Connect with us

Ongoing News

അലീഗഢ് തെരുവിലെ തണൽ

Published

|

Last Updated

നട്ടുച്ച വെയിലിൽ അലീഗഢ് സർവകലാശാലയുടെ മുന്നിലൂടെ ഉന്തുവണ്ടിയുമായി പോകുന്ന കുഞ്ഞുങ്ങളെ കാണുന്നത് എല്ലാ അലീഗറിയൻമാരുടെയും മനസ്സിലെ നീറ്റലായിരുന്നു. നോക്കിയാൽ കാണുന്നിടത്ത് എല്ലാ സ്വപ്നങ്ങളും പൂർത്തീകരിക്കാൻ പാകത്തിലുള്ള വിജ്ഞാന കേന്ദ്രമുണ്ടായിരുന്നിട്ടും നഗരത്തിന്റെ ആഴങ്ങളിലേക്ക് ഉന്തുവണ്ടികളുമായി പോകുന്ന കുറെ കുട്ടികൾ. വീട്ടിലെ പട്ടിണിയും പഠിക്കാനുള്ള സാഹചര്യങ്ങളുമില്ലാത്തതിന്റെ പേരിൽ തെരുവിലേക്കിറക്കപ്പെട്ടവർ. അവരെ നഗരത്തിലെ ഒറ്റ മുറിയിൽ പിടിച്ചിരുത്തി അറിവ് പകർന്നു കൊടുക്കുന്ന മലയാളി വിദ്യാർഥികളുടെ, അവരുടെ പ്രിയപ്പെട്ട കേരള ഭയ്യമാരെക്കുറിച്ചുള്ളതാണ് ഈ കഥ. ഉന്നത വിദ്യാഭ്യാസം നേടാനായി ഉത്തർപ്രദേശിലെ അലീഗഢ് ക്യാമ്പസിലെത്തിയ മലയാളി വിദ്യാർഥികളാണ് ഈ നഗരത്തിലെ ദരിദ്ര കുട്ടികളുടെ ഭയ്യമാർ.

ഇഗ്‌നൈറ്റ് ഇന്ത്യ മിഷന്റെ ഉദയം

അഞ്ച് വർഷങ്ങൾക്ക് മുമ്പ് തണുപ്പുപെയ്യുന്ന മഞ്ഞുകാലത്തിലെ ഒരു വൈകുന്നേരം, അലീഗഢ് നഗരത്തിലെ ഒരു ചായ ദുക്കാനിൽവെച്ചായിരുന്നു ആ മഹാ നഗരത്തിൽ അലഞ്ഞുതിരിയുന്ന കുഞ്ഞുങ്ങളെക്കുറിച്ച് കാലങ്ങളായി മനസ്സിന്റെയുള്ളിൽ നീറിപ്പുകയുന്ന ആശങ്കകളെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് മൂന്ന് പേരടങ്കുന്ന മലയാളി സംഘത്തിൽ തുടക്കമിട്ടത്. അലീഗഢ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികളായ ഇവർ ക്ലാസുകൾ കഴിഞ്ഞുള്ള ബാക്കി സമയം ഈ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള സംവിധാനമൊരുക്കാൻ തയ്യാറാവുകായായിരുന്നു.

ചായ വിൽപ്പന നടത്തുന്ന കടയിൽ വലിയ ഗൗരവത്തോടെ ഉപഭോക്താക്കളെ സ്വീകരിച്ച പത്ത് വയസ്സിന് താഴെ മാത്രം പ്രായമുള്ള അമനുമായുള്ള സംഭാഷണമാണ് തങ്ങളെ ഈ ദൗത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയതിലൊരാളായ മുഹമ്മദ് ബുഖാരി ഇപ്പോഴും ഓർക്കുന്നു. ആ വൈകുന്നേരം അമൻ കൂറേ സംസാരിച്ചു. പഠിക്കാനാഗ്രഹമാണെന്നും അവസരങ്ങളില്ലെന്നും അവൻ വിലപിച്ചു. പഠിക്കാൻ തങ്ങളവസരമൊരുക്കാമെന്ന മലയാളി സംഘത്തിന്റെ മറുപടിക്ക് തന്റെ കൂട്ടുകാരേയും താൻ സംഘടിപ്പിച്ചു താരാമെന്ന് അമൻ വാക്കുനൽകി. അവന്റെ ഗല്ലിയിലെ വിലാസം വാങ്ങി ക്യാമ്പസിലേക്ക് തിരികെ നടന്നു. പിറ്റേന്ന് വെളുപ്പിന് തന്നെ അലീഗഢ് നരഗത്തിലെ അമന്റെ ഗല്ലി തിരിഞ്ഞ് നടന്നു. നേരത്തെ പറഞ്ഞ ഗല്ലിയിൽ അങ്ങനെയൊരു കുട്ടിയെ അറിയില്ലെന്ന് കാണുന്നവരെല്ലാം തീർത്തു പറഞ്ഞു.

