Connect with us

Kerala

യു എ പി എ കേസ്: വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല- പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി

Published

|

Last Updated

കോഴിക്കോട്: യു എ പി എ കേസില്‍ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. യു എ പി എ നിലനില്‍ക്കുന്നതിനാല്‍ പ്രതികളായ അലന്‍ ശുഹൈബിന്റെയും താഹയുടേയും ജാമ്യം നല്‍കാനാകില്ലെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കും. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ നേരത്തെയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 15-ാം തിയ്യതിവരെ പ്രതികള്‍ റിമാന്‍ഡില്‍ കഴിയും.

യു എ പി എക്ക് വേണ്ട തെറ്റുകള്‍ ഇവര്‍ ചെയ്തിട്ടില്ലെന്നു വിദ്യാര്‍ഥികളാണെന്നും മാനുഷിക പരിഗണന നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇന്നലെ പോലീസ് ഹാജരാക്കിയ പുസ്തകങ്ങളും ലഘുലേഖകളുമടക്കമുള്ള തെളിവുകള്‍ കൂടി പരിഗണിച്ചാണ് ഒറ്റവരിയില്‍ ജാമ്യമില്ല എന്ന് കോടതി പറഞ്ഞത്. എഫ് ഐ ആറും കുറ്റപത്രവുമെല്ലാം കോടതിയില്‍ നിര്‍ണായകമാകുകയായിരുന്നു.

അഅതേ സമയം പ്രതികളുടെ അഭിഭാഷകര്‍ക്ക് ജയിലിലെത്തി ഇവരെ കാണാനും കോടതി അനുമതി നല്‍കി. ഒരു മണിക്കൂര്‍ സമയമാണ് ഇന്ന് കാണാന്‍ നല്‍കിയിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥരോ, പോലീസോ ഇല്ലാതെ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കോടതി ജാമ്യം തള്ളാനുള്ള വിശദാംശങ്ങള്‍ ഓര്‍ഡര്‍ കോപ്പി കിട്ടിയതിന് ശേഷമേ പറയാനാകൂവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ദിനേശ് പറഞ്ഞു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ രണ്ട് പരാതി നല്‍കും. എഫ് ഐ ആര്‍ നിലനില്‍ക്കില്ല എന്നഒരു പരാതിയും ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പരാതിയുമാണ് നല്‍കുകയന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ പോയി നേരത്തെ ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കുകയും നഷ്ട പരിഹാരം ലഭിക്കുകയും ചെയ്ത ചരിത്രമുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നും താഹയുടെ ബന്ധുക്കള്‍ പ്രതികരിച്ചു. അഭിഭാഷകനുമായി ബന്ധപ്പെട്ട ശേഷം ഹൈക്കോടതിയെ സമീപിക്കും. താഹക്കും അലനുമെതിരെ പോലീസ് ഹാജരാക്കിയത് ഫോട്ടോകളും മറ്റും കെട്ടിചമച്ചതാണെന്നും ഇവര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest