Connect with us

Travelogue

അഗുംബെയിലെ മഴയഴക്

Published

|

Last Updated

മഴനൂലുകൾ ആഴ്ന്നിറങ്ങുന്ന കർണാടകയുടെ പടിഞ്ഞാറൻ മലനിരകളിലെ ചിറാപൂഞ്ചി എന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? പോട്ടെ, വിവിധയിനം ഔഷധ സസ്യങ്ങൾ കുടികൊള്ളുന്ന മഴക്കാടിനുള്ളിലെ രാജവെമ്പാലകളുടെയും പച്ചിലപ്പാമ്പിന്റെയും നാടിനെ കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ?.
ഇല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും “അഗുംബെ” എന്ന മനോഹരമായ സ്ഥലത്തേക്ക് ഒരു യാത്ര തിരിക്കണം. അവിടുത്തെ മഴയാത്രയിലൊന്നു ചേർന്നലിയണം. അപ്പോഴറിയാം മാൽഗുഡി ദിനങ്ങളിലെ അഗുംബെ എന്ന ഗ്രാമത്തിന്റെ സൗന്ദര്യമെന്തെന്ന്.

കർണാടകയിലെ ഷിമോഗ ജില്ലയിലെ തീർത്തഹള്ളി താലൂക്കിൽ പ്പെട്ട ചെറിയൊരു ഗ്രാമമാണ് അഗുംബെ. ഏതു കൊടുംചൂടിലും കുളിരു പകരുന്നൊരിടം.
സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 826 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളുടെ നിത്യഹരിത വനപ്രദേശമായ അഗുംബെയിലെ മഴക്കാടുകൾ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. കാലാവസ്ഥാ ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുള്ള ഇവിടുത്തെ മഴയെപ്പറ്റി വിവരിക്കേണ്ടതില്ലെന്നറിയാം. 7640 മില്ലീ ലിറ്റർ മഴ ലഭിക്കുന്നതുകൊണ്ടാകാം അഗുംബെ സൗത്ത് ഇന്ത്യയുടെ ചിറാപൂഞ്ചി എന്ന വിളിപ്പേരിന് അർഹമായത്. വർഷങ്ങൾക്ക് മുമ്പുവരെ നൂറിലധികം കുടുംബങ്ങൾ താമസിച്ചിട്ടുണ്ടായിരുന്നതും എന്നാൽ ഇന്നും പഴമ ഒട്ടും കൈവിടാതെ തലയെടുപ്പോടെ നിൽക്കുന്ന മാൽഗുഡി ദിനങ്ങൾക്ക് ദൃശ്യഭംഗി പകർന്ന ദൊഡ്ഡമന്നയിലെ കസ്തൂരി അക്കയുടെ ആ വലിയ വീടുമെല്ലാം അഗുംബെയുടെ ചെറിയൊരു ഉദാഹരണം മാത്രമാണ്.
ഉഡുപ്പിയിൽ നിന്നും തീർഥഹള്ളി വഴിയാണ് അഗുംബെയിലേക്ക് യാത്ര തിരിക്കുന്നതെങ്കിൽ ഹെബ്രി- സോമേശ്വരം വഴി അഗുംബെ ഘാട്‌സ് കയറാൻ തുടങ്ങും. സോമേശ്വര വൈൽഡ് ലൈഫ് സാങ്ച്വറി പിന്നിട്ടാൽ പിന്നീട് കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് പകരം ഇടതൂർന്ന കാടുകളാണ് നമ്മെ വരവേൽക്കുക. ഈ റൂട്ടിൽ സോമേശ്വരയാണ് മലയടിവാരത്തെ ചെറിയ ടൗൺഷിപ്പ് എന്ന് പറയാവുന്നത്. കാലാവസ്ഥ മാറിമറിയുന്നത് എങ്ങനെയെന്ന് അഗുംബെ ഘാട്‌സ് കയറുമ്പഴേ മനസ്സിലാകൂ.

മനംകുളിർക്കും മഴത്തുള്ളിപ്പാത

രണ്ട് വണ്ടിക്ക് കഷ്ടിച്ചു കടന്നുപോകാൻ കഴിയുന്ന അഗുംബെ ഘാട്‌സിലെ ചെറിയ ഇടുങ്ങിയ റോഡിലേക്ക് പ്രവേശിച്ചാൽ
ചന്നം പിന്നം മഴത്തുള്ളികൾ വന്നുപതിക്കാൻ തുടങ്ങും.
ശരിക്കും അവിടുന്നങ്ങോട്ട് മഴ ഓരോ സഞ്ചാരികളെയും സ്വാഗതം ചെയ്യുകയാണ്. കുത്തനെയുള്ള കയറ്റവും വലിയ വളവുകളും താണ്ടി ഏകദേശം പതിനാലോളം വളവുകൾ പിന്നിട്ടാൽ ആഗുംബയെന്ന കൊച്ചു ഗ്രാമത്തിലെത്തും.

