Connect with us

Articles

ഇനി വേണ്ടത് നീതിപീഠത്തിന്റെ കാവല്‍

Published

|

Last Updated

ജമ്മു കശ്മീരിന് സവിശേഷ പദവി ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിന് പിറകെ ആഗസ്റ്റ് ആറിന് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട ജമ്മു ആന്‍ഡ് കശ്മീര്‍ (റീഓര്‍ഗനൈസേഷന്‍) ബില്ലിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍, ലഡാക് എന്നീ രണ്ട് പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണല്ലോ. ഭരണഘടനയിലെ ഒരു സുപ്രധാന വകുപ്പ് ഭരണകൂട തീരുമാനത്തിന് പുറത്ത് കാലയവനികക്കപ്പുറത്തേക്ക് മറയുമ്പോള്‍ രക്ഷാകര്‍ത്താവായ സുപ്രീം കോടതിയുടെ പുനഃപരിശോധനാധികാരവും പൂര്‍ത്തിയായോ എന്ന് സാധാരണ പൗരന്‍മാര്‍ ഈ വേളയില്‍ ചോദ്യമുന്നയിക്കുന്നുണ്ട്. അത്തരമൊരു മുഹൂര്‍ത്തത്തിലേക്കാണ് യു എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈക്കമ്മീഷണറുടെ വിമര്‍ശനവും പടികടന്നെത്തുന്നത്.
ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ ചൊല്ലിയുള്ള അന്യായങ്ങള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. എന്നാല്‍ ആഗസ്റ്റ് അഞ്ച് മുതല്‍ ജമ്മു കശ്മീരില്‍ അരങ്ങേറിയ സംഭവ വികാസങ്ങളോട് നീതിപീഠം ഏതുവിധമാണ് പ്രതികരിച്ചതെന്നത് ഗൗരവപൂര്‍വം ആലോചിക്കേണ്ട വിഷയമാണ്.
ഭരണഘടനാനുഛേദം 19 (1)(എ) വിഭാവനം ചെയ്യുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം നിരുപാധിക അവകാശമല്ലെന്ന കാര്യം നമുക്ക് അറിയാകുന്നതാണ്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സുരക്ഷയും ക്രമസമാധാനവും മുന്‍നിര്‍ത്തി ന്യായമാം വിധം നിയന്ത്രിക്കപ്പെടാവുന്ന മൗലികാവകാശം തന്നെയാണത്. പക്ഷേ കാടടച്ച് വെടിവെക്കുന്നത് പോലെ കത്തിവെക്കാന്‍ പറ്റില്ല അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍. ഭരണഘടനയുടെ 21ാം ആര്‍ട്ടിക്കിള്‍ പ്രസ്താവിക്കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ കാതല്‍, നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരാളുടെയും വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടരുത് എന്നാണ്. അപ്പോള്‍ വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടണമെങ്കില്‍ തദ്വിഷയികമായ നിയമം നാട്ടിലുണ്ടാകുകയും കുറഞ്ഞ പക്ഷം അവകാശം നിഷേധിക്കപ്പെടുന്നവര്‍ക്കെങ്കിലും നടപടിക്ക് നിദാനമെന്തെന്ന് ബോധ്യപ്പെടുകയും വേണം.

ജമ്മു കശ്മീരില്‍ ആശയ വിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയും സി ആര്‍ പി സി 144 പ്രകാരം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു കേന്ദ്ര സര്‍ക്കാര്‍. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയ ഈ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയാണുണ്ടായത്. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അത് പുനഃസ്ഥാപിച്ചു കിട്ടാന്‍ കോടതിയെ സമീപിക്കണമെങ്കില്‍ ഏത് സാഹചര്യത്തിലാണ് ഭരണകൂടം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് അറിയുന്നത് അഭികാമ്യമായിരിക്കും. അതിന് അവസരമൊരുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പൊതു സമൂഹത്തിന് കൂടെ ലഭ്യമാക്കേണ്ട വസ്തുതകള്‍ അന്യായക്കാര്‍ക്ക് പോലും അറിയാനുള്ള സാഹചര്യമൊരുക്കാതെ കെട്ടിപ്പൂട്ടിവെച്ചത്. ഭരണഘടന മുന്നോട്ടുവെക്കുന്ന മൗലിക അവകാശങ്ങളുടെയും അടിസ്ഥാന നീതിന്യായ നടപടിക്രമങ്ങളുടെയും നഗ്‌നമായ ലംഘനമല്ലാതെ മറ്റെന്താണിത്.

