Connect with us

Eduline

എന്‍ജിനീയറിംഗിന് ഇനി പുതിയ പാഠ്യ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം | എ പി ജെ അബ്ദുല്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ എന്‍ജിനീയറിംഗ് ബിരുദ പാഠ്യപദ്ധതിയുടെ ഉള്ളടക്കവും ഘടനയും സമ്പൂര്‍ണമായി നവീകരിക്കുവാന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എ ഐ സി ടി ഇ നിര്‍ദേശ പ്രകാരം നാലുവര്‍ഷം ദൈര്‍ഘ്യമുള്ള 25 ബി ടെക് കോഴ്‌സുകളുടെയും മൊത്തം ക്രെഡിറ്റുകള്‍ 182 ല്‍ നിന്ന് 162 ആയി കുറക്കാന്‍ തീരുമാനമായി. ഇതോടെ തിയറി വിഷയങ്ങള്‍ 45 ല്‍ നിന്നും 38 ആയി കുറയും.

150 മാര്‍ക്കുള്ള തിയറി വിഷയങ്ങള്‍ക്ക് 100 മാര്‍ക്ക് യൂനിവേഴ്‌സിറ്റിയുടെ സെമസ്റ്റര്‍ പരീക്ഷകള്‍ക്കും 50 മാര്‍ക്ക് ആഭ്യന്തര മൂല്യ നിര്‍ണയത്തിനുമായിരിക്കും. രണ്ടിനും കൂടി കുറഞ്ഞത് 75 മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ വിജയിക്കുവാനാകൂ. ഇനിമുതല്‍ ആഭ്യന്തര മൂല്യനിര്‍ണയത്തിന് മിനിമം മാര്‍ക്ക് നിര്‍ബന്ധമില്ല. ആഭ്യന്തര മൂല്യനിര്‍ണയം വഴി ലഭിക്കുന്ന മാര്‍ക്കുകള്‍, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് ലഭിക്കുന്ന മാര്‍ക്കുകള്‍ക്ക് ആനുപാതികമായി ഏകീകരിക്കപ്പെടുകയും ചെയ്യും. യൂനിവേഴ്‌സിറ്റി പരീക്ഷ എഴുതുവാന്‍ മൊത്തം 75 ശതമാനം ഹാജരുണ്ടാകണം.
പ്രായോഗിക പരിശീലന വൈദഗ്ദ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാക്റ്റിക്കലിനും ഇനിമുതല്‍ യൂനിവേഴ്‌സിറ്റി പരീക്ഷകളുണ്ടാകും. 75 മാര്‍ക്കിന് നടത്തുന്ന യൂനിവേഴ്‌സിറ്റി പ്രാക്ടിക്കല്‍ പരീക്ഷയില്‍ കുറഞ്ഞത് 30 മാര്‍ക്ക് നേടിയാല്‍ മാത്രമേ വിജയിക്കാനാകൂ. ഇന്ത്യന്‍ ഭരണഘടന, തൊഴില്‍ നൈതികത, വ്യാവസായിക സുരക്ഷ, സുസ്ഥിര വികസനം, ദുരന്തനിവാരണം എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ എല്ലാ എന്‍ജിനീയറിംഗ് ശാഖകളിലും നിര്‍ബന്ധമായും വിജയിക്കേണ്ട നോണ്‍ ക്രെഡിറ്റ് കോഴ്‌സുകളാക്കി. ഒരു പ്രത്യേക എന്‍ജിനീയറിംഗ് ശാഖയിലെ ആഴത്തിലുള്ള വിജ്ഞാനം ലക്ഷ്യമാക്കി ആരംഭിച്ച ബി ടെക് ഹോണേഴ്‌സ് ഡിഗ്രിക്കുള്ള രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ ഉദാരമാക്കി. എന്‍ ബി എ അക്രെഡിറ്റേഷനും പ്രസ്തുത ശാഖയില്‍ എം ടെക്ക് കോഴ്‌സും ഉള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് നിലവില്‍ ഹോണേഴ്‌സ് ഡിഗ്രിക്ക് അര്‍ഹത ഉണ്ടായിരുന്നത്. ഈ വ്യവസ്ഥകള്‍ ഒഴിവാക്കി.
2019 സ്‌കീം പ്രകാരം എല്ലാ കോളജുകളിലെയും 8.5 ഗ്രേഡിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഹോണേഴ്‌സിനു റജിസ്റ്റര്‍ ചെയ്യാം. അഞ്ചാം സെമസ്റ്റര്‍ മുതല്‍ ഈ വിദ്യാര്‍ഥികള്‍ അഞ്ച് വിഷയങ്ങള്‍ അധികമായി പഠിച്ച് 20 ക്രെഡിറ്റുകള്‍ നേടണം. ഇവയില്‍ രണ്ടെണ്ണം യൂനിവേഴ്‌സിറ്റി അംഗീകരിച്ച മൂക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആയിരിക്കണം. വിവിധ എന്‍ജിനീയറിംഗ് മേഖലകളില്‍ ഉന്നത പഠനഗവേഷണത്തിനുള്ള അഭിരുചികളും സാധ്യതകളും സൃഷ്ടിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ബി ടെക് ഹോണേഴ്‌സ് വിഷയങ്ങള്‍ വിഭാവന ചെയ്തിട്ടുള്ളത്.

