Connect with us

Editorial

വെച്ചുപൊറുപ്പിക്കരുത് കരിനിയമങ്ങളുടെ ദുരുപയോഗം

Published

|

Last Updated

യു എ പി എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ആണിപ്പോള്‍ സംസ്ഥാന രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളും സി പി എം പ്രവര്‍ത്തകരുമായ അലന്‍ ശുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ യു എ പി എ ചുമത്തി പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത നടപടിയാണ് ഇതിന് വഴിയൊരുക്കിയത്. അട്ടപ്പാടിയില്‍ മാവോവാദികള്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പിനെ അപലപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനാണത്രേ അറസ്റ്റ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥികളായ ഈ യുവാക്കളില്‍ നിന്ന് നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ പിടിച്ചെടുത്തതായും നിരോധിത ഇടതുപക്ഷ സംഘടനയുമായി ബന്ധമുള്ളവരാണ് ഇവരെന്നും പോലീസ് പറയുന്നു.

വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് പോലീസ് നടപടി. ഇത് ധൃതിയേറിയതും ആലോചനാശൂന്യവുമായിപ്പോയെന്നാണ് പൊതുവായ അഭിപ്രായം. പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷത്തുള്ളവരുമുണ്ട് പ്രതിഷേധ നിരയില്‍. ആഴത്തിലുള്ള പരിശോധനക്കു ശേഷമേ ആര്‍ക്കെതിരെയും യു എ പി എ ചുമത്താവൂ എന്നും മാവോവാദികളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരില്‍ ഈ വകുപ്പ് ചുമത്തുന്നത് നീതീകരിക്കാവതല്ലെന്നുമാണ് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉള്‍പ്പെടെ സി പി എം നേതാക്കള്‍ തന്നെ അഭിപ്രായപ്പെട്ടത്. യു എ പി എ ചുമത്തുന്ന കേസുകള്‍ക്ക് സര്‍ക്കാറിന്റെയും വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെയും അനുമതി വേണമെന്നാണ് വ്യവസ്ഥ. കോഴിക്കോട്ടെ സംഭവത്തില്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തില്‍ പോലീസ് നടപടി ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുടെ പരിശോധനക്ക് വിടാനും സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമേ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതുള്ളൂവെന്ന തീരുമാനത്തിലുമാണ് സര്‍ക്കാര്‍.
ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാനെന്ന പേരില്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് യു എ പി എ. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് നേരത്തേ നിലവിലുണ്ടായിരുന്ന പോട്ട പരിഷ്‌കരിച്ച് യു എ പി എ ആക്കിയത്. ഇന്നിപ്പോള്‍ രാജ്യത്തെങ്ങും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുള്ള കരിനിയമമായി ഭരണകൂടങ്ങള്‍ ഇതിനെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണകൂടം വര്‍ഗീയ പക്ഷപാതിത്വത്തോടെ ദേശവ്യാപകമായി മുസ്‌ലിം യുവാക്കളെ ഈ നിയമം ദുരുപയോഗപ്പെടുത്തി വേട്ടയാടുന്നു. ഈ കരിനിയമത്തോട് മറ്റാരേക്കാളും രൂക്ഷമായ വിയോജിപ്പ് പ്രകടിപ്പിച്ച പാര്‍ട്ടിയാണ് സി പി എം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കെ പ്രകാശ് കാരാട്ട് യു എ പി എക്ക് ഇരകളാക്കപ്പെട്ട നിരപരാധികളെയുമായി അന്നത്തെ രാഷ്ട്രപതിയെ കണ്ട് അതിന്റെ ദുരുപയോഗം ശ്രദ്ധയില്‍ പെടുത്തിയതുമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയാക്കപ്പെട്ട സി പി എം നേതാവ് ജയരാജനെതിരെ യു എ പി എ ചുമത്തിയപ്പോള്‍ സി പി എം കേരളഘടകം ഈ നിയമത്തിനെതിരെ ശക്തിയായി രംഗത്തു വരികയും ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ സി പി എം ഭരണം കൈയാളിക്കൊണ്ടിരിക്കെയാണ് ഈ കരിനിയമം പോലീസ് ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് വിരോധാഭാസം. സി പി ഐ നേതാക്കള്‍ ആരോപിച്ചതു പോലെ പിണറായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള പോലീസിലെ ഒരു വിഭാഗത്തിന്റെ ഗൂഢനീക്കമുണ്ടോ ഇതിനു പിന്നില്‍ എന്നു സംശയിക്കേണ്ടതുണ്ട്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആറ് കേസുകളില്‍ യു എ പി എ ചുമത്തിയത് പിന്നീട് റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാറിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. മിക്ക കേസുകളിലും നിയമം പാലിക്കാതെയും ധൃതിപിടിച്ചുമാണ് പോലീസ് യു എ പി എ ചുമത്തുന്നത്. പിന്നീട് പ്രതിഷേധം ആളിപ്പടരുമ്പോള്‍ സര്‍ക്കാറിനു അത് പുനഃപരിശോധിക്കേണ്ടി വരുന്നു. തികച്ചും ദേശദ്രോഹമെന്നു വ്യക്തമായ കേസുകളില്‍ മാത്രമേ ഇത് ചുമത്താവൂ. കോഴിക്കോട് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റ്, അട്ടപ്പാടിയിലെ പോലീസ് നടപടിയെ വിമര്‍ശിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നത് മാത്രമാണ്. ഭരണകൂട നയങ്ങളോടുള്ള ഒരു പൗരന്റെ വിയോജിപ്പോ വിപ്രതിപത്തിയോ പ്രചരിപ്പിക്കുന്നത് ഹിംസയോ സായുധ കലാപമോ നടത്താനുള്ള നേരിട്ടുള്ള പ്രേരണയോ ആഹ്വാനമോ ആകാത്തിടത്തോളം രാജ്യദ്രോഹക്കുറ്റം ആരോപിക്കാന്‍ പാടില്ലെന്നാണ് 1962ല്‍ ഒരു വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്. കോഴിക്കോട്ടെ യുവാക്കളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളില്‍ ഹിംസയോ സായുധ കലാപമോ നടത്താനുള്ള നേരിട്ടുള്ള പ്രേരണയോ ആഹ്വാനമോ ഇല്ലെന്നാണ് അറിവ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് യു എ പി എ ചുമത്തിയതെന്ന് ഐ ജി അശോക് യാദവ് പറയുന്നുണ്ടെങ്കിലും ആ തെളിവെന്തെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുമില്ല.

