Connect with us

Kerala

പാലാരിവട്ടം പാലം അതീവ ശോചനീയാവസ്ഥയിലെന്ന് വിദഗ്ദ സംഘം: സൂരജ് അടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം

Published

|

Last Updated

കൊച്ചി: വലിയ അഴിമതി ആരോപണം നടന്നതായി റിപ്പോര്‍ട്ടുകളുള്ള പാലാരിവട്ടം പാലത്തിന്റെ അവസ്ഥ പരിതാപകരമെന്ന് കാണിച്ച് വിദഗ്ദ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പലാത്തില്‍ നടത്തിയ വിശദ പരിശോധനക്ക് ഒടുവിലാണ് അപകടാവസ്ഥ തുറുന്നുകാട്ടി ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതിനിടെ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസിലെ പ്രതികളായ ടി ഒ സൂരജ്, ടി വി തങ്കച്ചന്‍, സുമിത് ഗോയല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റീസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചത്.

2183 വിള്ളലുകളാണ് പാലത്തിലുള്ളത്. ഇതില്‍ 99 എണ്ണത്തിലും മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ട്.
ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ വിള്ളലുകള്‍ വലുതാകുകയും ഇത് വലിയ അപകടങ്ങള്‍ക്കിടയാക്കിയേക്കാമെന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.

ആവശ്യത്തിന് സിമെന്റും കമ്പിയും ഉപയോഗിച്ചില്ല. ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഗര്‍ഡറുകള്‍ക്കു താഴേക്കു വലിച്ചില്‍, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാര്‍, തുടങ്ങിയ നിരവധി പാളിച്ചകള്‍ പാലത്തിനുണ്ടെന്ന് നേരത്തെ വിദഗ്ദ സംഘം അഭിപ്രായപ്പെട്ടിരുന്നു. ഇത് തുറന്ന് എഴുതിയുള്ള റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

പാലം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുള്ള ഉന്നത ഉദ്യോഗസ്ഥരേയും കരാറുകാരേയുമെല്ലാം പ്രതി ചേര്‍ത്ത വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. മുന്‍മന്ത്രി ഇബ്രാഹം കുഞ്ഞിന്റെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് വിജിന്‍സ് നല്‍കുന്ന സൂചന. പാലം അഴിമതിയെ തുടര്‍ന്ന് കരാറുകാരില്‍ നിന്ന് നാലരക്കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ആര്‍ ഡി എക്‌സ പ്രോജക്ട്‌സ് എന്ന കമ്പനിയില്‍ നിന്നാണ് റോഡ്‌സ് ആന്ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ പണം പിടിച്ചെടുത്തത്.