Connect with us

National

ഡല്‍ഹിയില്‍ അഭിഭാഷകരുടെ പ്രതിഷേധ സമരം: കോടതി ഗേറ്റ് പൂട്ടി ; അഭിഭാഷകന്‍ ആത്മാഹുതിക്ക് ശ്രമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| പോലീസുകാര്‍ ചൊവ്വാഴ്ച നടത്തിയ 11 മണിക്കൂര്‍ പ്രതിഷേധ സമരത്തിന് പിറകെ ഇന്ന് ഡല്‍ഹിയില്‍ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ഡല്‍ഹിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയിട്ടു. ഇത് തള്ളിത്തുറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചത് ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കി.
രോഹിണി കോടതിക്ക് പുറത്ത് ആശിഷ് എന്ന അഭിഭാഷകന്‍ മണ്ണെണ്ണ ഒഴിച്ച് സ്വയംതീകൊളുത്താന്‍ ശ്രമിച്ചു. സഹപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇയാളെ ഇതില്‍നിന്നും പിന്തിരിപ്പിച്ചത്. മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനും അഭിഭാഷകര്‍ തീരുമാനമെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരോട്സംസാരിക്കരുതെന്നും അഭിപ്രായപ്രകടനം നടത്തരുതെന്നുമാണ് അഭിഭാഷകരുടെ ആഹ്വാനം.

തീസ് ഹസാരി, സാകേത് കോടതികളില്‍ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഡല്‍ഹിയില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണം. പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നും മതിയായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആയിരത്തിലധികം പോലീസുകാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. 11 മണിക്കൂറോളം ഈ പ്രതിഷേധം നീണ്ടുനിന്നു.ലഫ് ഗവര്‍ണറുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് രാത്രി വൈകി പോലീസ് പ്രതിഷേധം അവസാനിപ്പിച്ചത്. പോലീസിന്റെ പ്രതിഷേധ സമരത്തെത്തുടര്‍ന്ന് രാജ്യ തലസ്ഥാനം സംത്ംഭിച്ചിരുന്നു.