Connect with us

Editorial

നന്നായി, ഈ പിന്‍മാറ്റം

Published

|

Last Updated

മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ (ആര്‍ സി ഇ പി) നിന്ന് ഇന്ത്യ പിന്‍വാങ്ങിയത് ഏറെ ആശ്വാസകരമാണ്. ഇന്ത്യയുടെ സ്വയം നിര്‍ണയാവകാശവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കുന്നതായി തീരുമാനം. വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശക്തമായ രാജ്യമെന്ന നിലയില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്ക് സവിശേഷമായ ഉത്തരവാദിത്വമുണ്ട്. ആ കടമ നിറവേറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്കോക്കില്‍ ചെയ്തത്. സമാന മനസ്‌കരായ രാജ്യങ്ങളുമായി സംഭാഷണം തുടര്‍ന്നും രാജ്യത്തിന്റെ താത്പര്യങ്ങള്‍ ഹനിക്കാതെ പുതിയ അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പുവെച്ചും പരസ്പരാശ്രിത ലോകത്ത് ഇന്ത്യ വ്യക്തിമുദ്ര പതിപ്പിക്കണം. 16 രാജ്യങ്ങളെ ഒന്നിപ്പിച്ച് സ്വതന്ത്ര വ്യാപാര മേഖല ഉണ്ടാക്കാനുള്ള ആര്‍ സി ഇ പി കരാറിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ധാരണയിലെത്തുന്നതില്‍ ബാങ്കോക്ക് ഉച്ചകോടി പരാജയപ്പെടുകയായിരുന്നു.

ഇന്ത്യയിലെ കര്‍ഷകരടക്കമുള്ള വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കരാറിലെ വ്യവസ്ഥകളെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി കരാറില്‍ ഒപ്പുവെക്കാനില്ലെന്ന് വ്യക്തമാക്കിയത്. പാവപ്പെട്ടവരുടെ ക്ഷേമത്തിനാകണം മുന്‍ഗണനയെന്ന മഹാത്മാ ഗാന്ധിയുടെ വീക്ഷണമാണ് തന്നെ നയിക്കുന്നതെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു. എന്നാല്‍, കരാറില്‍ നിന്നുള്ള പിന്‍മാറ്റം സര്‍ക്കാര്‍ സ്വമേധയാ എടുത്ത തീരുമാനമാണെന്ന് പറയാനാകില്ല. അവസാന നിമിഷം വരെ കരാറുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു നീക്കം. എന്നാല്‍ രാജ്യത്തുടനീളം സമരം കത്തിപ്പടരുന്ന സാഹചര്യമുണ്ടായി. സംഘ്പരിവാറിന്റെ പോഷക സംഘടനകളായ സ്വദേശി ജാഗരണ്‍ മഞ്ചും ബി എം എസുമെല്ലാം കരാറിനെതിരെ രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയ കിസാന്‍ മഹാസംഘ്, ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ കര്‍ഷക സംഘടനകള്‍ സമരം തുടങ്ങുകയും ചെയ്തു. രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്താണ് നിര്‍ദിഷ്ട കരാറിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസും സമരരംഗത്തുണ്ട്. യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ തീരുമാനിച്ചിട്ടുമുണ്ട്. ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍സ്, എന്‍ജിനീയറിംഗ്്, ഇലക്‌ട്രോണിക്‌സ് മേഖലകളിലെ വ്യവസായികളുടെയും നിര്‍മാതാക്കളുടെയും സംഘടനകളും കരാറിനെ എതിര്‍ക്കുന്നു. കേരള നിയമസഭ ആര്‍ സി ഇ പി കരാറിനെതിരെ പ്രമേയം പാസ്സാക്കി. രാജ്യം സമരഭരിതമാകുന്നുവെന്ന് ചുരുക്കം. വര്‍ഗീയതയും അതിദേശീയതയുമടക്കമുള്ള വൈകാരിക വിഷയങ്ങളില്‍ കുടുങ്ങിപ്പോയ ജനശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഈ സമരങ്ങള്‍ക്ക് സാധിക്കും. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയിരിക്കുന്നത്. ആ അര്‍ഥത്തില്‍ അത് ജനാധിപത്യ പോരാട്ടത്തിന്റെ വിജയം കൂടിയാണ്.

