Connect with us

Kerala

കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി; തൃക്കാക്കര നഗരസഭാ ഭരണം എല്‍ഡിഎഫിന്റെ കൈകളിലേക്ക്

Published

|

Last Updated

കൊച്ചി: കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ ഭരണം എല്‍ഡിഎഫിന്. തുല്യ അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ഡിഎഫിന് 21 വോട്ടും യുഡിഎഫിന് 20 വോട്ടുമാണ് ലഭിച്ചത്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇകെ മജീദിന്റെ വോട്ടാണ് അസാധുവായത്.

നാല്‍പ്പത്തി മൂന്ന് അംഗ കൗണ്‍സിലില്‍ മുന്‍ അധ്യക്ഷയായിരുന്ന ഷീല ചാരുവിനെ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി നഗരസഭാ അധ്യക്ഷയായതിനെ തുടര്‍ന്നാണ് ഇവരെ ഹൈക്കോടതി അയോഗ്യയാക്കിയത്. ഇതേത്തുടര്‍ന്ന് ഇവരുടെ വോട്ടവകാശവും നഷ്ടപ്പെട്ടു.

എല്‍ഡിഎഫിനും യുഡിഎഫിനും 21 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. ഇരുപക്ഷവും സ്വന്തം വോട്ട് ഉറപ്പിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ ഇ കെ മജീദിന്റെ വോട്ട് അസാധുവാകുകയായിരുന്നു.
എല്‍ഡിഎഫിന് 21 വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് ഒഴിവാകുകയും എല്‍ഡിഎഫിലെ ഉഷ പ്രവീണ്‍ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതേ സമയം മജീദ് പണം വാങ്ങി വോട്ട് അസാധുവാക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു

Latest