അവകാശ ധ്വംസനത്തിന്റെ കാരണം ചൂണ്ടിക്കാട്ടുന്ന ഉത്തരവ് പരസ്യപ്പെടുത്താതിരിക്കെ പ്രസ്തുത മൗലികാവകാശം തന്നെ എടുത്തു കളഞ്ഞതിന് സമാനമാണത്. നീതിന്യായ പുനഃപരിശോധനാധികാരം ഭരണഘടനാ കോടതികള്‍ക്ക് ലഭ്യമായ സവിശേഷ അധികാരമാണ്. അതനുസരിച്ച് നിയമനിര്‍മാണ സഭയുടെയും കാര്യ നിര്‍വഹണ വിഭാഗത്തിന്റെയും നടപടികളെ സുപ്രീം കോടതിക്ക് പുനഃപരിശോധനക്ക് വിധേയമാക്കാന്‍ സാധിക്കും. പരിഗണനാ പ്രമേയത്തിന്റെ തീവ്രതക്ക് ആനുപാതികമല്ല എക്‌സിക്യൂട്ടീവ് നടപടിയെങ്കില്‍ അത് തിരുത്താന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ട്. “ഡോക്ട്രിന്‍ ഓഫ് പ്രൊപോഷണാലിറ്റി” എന്ന നിയമ തത്വം ഉദ്‌ഘോഷിക്കുന്നത് അതാണെങ്കില്‍ കശ്മീരില്‍ ഭരണകൂടം വരുത്തിയ പിഴവിനെ നീതിപീഠം തിരുത്താന്‍ മുതിര്‍ന്നില്ല എന്നു കരുതേണ്ടിവരും. ഈ സമയത്തും പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടാത്ത ടെലികോം സേവനങ്ങള്‍, തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുമെന്ന വാദത്തിലാണ് ഒരു ജനതയെ ഒന്നാകെ തരിമ്പും വിശ്വാസത്തിലെടുക്കാതെ ജീവിതം തടവറക്ക് തുല്യമാക്കിത്തീര്‍ത്തത്. തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുമെന്ന സത്യത്തിനു നേരെ കണ്ണടക്കുന്നില്ല. അതേസമയം, അതിന് യുക്തമായ നടപടി കൈകൊണ്ട് കശ്മീര്‍ ജനതയെ വെറുതെ വിടണമായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഉരുണ്ടുകൂടിയ സങ്കീര്‍ണമായ അവസ്ഥയെ യഥോചിതം നീതിയുടെ വഴിക്കണ്ണാല്‍ കൈകാര്യം ചെയ്യുന്നതില്‍ പരമോന്നത നീതിപീഠത്തിന് ജാഗ്രതക്കുറവ് സംഭവിച്ചു എന്ന വിമര്‍ശനം ശക്തമാണിപ്പോള്‍. ഭരണഘടനാ തത്വങ്ങള്‍ ഉള്‍വഹിക്കുന്ന പൊരുളറിഞ്ഞ് സുപ്രീം കോടതി യഥാസമയം നിയമ വ്യാഖ്യാനം നടത്തേണ്ടതായിരുന്നു. അക്കാര്യത്തില്‍ മെല്ലെപ്പോക്ക് സംഭവിച്ചു എന്ന ആക്ഷേപം തന്നെയാണ് ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈക്കമ്മീഷണര്‍ ഉന്നയിച്ചതും. സാധാരണക്കാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ വേപഥു പൂണ്ട് നീതിപീഠത്തിലെത്തിയ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം സംഭവിച്ചതും എം യൂസുഫ് തരിഗാമി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കാന്‍ ഭരണകൂടം ഉത്തരവിട്ടതിലെ നിയമസാധുത സുപ്രീം കോടതി ചോദ്യം ചെയ്തില്ലെന്നതുമാണ് യു എന്‍ വിമര്‍ശനത്തിനാധാരം. പുതിയ ചീഫ് ജസ്റ്റിസായെത്തുന്ന എസ് എ ബോബ്‌ഡെ കഴിഞ്ഞ ദിവസം എന്‍ ഡി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ സുപ്രീം കോടതി കശ്മീര്‍ വിഷയം പരിഗണിച്ച രീതിയില്‍ യു എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈക്കമ്മീഷണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെക്കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം പ്രതികരിക്കാന്‍ സന്നദ്ധനായില്ല.