ബി ടെക് മൈനര്‍ ബിരുദവും 2019 സ്‌കീമില്‍ ആരംഭിക്കും. ഇതുവഴി ഏത് സാങ്കേതിക ശാഖയിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റ് ശാഖകളിലെ നവീനമായ വിഷയങ്ങളും പഠിക്കാം.
ബി ടെക് മൈനറിന് രജിസ്റ്റര്‍ ചെയ്യാന്‍ ഗ്രേഡ് നിബന്ധനകളില്ല. മൂന്നാം സെമസ്റ്റര്‍ മുതല്‍ അഞ്ച് കോഴ്‌സുകളില്‍ നിന്നായി 20 ക്രെഡിറ്റുകള്‍ അധികമായി നേടണം.
അക്കാഡമിക് ഡീന്‍ ഡോ. ജെ ശ്രീകുമാര്‍, ഡയറക്ടര്‍ ഡോ. കെ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 25 കരിക്കുലം കമ്മിറ്റികള്‍ ചേര്‍ന്നാണ് ഈ വര്‍ഷം മുതലുള്ള പുതിയ പാഠ്യപദ്ധതിയുടെ ഘടനയും ഉള്ളടക്കവും പൂര്‍ത്തീകരിച്ചത്.

വ്യവസായ, വിവരസാങ്കേതിക, ഗവേഷണ രംഗത്തെ വിദഗ്ധരുടെ പങ്കാളിത്തവും സേവനവും ഉറപ്പുവരുത്തിയ നിരവധി ശില്‍പശാലകളും, അധ്യാപകരുടെയും വിദഗ്ദരുടെയും മേഖലായോഗങ്ങളും കരിക്കുലം കമ്മിറ്റി ഇതിനായി സംഘടിപ്പിച്ചിരുന്നു. മൂന്നാം സെമസ്റ്റര്‍ എം സി എ കോഴ്‌സിന്റെ റജിസ്‌ട്രേഷന് 27 ക്രെഡിറ്റുകള്‍ വേണം എന്ന നിബന്ധന അഞ്ചാം സെമെസ്റ്ററിലേക്ക് മാറ്റുവാനും അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. കലാകായിക മത്സരങ്ങളില്‍ യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഡ്യൂട്ടി ലീവുകള്‍, ഗ്രേസ് മാര്‍ക്കുകള്‍ എന്നിവക്കുള്ള പുതിയ നിബന്ധനകള്‍ നിലവിലുള്ള എല്ലാ ബാച്ചുകള്‍ക്കും ബാധകമാക്കി. പുതിയ സ്‌കീമിലെ ഹാജര്‍ നിബന്ധനകള്‍ ബി ടെക്, എം ടെക്, എം സി എ തുടങ്ങിയ മുഴുവന്‍ കോഴ്‌സുകള്‍ക്കും ഏകീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വൈസ് ചാന്‍സിലര്‍ ഡോ. എം എസ് രാജശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എസ് അയ്യൂബ്, ഡീന്‍മാരായ ഡോ. ജെ ശ്രീകുമാര്‍, ഡോ. വൃന്ദ വി നായര്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ ഗോപകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സുരേഷ് ബാബു, കരിക്കുലം കമ്മിറ്റി കണ്‍വീനര്‍മാര്‍ പങ്കെടുത്തു.

Latest