ഒടുവിൽ ശ്രമം ഉപേക്ഷിച്ച് തിരിച്ചുനടക്കാൻ തുടങ്ങവേ അപ്രതീക്ഷിതമായി അമൻ മുന്നിൽ വന്നു നിൽക്കുന്നു. പഠിക്കാൻ ആരെയും കിട്ടുന്നില്ലെന്നും വീട്ടിൽ നിന്ന് അനുവദിക്കുന്നില്ലെന്നുമുള്ള മറുപടിയായിരുന്നു അമനു പറയാനുണ്ടായിരുന്നത്. ഒടുവിൽ അലീഗഢ് ക്യാമ്പസിന് ചുറ്റുമുള്ള കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ എന്ത് സംവിധാനമൊരുക്കാൻ കഴിയുമെന്ന ചോദ്യം ക്യാമ്പസിലെ മലയാളി വിദ്യാർഥികൾക്കിടിയിൽ വെച്ചു. അവർ ഇഗ് നൈറ്റ് ഇന്ത്യ മിഷൻ എന്ന സോസൈറ്റി രൂപം നൽകി.

മദ്റസയും സ്‌കൂളും

മുസ്്ലിം ഭൂരിപക്ഷ പ്രദേശമായതിനാലും അലീഗഢ് ക്യാമ്പസിലെത്തിയ കേരളത്തിൽ നിന്നുള്ള മതപാഠശാലകളിൽ പഠനം നടത്തിയ വിദ്യാർഥികളുടെ സേവനം സൗജന്യമായി ലഭിക്കുമെന്നതുകൊണ്ടും ആദ്യം ആരംഭിച്ചത് മതപാഠശാലയായിരുന്നു. ഗല്ലികളിൽ പോയി കുട്ടികളെ കണ്ടെത്തി. മദ്‌റസയിലേക്ക് വരാൻ അവരെ നിർബന്ധിച്ചു. നഗരത്തിലെ ചെറിയ വാടക കെട്ടിടത്തിൽ സ്വയം പണം നൽകിയായിരുന്നു ഈ പരിശ്രമം. രണ്ട് വർഷത്തിന് ശേഷം ഇൻഫോറിയ എന്ന പേരിൽ സ്‌കൂൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കി. ആദ്യ ഘട്ടത്തിൽ ക്യാമ്പസിലെ മലയാളി വിദ്യാർഥികൾ തന്നെ അധ്യപകരായി സേവനം ചെയ്യാമെന്ന് തീരുമാനിച്ചു. പ്രീ പ്രൈമറി ക്ലാസുകളിലേക്ക് അഡ്മിഷനെടുത്തു. ഇപ്പോൾ ചെറിയൊരു വാടക കെട്ടിടത്തിൽ പ്രീ പ്രൈമറി, പ്രൈമറി സ്‌കൂളുകളായി ഉയർന്നു. അതി ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇഗ് നൈറ്റിന്റെ സ്‌കൂളുകളിലെത്തുന്നതെന്നു ഓരോ ദിവസവും ബോധ്യമാകുന്നുവെന്നാണ് അധ്യാപകർ പറയുന്നത്.

വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയായതിനാൽ ആവശ്യമായ പണം കണ്ടെത്തുകയെന്നത് ഇഗ്നൈറ്റ് മിഷനു മുന്നിൽ വലിയ പ്രതിസന്ധിയായി തുടരുകയാണ് . സ്‌കൂൾ കെട്ടിടത്തിന്റെ വാടക മുതൽ കുട്ടികളുടെ യുനിഫോം, പുസ്തകം തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പണം വേണം. പലപ്പോഴും മലയാളി വിദ്യാർഥികളുടെ സ്റ്റൈപ്പൻഡ് തുകകൾ കടമായി വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഈ തരത്തിൽ തന്നെ ഇഗ്‌നൈറ്റിന് ലക്ഷങ്ങൾ കടമുണ്ടത്രെ. നഗരത്തിലെ ദരിദ്രരായ കുട്ടികളെ കേരളീയ മാതൃകയിൽ പുനരധിവസിപ്പിക്കാൻ തങ്ങളുടെ കൈയിൽ പദ്ധതികളുണ്ടെന്നും അതിന് ഫണ്ട് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും ഭാരവാഹികൾ പറയുന്നു.

ശാഫി കരുമ്പിൽ
• mskvalakkulam@gmail.com

Latest