Connect with us

National

ഡല്‍ഹിയിലെ വായു മലിനീകരണം: നാലു സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമായതുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, യു പി സര്‍ക്കാറുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം ഇത്രയും വഷളാക്കിയതെന്നും അവരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. വാദം നടക്കുമ്പോള്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ സന്നിഹിതരായിരുന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ പാടത്ത് വൈക്കോലിന് തീയിടുന്നതാണ് ഡല്‍ഹിയിലെ മലിനീകരണത്തിന് പ്രധാന കാരണമെന്നത് വ്യക്തമാണ്. വൈക്കോല്‍ കത്തിക്കുന്നതിനുള്ള യന്ത്രങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വൈക്കോലിന് തീയിടുന്നത് അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയില്ല. ആവശ്യത്തിന് പണമില്ലെങ്കില്‍ ഞങ്ങള്‍ പണം സംഘടിപ്പിച്ച് തരാമെന്നും കോടതി പറഞ്ഞു.

സര്‍ക്കാറിന്റെ വീഴ്ചകള്‍ക്ക് കര്‍ഷകര്‍ ശിക്ഷിക്കപ്പെടുന്നത് അനുവദിക്കാനാകില്ല. അവശിഷ്ടങ്ങള്‍ കത്തിക്കുമെന്ന് അറിയാമായിരുന്നിട്ടും മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരുകള്‍ക്ക് എന്താണ് പണിയെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ല. വിമാനങ്ങള്‍ വായു മലിനീകരണം മൂലം വഴിതിരിച്ചുവിടുന്നു. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്. വയല്‍ അവശിഷ്ടങ്ങള്‍ തിന്നാല്‍ കന്നുകാലികള്‍ ചാകുമെന്നും അതുകൊണ്ടാണ് കത്തിക്കുന്നതെന്നും പറഞ്ഞ പഞ്ചാബ് ചീഫ് സെക്രട്ടറിയോട് മനുഷ്യ ജീവനേക്കാള്‍ വലുതാണോ കാലികളുടെ ജീവനെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഉത്തരവാദിത്വം നിറവേറ്റാനാകുന്നില്ലെങ്കില്‍ രാജിവെക്കുകയാണ് വേണ്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വയല്‍ അവശിഷ്ടങ്ങളും നൂറു രൂപ നല്‍കി കര്‍ഷകരില്‍ നിന്ന് ഏറ്റെടുക്കണമെന്ന് പഞ്ചാബ് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് കോടതി പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരോട് പറഞ്ഞു. ഡല്‍ഹിയില്‍ മലിനീകരണം കൂസാതെ നിര്‍മാണ പ്രവൃത്തികള്‍ തുടരുകയാണ്. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ തയാറാകണമെന്ന് പരമോന്നത കോടതി ആവശ്യപ്പെട്ടു.