഗ്യം ലഭിച്ച അനസ്ബ്‌നു മാലിക് (റ) പറയുന്നത് “ഇത്രയും വർഷത്തിനിടയിൽ എന്തെങ്കിലും ഒരുകാര്യത്തെക്കുറിച്ച് എന്തിനതു ചെയ്തു ? എന്തുകൊണ്ട് ചെയ്തില്ല?” ഇത്തരത്തിലുള്ള ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. വല്ലപ്പോഴും അവിടുത്തെ ഭാര്യമാർ വല്ലതും പറയാൻ ഒരുങ്ങിയാൽ അവരെ വിട്ടേക്കൂ എന്നു പറഞ്ഞ് നബി (സ) അവരെ തടയും (ബുഖാരി).

ഏതെങ്കിലും ഒരു വേലക്കാരനെയോ സ്ത്രീകളെയോ അവിടുന്ന് ഒരിക്കൽ പോലും ശപിച്ചു പറഞ്ഞിട്ടില്ല (മുസ്‌ലിം). യുദ്ധവേളയിൽ ഒരിക്കൽ കഠിന ക്രൂരത കാണിച്ച ശത്രുക്കളെ ശപിക്കാൻ വേണ്ടി ചിലർ ആവശ്യപ്പെട്ടപ്പോൾ “എന്നെ അയക്കപ്പെട്ടത് സ്‌നേഹം ചൊരിയാനാണ് ശാപവാക്കുകൾ പറയാനല്ല” എന്നായിരുന്നു പ്രതികരിച്ചത് (മുസ്‌ലിം).

കറുത്ത വർഗക്കാരനായ ഉസാമത്ത്ബ്നു സൈദും വെളുത്തു ചുവന്ന ഹസൻ (റ) എന്ന പേരക്കുട്ടിയും ഒന്നിച്ച് മടിയിൽ കയറി ഇരിക്കും. രണ്ട് പേരേയും മാറിമാറി ചുംബിക്കും. സ്‌നേഹവും വാത്സല്യവും പകരുന്ന സമയത്ത് നിറവ്യത്യാസം അവിടുന്ന് നോക്കിയിരുന്നില്ല. കറുത്തിരുണ്ട ബിലാലിനും വെളുത്തു തുടുത്ത സൽമാനുൽ ഫാരിസിനെയും ആ കാരുണ്യവും സ്‌നേഹവും പരിഗണനയും ഒരു വ്യത്യാസവുമില്ലാതെ അളന്നുകിട്ടി. അടിമകളും ദുർബലരും സ്ത്രീകളുമൊക്കെ വന്നു വല്ല ആവശ്യങ്ങളും പറഞ്ഞാൽ അവരുടെ കൂടെ ഇറങ്ങിച്ചെന്ന് അത് പൂർത്തിയാക്കിക്കൊടുക്കും (ബുഖാരി).

സുഹൃത്തുക്കളെ കണ്ടുമുട്ടിയാൽ കൈപിടിച്ച് അവരുടെ വിരലുകൾ തന്റെ വിരലുകൾക്കിടയിലാക്കി കോർത്തു പിടിച്ച് അടുപ്പം കാണിക്കും (അബൂദാവൂദ്). നിസ്‌കരിക്കുന്ന സമയത്ത് പിന്നിൽ തുടർന്നു നിസ്‌കരിക്കുന്നവർ പ്രയാസപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തും. നിസ്‌കാരം എളുപ്പം പൂർത്തിയാക്കി പ്രായമുള്ളവരേയും രോഗികളേയും തിരക്കുള്ള യാത്രക്കാരേയും പരിഗണിക്കും. തന്റെ സദസ്സിലുള്ള എല്ലാവർക്കും മുഖം കൊടുക്കുകയും സംസാരിക്കുകയും പരിഗണിച്ച് പെരുമാറുകയും ചെയ്യും.
കുട്ടികൾക്ക് നബി (സ) ഒരു ഹരമായിരുന്നു. വഴിയിലുടനീളം അവർ നബി (സ) യെ അനുഗമിക്കും. കുട്ടികളുടെ തലയിൽ കൈവെച്ച് ആശീർവദിക്കും. ചിലരെ പിന്നിലൂടെ എടുത്തു പൊക്കും. മറ്റു ചിലരെ മുൻഭാഗത്തു പിടിച്ചായിരിക്കും ഉയർത്തുക. കുട്ടികൾ അതിന്റെ പേരിൽ അഭിമാനം പറയും. നിന്നെ നബി (സ) പിന്നിലൂടെയല്ലേ എടുത്തുയർത്തിയത്. എന്നെ മുൻഭാഗത്തിലൂടെയാണ് എന്നു പറഞ്ഞായിരുന്നു ഈ പൊങ്ങച്ചം. സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും പേരുവിളിക്കൽ വളരെ വിരളമായിരുന്നു. ഓമനപ്പേരുകൊണ്ടായിരുന്നു സംബോധന ചെയ്തിരുന്നത്. തള്ളപ്പക്ഷിയുടെ നിലവിളികേട്ട് ഇടപെട്ട മുത്ത് നബി (സ) അതിന്റെ കുഞ്ഞുങ്ങളെ പിടിച്ചു വെച്ചയാളോട് അവയെ തിരിച്ചുകൊടുപ്പിച്ചു. വേടന്റെ വലയിലകപ്പെട്ട മാനിന്റെ അകിട് വീർത്തു പ്രയാസപ്പെട്ടപ്പോൾ മക്കൾക്ക് മുലകൊടുത്തു തിരിച്ചു വരണമെന്ന നിബന്ധനയോടെ അതിനെ വലയിൽ നിന്ന് അഴിച്ചുവിട്ടു. നബി (സ) യോടുള്ള വാഗ്ദാനം പാലിച്ചു ആ മൃഗം തിരിച്ചു വന്നപ്പോൾ വേട്ടക്കാരൻ അതിനെ നബി (സ)ക്ക് നൽകി. ആ പാവം മൃഗത്തെ നബി (സ) ഉടൻ വിട്ടയച്ചു.
ഉറുമ്പിൻ കൂട്ടത്തിനു തീയിട്ടവരെ ശകാരിച്ചു സ്‌നേഹത്തിന്റെ നബി (സ). അമിത ഭാരം വഹിപ്പിച്ച ഒട്ടകത്തിനു വേണ്ടി ഉടമയോട് സംസാരിച്ച കാരുണ്യത്തിന്റെ നബി (സ). പറഞ്ഞുതീർക്കാനാവില്ല തിരുദൂതതിൽ നിന്ന് സ്‌നേഹമധുരിമ നിവരുവോളം നുകർന്നുവരുടെ കഥ.

Latest