Connect with us

International

ബഗ്ദാദിയുടെ ഭാര്യയെ പിടികൂടിയതായി തുര്‍ക്കി

Published

|

Last Updated

അങ്കാറ: യു എസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നാല് ഭാര്യമാരില്‍ ഒരാളെ പിടികൂടിയതായി തുര്‍ക്കി. ഇതിനു പുറമെ, ബഗ്ദാദിയുടെ സഹോദരിയെയും അര്‍ധ സഹോദരനെയും പിടികൂടിയെന്നും പ്രസിഡന്റ് റിസപ് തയ്യിബ് ഉര്‍ദുഗാന്‍ വെളിപ്പെടുത്തി.

“ബഗ്ദാദി ഒരു തുരങ്കത്തിനകത്തു വച്ച് ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍, അവരുടെതു പോലെ വാചകക്കസര്‍ത്തു നടത്തുകയല്ല ഇക്കാര്യത്തില്‍ തുര്‍ക്കി ചെയ്യുന്നത്.”-അങ്കാറ യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ല.

ബഗ്ദാദിയുടെ സഹോദരി, ഇവരുടെ ഭര്‍ത്താവ്, അര്‍ധ സഹോദരി എന്നിവരെ പിടികൂടിയതായും ഐ എസിനെ സംബന്ധിച്ച വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അടുത്തിടെ തുര്‍ക്കിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എന്ത് അറിവാണ് ഇവര്‍ക്കുണ്ടാകുകയെന്ന് വ്യക്തമാക്കാന്‍ തുര്‍ക്കി തയാറായിട്ടില്ല.