Connect with us

Kerala

തൃശൂരില്‍ നിന്ന് കാണാതായ എട്ട് പെണ്‍കുട്ടികളേയും കണ്ടെത്തി

Published

|

Last Updated

തൃശൂര്‍: കഴിഞ്ഞ ഒരു ദിവസത്തിനിടെ തൃശൂര്‍ ജില്ലയുടെ വിവിധ ഭഗങ്ങളില്‍ നിന്ന് കാണാതായ എട്ട് പെണ്‍കുട്ടികളേയും പോലീസ് കണ്ടെത്തി. പെണ്‍കുട്ടികളുടെ മൊബൈലുകളും മറ്റും കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. എട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ഒഴികെ ഏഴ് പേരും ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പോയതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ആറ് പേരും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് പോയത്. ഒരാള്‍ അയല്‍വാസിക്കൊപ്പമാണ് പോയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുടുംബ പ്രശ്‌നങ്ങള്‍ കാരണമാണ് വീടുവിട്ടതെന്നും പോലീസ് പറഞ്ഞു.

തൃശൂര്‍ വെസ്റ്റ്, പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ പോലീസ് സ്റ്റേഷനുകളിലാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കോളജ് വിദ്യാര്‍ഥിനികളായ എട്ട് പേരെ കാണാതായ പരാതി ലഭിച്ചത്. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസിനെ തന്നെ ഞ്ഞെട്ടിക്കുന്നതായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കാണാതായവര്‍ തമ്മില്‍ ാെരു ബന്ധവുമില്ലെന്ന് പോലീസ് കണ്ടെത്തി. തടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

അതേ സമയം പെണ്‍കുട്ടികള്‍ കാണാതാവുന്നത് സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുകയാണെന്നും രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പോലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. പെണ്‍കുട്ടികളുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ അടക്കം രക്ഷിതാക്കളുടെ നിരീക്ഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു.

 

 

Latest