അഗുംബെ സൂര്യാസ്തമയ മുനമ്പ് 

ചുരം കയറി ഏകദേശം മുകളിലെത്തിയാൽ അഗുംബെയിലെ അസ്തമയം ദൃശ്യമാകുന്ന സൂര്യാസ്തമയ മുനമ്പി (Sunset point)ലെത്താം. പശ്ചിമഘട്ട മലനിരകൾക്ക് മുകളിൽ അറബിക്കടലിന്റെ ചക്രവാളത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന കാഴ്ചകൾ ഇവിടെ നിന്നും കാണാം. സൂര്യാസ്തമന ദൃശ്യങ്ങൾ കാണാൻ മാത്രം നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്.
സൂര്യാസ്തമയ മുനമ്പിൽനിന്ന്കൂഡ്‌ലു തീർഥ വെള്ളച്ചാട്ടത്തിലേക്കെത്താം. ഇടതൂർന്ന വനത്തിലൂടെയുള്ള മനോഹരമായ ഒരു ട്രെക്കിംഗാണ് ഇവിടെക്കുള്ളത്. പ്രകൃതിദൃശ്യങ്ങളും ട്രക്കിംഗ്് റൂട്ടുകളും ഉള്ളതുകൊണ്ട് തന്നെ സാഹസിക പ്രേമികൾക്ക് അനുയോജ്യമായ പാതകൂടിയാണ് കൂഡ്‌ലു തീർഥ വെള്ളച്ചാട്ടത്തിലേക്കുള്ളത്.

രാജവെമ്പാലകളുടെ ഇഷ്ടയിടം

ഭാരതത്തിൽ ഏറ്റവും കൂടുതൽ രാജവെമ്പാലകൾ ഉള്ളത് അഗുംബെ എന്ന മനോഹരമായ ഈ ചെറു ഗ്രാമത്തിലാണ് അതുകൊണ്ട് തന്നെ ആഗുംബെ “കിംഗ് കോബ്രയുടെ തലസ്ഥാനമായും അറിയപ്പെടുന്നു. രാജവെമ്പാലയുടെയും ഇതര പാമ്പ് വർഗങ്ങളുടെയുമെല്ലാം പഠനവും, ചരിത്രവും ലക്ഷ്യമിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഗവേഷകരും വിദ്യാർഥികളും ശാസ്ത്ര തത്പരരുമായ നിരവധിപേർ ഇന്നും ഇവിടേക്കെത്തുന്നുണ്ട്.

ധാരാളം ജലധാരകൾ

അഗുംബെ ഗ്രാമത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചെറിയ ഒരു വെള്ളച്ചാട്ടമാണ് ജോഗിഗുണ്ട് വെള്ളച്ചാട്ടം. അഗുംബയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ട്രക്കിംഗിന് എത്തുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്.

മലപഹാരി നദിയിൽ നിന്നാണ് ജോഗിഗുണ്ട് വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. ജോഗിഗുണ്ട് വെള്ളച്ചാട്ടത്തിലെ വെള്ളം താഴ്‌വരയിലൂടെ ഒഴുകി അവസാനം തുംഗ നദിയുമായി ലയിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി വിനോദത്തിൽ ഏർപ്പെടാൻ കഴിയുന്ന ജോഗിഗുണ്ട് വെള്ളച്ചാട്ടത്തിലേക്ക് മിക്കവാറും ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ ട്രക്കിംഗ് അനുവദിക്കാറില്ല.
അഗുംബെയിൽ നിന്നും 41 കിലോമീറ്റർ സഞ്ചരിച്ചാൽ സിരിമനെ വെള്ളച്ചാട്ടത്തിലെത്താം. ഒരാൾക്ക് ഇരുപത് രൂപയാണ് ടിക്കറ്റ് നിരക്ക്. പടവുകൾ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ എത്താം. വളരെ മനോഹരമായ ആ വെള്ളച്ചാട്ടത്തിന്റെ ഭംഗിയെ വർണിച്ചാലറ്റമുണ്ടാകില്ല..

കുന്ദാദ്രിബ മലയും ഒനകെ അബ്ബിയും

അഗുംബെയിൽ നിന്ന് പതിനേഴ് കിലോമീറ്റർ ദൂരെയായി നിലകൊള്ളുന്ന ഒരു കുന്നിൻ മുകളാണ് കുന്ദാദ്രി ബേട്ട. ഈ ഭൂപ്രകൃതിയിലേക്ക് പോകുമ്പോൾ വഴിയിൽ നിറയെ വാനരപ്പടയെ കാണാം. അഗുംബെയിൽ നിന്നും കുന്ദാദ്രി മലയിലേക്ക് ഹെയർപ്പിന് വളവുകൾ താണ്ടി വേണം എത്തിച്ചേരാൻ. അതും അവസാന നാല് കിലോമീറ്റർ ഇടുങ്ങിയ വളവുകളുള്ള വലിയൊരു കയറ്റം കയറിയാൽ അടുത്ത് വരെ ചെന്നെത്താം. അഗുംബയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ കാടിന് അകത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ഒനകെ അബ്ബി വെള്ളച്ചാട്ടം. വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടുകൂടി വേണം കാടിനുള്ളിലൂടെ അട്ടയുടെ കടിയും കൊണ്ട് നദിയും മുറിച്ചുകടന്നു ഇങ്ങോട്ടേക്കെത്താൻ. നാനൂറ് അടിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് ഏകദേശം നാല് കിലോമീറ്റർ കാട്ടിലൂടെ ട്രക്കിംഗ് ചെയ്താലേ വെള്ളച്ചാട്ടത്തിന്റെ പൂർണമായൊരു കാഴ്ച ലഭിക്കൂ.

abuvk55@gmail.com

Latest