Connect with us

Career Education

ബിരുദധാരികൾക്ക് കെ എ എസ്

Published

|

Last Updated

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള (കെ എ എസ്) വിജ്ഞാപനം പി എസ് സി പുറപ്പെടുവിച്ചു. ഓഫീസർ ജൂനിയർ ടൈം സ്‌കെയിൽ ട്രെയിനി തസ്തികയിൽ നേരിട്ടുള്ള നിയമനമടക്കം മൂന്ന് ധാരകളിലായി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിജ്ഞാപനത്തിൽ പ്രതീക്ഷിത ഒഴിവുകളാണുള്ളതെങ്കിലും 184 ഒഴിവുകൾ ഉണ്ടായേക്കാമെന്ന് പി എസ് സി വ്യക്തമാക്കി. മൂന്ന് വിഭാഗങ്ങളിലും പട്ടിക, പിന്നാക്ക വിഭാഗ സംവരണമുണ്ട്. മൂന്ന് ധാരകളിലേക്ക് 186, 187, 188/2019 എന്നീ കാറ്റഗറി നമ്പറുകളിലാണ് വിജ്ഞാപനമിറക്കിയത്. ഡിസംബർ നാലിന് അർധരാത്രി വരെ അപേക്ഷിക്കാം.

പ്രിലിമിനറി, മെയിൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. രണ്ട് ഭാഗങ്ങളിലായാണ് പ്രാഥമിക പരീക്ഷ.

യോഗ്യത

സ്ട്രീം1: അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ ഇന്ത്യാ ഗവണ്മെന്റിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുള്ള പ്രൊഫഷനൽ കോഴ്സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
സ്ട്രീം 2: എ) അംഗീകൃത സർവകലാശാലകളിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
ബി) കേരള സർക്കാറിന്റെ ഏതെങ്കിലും വകുപ്പിൽ ഫുൾ മെമ്പർ അല്ലെങ്കിൽ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കിയിരിക്കണം. കൂടാതെ കെ എ എസ് വിശേഷാൽ ചട്ടം ഷെഡ്യൂൾ ഒന്നിൽ പ്രതിപാദിക്കുന്ന വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് ഓഫീസർ, അതിനു മുകളിലുള്ള ഉദ്യോഗസ്ഥർ ആയിരിക്കരുത്.
സി) സർക്കാർ സർവീസിലെ ഏതെങ്കിലും കേഡറിൽ കെ എ എസ് ആൻഡ് എസ് എസ് ആർ ചട്ടം 10(ബി) നിഷ്‌കർഷിച്ചിട്ടുള്ളത് പ്രകാരം സേവനം റെഗുലർ ചെയ്തിരിക്കണം അല്ലെങ്കിൽ ഗവൺമെന്റ് സർവീസിലെ ഒരു സൂപ്പർ ന്യൂമറി തസ്തികയിൽ രണ്ട് വർഷം കുറയാത്ത കാലയളവിൽ സേവനമനുഷ്ഠിച്ചിരിക്കണം. ഗുരുതരമായ ശിക്ഷ ചുമത്തപ്പെട്ടവരോ ഗുരുതരമായ ശിക്ഷയോ ക്രിമിനൽ നടപടികൾ നേരിടുന്നവരോ ആയിരിക്കരുത്.
സ്ട്രീം 3: എ) അംഗീകൃത സർവകലാശാലകളിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

ബി) ഗവൺമെന്റ്സർവീസിലെ ഏതെങ്കിലും കേഡറിൽ തൃപ്തികരമായി പ്രൊബേഷൻ പൂർത്തിയാക്കിയിരിക്കണം. ഭരണപരമായ കാലതാമസം കൊണ്ട് കാലാവധി പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർ, ഗുരുതരമായ ശിക്ഷ ചുമത്തപ്പെടുകയോ ക്രിമിനൽ നടപടികൾ നേരിടുന്നവരോ അല്ലാത്തപക്ഷം ഇവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

പ്രായപരിധി

സ്ട്രീം 1: (21- 32 വയസ്സ്) 02.01.1987നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). വയസ്സിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതികൾക്ക് മാറ്റമുണ്ട്.
സ്ട്രീം 2: (21- 40) 02.01.1979 നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

സ്ട്രീം 3: 01.01.2019ൽ 50 വയസ്സ് തികയാൻ പാടില്ല.
ഉയർന്ന പ്രായപരിധിയിൽ, പട്ടികജാതി, വർഗ വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ, വിധവകൾ എന്നിവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

സിലബസ് അറിഞ്ഞ് പഠിക്കാം

കെ എ എസ് പരീക്ഷാ സിലബസ് പി എസ് സി പ്രസിദ്ധീകരിച്ചു. ജനറൽ സ്റ്റഡീസ് ഒന്നാം പേപ്പർ: പ്രാചീന, മധ്യകാലഘട്ടം, ആധുനിക കാലഘട്ടം, കേരള ചരിത്രം (പതിനെട്ടാം നൂറ്റാണ്ട് മുതൽ), 18ാം നൂറ്റാണ്ട് മുതലുള്ള ലോകചരിത്രം, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, ഇന്ത്യൻ ഭരണഘടന, രാഷ്ട്രീയം, ഭരണകാര്യങ്ങൾ, സാമൂഹിക നീതി, അന്താരാഷ്ട്ര ബന്ധങ്ങൾ, മെന്റൽ എബിലിറ്റി ആൻഡ് സിമ്പിൾ അരിത്തമെറ്റിക്, ജ്യോഗ്രഫി. ജനറൽ സ്റ്റഡീസ് രണ്ടാം പേപ്പർ: ഇക്കണോമി ആൻഡ് പ്ലാനിംഗ്, സയൻസ് ആൻഡ് ടെക്നോളജി, സമകാലീന സംഭവങ്ങൾ, ഇംഗ്ലീഷ്, മലയാളം ഭാഷാ പ്രാവീണ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യങ്ങൾ. വിശദമായ സിലബസിനും മറ്റ് വിവരങ്ങൾക്കും വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷ ഇങ്ങനെ

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി അപേക്ഷിക്കാം. ഒറ്റത്തവണ രജിസ്റ്റർ ചെയ്ത് വേണം അപേക്ഷ നൽകാൻ. തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ “Apply Now” ക്ലിക്ക് ചെയ്ത് അപേക്ഷിക്കണം. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

Latest