ജമ്മു കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഒരു അടിയന്തരാവസ്ഥയുടെ യുക്തിയില്‍ മാത്രം ശരിയാകുന്നതാണ്. വര്‍ത്തമാനകാല ഇന്ത്യയില്‍ രാജ്യത്ത് ഉണ്ടെന്ന് ജനാധിപത്യ മതനിരപേക്ഷ വാദികള്‍ പറയുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കേളീരംഗമാണ് കശ്മീര്‍. ഇക്കണ്ട കറുത്ത ദിനങ്ങളില്‍ ശ്രീനഗറിലെ ഹൈക്കോടതി പ്രവര്‍ത്തിച്ചത് എങ്ങനെ എന്നറിയുമ്പോള്‍ വിഷയഗൗരവം മനസ്സിലെത്തുന്നതാണ്. ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ഏഴ് ബഞ്ചുള്ളതില്‍ നാലെണ്ണം മാത്രമായിരുന്നു പേരിനെങ്കിലും പ്രവര്‍ത്തിച്ചിരുന്നത്. ഇന്റര്‍നെറ്റും മറ്റു ആശയ വിനിമയോപാധികളും ഗതാഗത സൗകര്യവുമില്ലാതെ ഹൈക്കോടതിക്ക് എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകും.

അഭിഭാഷകര്‍ക്ക് കോടതിയില്‍ എത്താന്‍ കഴിയാതെ വന്നപ്പോള്‍ പരാതികളുമായെത്തിയവര്‍ വലഞ്ഞു. പോരാത്തതിന് പൊതു സുരക്ഷാ നിയമമനുസരിച്ച് താഴ് വരയില്‍ 16,000 പേരെ തടങ്കലിലാക്കിയതില്‍ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് നാസിര്‍ അഹ്മദ് റോംഗയും മറ്റു ചില ഭാരവാഹികളും ഉള്‍പ്പെട്ടിരുന്നു. അതിനോടുള്ള പ്രതിഷേധമെന്നോണം അഭിഭാഷകരില്‍ വലിയ പങ്ക് കോടതിയില്‍ എത്താന്‍ തയ്യാറായതുമില്ല. നീതിന്യായ വ്യവസ്ഥയെ തന്നെ ഭരണകൂടം മന്ദീഭവിപ്പിച്ചെങ്കില്‍ തടവിലാക്കപ്പെട്ട ജനത നീതി തേടി എങ്ങോട്ടു പോകുമെന്ന വ്യാകുല ചിന്ത മേലില്‍ ജനാധിപത്യ സംവിധാനങ്ങള്‍ പുലര്‍ത്തേണ്ട ന്യായപൂര്‍ണമായ ജാഗ്രതയെ ഉണര്‍ത്തുമെന്ന് വിചാരിക്കാം. വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ ജനാധിപത്യത്തെ നാളിതുവരെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ വലിയ ജനാധിപത്യ സമൂഹത്തിന്റെയും അതിന്റെ രക്ഷാധികാരിയായ പരമോന്നത നീതിപീഠത്തിന്റെയും മാറ്റ് കൂട്ടുന്നതും അതാണെങ്കില്‍ നമുക്ക് പ്രതീക്ഷക്ക് വകയുണ്ട്.

അഡ്വ. അഷ്‌റഫ് തെച്യാട്‌
• ashrafthd@gmail.com