Connect with us

National

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത ആറ് പേരുടെ ജാമ്യാപേക്ഷ യു എ പി എ കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: എല്‍ഗാര്‍ പരിഷത് കേസില്‍ അറസ്റ്റിലായ ഒമ്പത് പേരില്‍ ആറു പേരുടെ ജാമ്യാപേക്ഷ പ്രത്യേക യു എ പി എ കോടതി തള്ളി. സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വരവര റാവു, ഷോമ സെന്‍, മഹേഷ് റാവുത്ത്, സുരേന്ദ്ര ഗാഡ്‌ലിംഗ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസില്‍ ആകെ 23 പ്രതികളാണുള്ളത്. ഇവരില്‍ ഒമ്പതു പേരെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. സുധ ഭരദ്വാജ്, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

പ്രതികള്‍ നിരോധിക്കപ്പെട്ട സി പി ഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2017 ഡിസംബര്‍ 31ന് പൂനെക്ക് സമീപം ഭീമ കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുത്തത്. 2018 ജനുവരിയില്‍ ദളിതര്‍ക്കെതിരെ മറാത്ത വിഭാഗം നടത്തിയ അക്രമത്തിനും പിന്നീടുണ്ടായ സംഘര്‍ഷത്തിനും പിന്നിലും ഇവരുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.