ഭരണഘടന അനുവദിക്കുന്ന ജനാധിപത്യാവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് ഓരോ കാലത്തും ഭരണകൂടങ്ങള്‍ ഭീകരവിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് അഫ്‌സ്പ, ടാഡ, പോട്ട, യു എ പി എ തുടങ്ങി ഏത് ഭീകരവിരുദ്ധ നിയമങ്ങളുടെയും ഉപയോഗം പരിശോധിച്ചാല്‍ വ്യക്തമാകും. സര്‍ക്കാറുകള്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള കുറുക്കുവഴികളാണ് അവരെ സംബന്ധിച്ചിടത്തോളം ഇത്തരം കരിനിയമങ്ങള്‍. ജനങ്ങള്‍ക്കെതിരായ വിധ്വംസക നടപടിയാണ് ഇതുപോലെയുള്ള നിയമങ്ങളെന്നു ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഇന്നും കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ലാത്ത ഒരു സംസ്ഥാനത്ത് യു എ പി എയുടെ ദുരുപയോഗം ഒരു വിധേനയും പൊറുപ്പിക്കാവതല്ല. പിണറായി സര്‍ക്കാറില്‍ നിന്ന് ഇക്കാര്യത്തില്‍ ശക്തമായ നടപടി പ്രതീക്ഷിക്കുന്നുണ്ട് കേരളീയ സമൂഹം.