എന്താണ് ആര്‍ സി ഇ പിയുടെ പ്രശ്‌നം? ആസിയാന്‍ കരാറായാലും ശ്രീലങ്കയുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറായാലും ആഭ്യന്തര സമ്പദ്‌വ്യവസ്ഥക്കും കാര്‍ഷിക മേഖലക്കും പ്രത്യാഘാതമേല്‍പ്പിക്കുന്നത് അനിയന്ത്രിത ഇറക്കുമതിയിലൂടെയാണ്. കരാറില്‍ ഒപ്പുവെക്കുന്നതോടെ വ്യാപാരം സ്വതന്ത്രമാകും. എന്നുവെച്ചാല്‍ തീരുവ ഇല്ലാതാകും. ചെലവ് കുറച്ച് നിര്‍മിക്കുന്ന, നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ആഭ്യന്തര വിപണിയിലേക്ക് ഒഴുകും. അവ കുറഞ്ഞ വിലക്ക് വില്‍ക്കപ്പെടുകയും ചെയ്യും. അതോടെ തദ്ദേശീയമായ ഉത്പന്നങ്ങള്‍, പ്രത്യേകിച്ച് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി നഷ്ടമാകും. കര്‍ഷകര്‍ പെരുവഴിയിലാകും. എന്നാല്‍ ഈ സ്വതന്ത്ര വ്യാപാരം കൊണ്ട് നമ്മുടെ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എളുപ്പത്തില്‍ എത്തിക്കാന്‍ സാധിക്കുമോ? അതൊട്ടില്ല താനും. ഇന്ത്യ- ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാറും ഇന്ത്യ- ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറും തേയില, കാപ്പി, റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, നാളികേരം എന്നീ മേഖലകളില്‍ കനത്ത നാശമാണ് വിതച്ചത്. ആസിയാന്‍ കരാര്‍ വഴി ഉണ്ടായതിനേക്കാള്‍ കൊടിയ നാശമാണ് പുതിയ കരാര്‍ വരുത്താന്‍ പോകുന്നത്. ക്ഷീരമേഖല, തോട്ടം, ഔഷധ മേഖല, മത്സ്യബന്ധനം എന്നിങ്ങനെ സര്‍വ മേഖലയിലും ആര്‍ സി ഇ പി കരാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഭീഷണിയാകും.

ചൈന ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങള്‍ ആര്‍ സി ഇ പി കരാറുമായി മുന്നോട്ടു പോകുമെന്നുറപ്പാണ്. എപ്പോള്‍ വേണമെങ്കിലും ഇന്ത്യക്ക് കരാറിന്റെ ഭാഗമാകാന്‍ സാധിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രി പറയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി വരെയാണ് ഇന്ത്യക്ക് ഇക്കാര്യത്തില്‍ സമയം അനുവദിച്ചിട്ടുള്ളത്. സേവന, നിക്ഷേപ മേഖലകള്‍ ഇന്ത്യക്കായി തുറക്കാന്‍ ചില രാജ്യങ്ങള്‍ക്ക് മടിയാണെന്ന കാരണമാണ് കരാറിനെ എതിര്‍ക്കാന്‍ ഇന്ത്യ ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടിയത്.
ഇവിടെ നമുക്കെന്ത് ഗുണം, എന്ത് നഷ്ടം എന്ന ചോദ്യമാണ് ഇന്ത്യ ചോദിക്കേണ്ടത്. അമേരിക്കക്കും മറ്റ് വികസിത രാജ്യങ്ങള്‍ക്കും സ്വന്തം കാര്യം നോക്കാമെങ്കില്‍ നാം മാത്രം എന്തിന് ഭാരം പേറണം.