Connect with us

Gulf

സഊദി അരംകോ ഓഹരി വിപണിയില്‍; രണ്ട് ശതമാനം ഓഹരികള്‍ വിറ്റഴിച്ചേക്കും

Published

|

Last Updated

ജിദ്ദ | ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സഊദി അറംകോ സഊദി സറ്റോക് എക്‌സ്‌ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്നതായി സ്ഥിരീകരിച്ചു. കമ്പനിയുടെ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ ഓഹരികള്‍ സറ്റോക് എക്‌സ്‌ചേഞ്ചില്‍ ഇറക്കാനാണ് പദ്ധതിയെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) ആകും ഇത്.

1.2 ട്രില്ല്യന്‍ ഡോളറാണ് അരംകോയുടെ മൂല്യം. ഇതില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ ഓഹരികള്‍ പൊതുവിപണിയില്‍ അവതരിപ്പിക്കുന്നതിലൂടെ 20 മുതല്‍ 40 വരെ ബില്യന്‍ ഡോളര്‍ സമാഹരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ സഊദികള്‍ക്ക് മാത്രമാകും ഓഹരി വാങ്ങുവാന്‍ കഴിയുക. വിദേശ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അരംകോ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്ഥാപനങ്ങള്‍ക്കും വ്യക്തിഗത നിക്ഷേപകര്‍ക്കുമായി ഐപിഒയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുമെന്ന് അരംകോ അറിയിച്ചു. വില്‍കേണ്ട ഓഹരികളുടെ ശതമാനവും വാങ്ങല്‍ വിലയും ബുക്ക് ബില്‍ഡിംഗ് കാലയളവിന് ശേഷം നിര്‍ണയിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നവംബര്‍ 10 ന് ഐപിഒ പ്രോസ്‌പെക്ടസ് പുറത്തിറക്കാന്‍ അരാംകോ പദ്ധതിയിടുന്നുവെന്ന് സൗദി ഉടമസ്ഥതയിലുള്ള ന്യൂസ് ചാനല്‍ അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 30 ന് അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ 68 ബില്യണ്‍ ഡോളറിന്റെ അറ്റവരുമാനം നേടിയതായി അരാംകോ ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഇതേ കാലയളവില്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട വരുമാനവും മറ്റ് വരുമാനവും 244 ബില്യണ്‍ ഡോളറാണ്.

എണ്ണ വിലവിടിവ് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നായ, സഊദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അരംകോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. സഊദി അരംകോയുടെ നിശ്ചിത ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനു നേരത്തെ മന്ത്രി സഭാ തീരുമാനിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂല്യനിക്ഷേപ ധനസമാഹരണം ലക്ഷ്യമാക്കിയാണ് അരംകോ നടപടി.