Connect with us

Kerala

പി എസ് സി പരീക്ഷാ തട്ടിപ്പ്: സി ബി ഐ അന്വേഷണം ആവശ്യമില്ല, പ്രതികള്‍ക്ക് സംരക്ഷണം നല്‍കില്ല- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കു ഒരുതരത്തിലുള്ള സംരക്ഷണവും സര്‍ക്കാര്‍ നല്‍കില്ലെന്നും സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണ്. അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കില്ല. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനൂപ് ജേക്കബ് എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചത്.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യം ലഭിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം കിട്ടാനിടയായ സാഹചര്യവും അന്വേഷണത്തിലുണ്ടായ വീഴ്ചകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസില്‍ അന്വേഷണം വഴിതിരിച്ചു വിടാനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും തട്ടിപ്പിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം മരവിപ്പിച്ചതിനാല്‍ മറ്റു ഉദ്യോഗാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാണെന്നും അനൂപ് ജേക്കബ് എം എല്‍ എ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേസ് സി ബി ഐ അന്വേഷിക്കണം.

എന്നാല്‍, കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ നടന്നു വരികയാണെന്നും ഇതിന്റെ ഫലം വൈകുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ത്വരിതഗതിയിലാക്കാന്‍ നടപടി സ്വീകരിക്കും. നിയമന കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാറിന് പരിമിതിയുണ്ട്. എങ്കിലും താത്കാലിക അഡൈ്വസ് മെമോ നല്‍കുന്നത് പരിഗണിക്കാന്‍ ആവശ്യപ്പെടും.മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.