Connect with us

Poem

പുതപ്പ്

Published

|

Last Updated

സാധാരണ നിലയിൽ ചീറിപ്പായുന്ന ‘ട്രെയിൻ ഇന്ന് വളരെ പതുക്കെയാണ്. പുറത്തുപെയ്യുന്ന മഞ്ഞ് കണങ്ങളാണത്രെ അതിന്റെ കാരണം. ആരും ട്രെയിനിന്റെ സൈഡ് ഷട്ടറുകൾ തുറന്നിട്ടില്ല അസഹ്യമായ തണുപ്പ് തന്നെയാണ് കാരണം.

അയാൾ മൊബൈൽ ആപ്പ് തുറന്ന് ട്രെയിനിന്റെ സ്റ്റാറ്റസ് പരിശോധിച്ചു. രണ്ട് മണിക്കൂർ വൈകിയാണ് ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത്. തണുപ്പകറ്റാൻ ചൂടു ചായയും നുകർന്ന് അയാളങ്ങനെ ഇരുന്നു. ഇടയിൽ കൈ നീട്ടി ഒരു ചെറിയ കുട്ടി അയാളിലേക്ക്. മുടിയിലും മുഖത്തും ശരീരഭാഗങ്ങളിലുമെല്ലാം ചളി പറ്റിപ്പിടിച്ചിട്ടുണ്ട്. ചിരിക്കുമ്പോൾ പല്ലിൽ പറ്റിപ്പിടിച്ച കറുത്ത പുള്ളികൾ കാണുന്നു. അടുത്തേക്ക് ചെല്ലുന്നോരെല്ലാം അറപ്പോടെ ഇവളിൽ നിന്ന് അകലം തേടുന്നു.
തന്റെ കുട്ടിയുടെ മുഖച്ഛായ അയാൾക്ക് തോന്നി ആ കുട്ടിയിൽ. പോക്കറ്റിൽ നിന്ന് അഞ്ച് രൂപയെടുത്ത് അയാൾ ആ കുട്ടിക്ക് നീട്ടി. കുട്ടിയുടെ ദയനീയമായ നോട്ടം ചായ ഗ്ലാസിലേക്കായിരുന്നു. കുട്ടിയുടെ വിശപ്പിനെ തിരിച്ചറിഞ്ഞ അയാൾ വഴിയെ വന്ന ഭക്ഷണ വിൽപ്പനക്കാരനിൽ നിന്ന് ഒരു പൊതി വാങ്ങി അവൾക്ക് നൽകി. കറുത്ത പുള്ളിയുള്ള പല്ല് കാട്ടി ചിരിച്ച് അവൾ ഓടിയകന്നു.

ചായ കുടിച്ച് കഴിഞ്ഞ് കൈകഴുകാൻ പോയപ്പോൾ അവിടെ മൂത്രപ്പുരയുടെ ഭിത്തിയോട് ചാരിയിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടക്ക് ചോറ് നിറഞ്ഞ വായയുമായി ചിരിക്കാൻ ശ്രമിക്കുന്ന ആ കുട്ടിയെ കണ്ടു അയാൾ.
കൈ കഴുകി തിരിച്ചുവന്ന് അധിക സമയം കളയാതെ അയാൾ തന്റെ പതിവിലേക്ക് മടങ്ങി. ഉറക്കം ഗാഢതയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. പരിസര ബോധമില്ലാതെ അയാൾ ഉറങ്ങി.

കാലിന്റടിയിൽ അനുഭവപ്പെട്ട കൊടും തണുപ്പാണ് അയാളെ ഉണർത്തിയത്. എഴുന്നേറ്റിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അസഹ്യമായ തണുപ്പും മഞ്ഞുവീഴ്ചയും. മുന്നേ കരുതിയ കമ്പിളിപ്പുതപ്പ് പുറത്തെടുത്ത് പുതച്ച് കിടന്നു. തണുപ്പകലുന്നില്ല.

അടുത്ത സ്റ്റേഷനിലിറങ്ങി ഒരു പുതപ്പുകൂടി വാങ്ങി അയാൾ തിരിച്ചുകയറി. തന്റെ സീറ്റിൽ കയറി ഉറങ്ങാൻ കിടന്നപ്പോൾ കൈത്തടത്തിൽ ഒരു തോണ്ടൽ.
നേരത്തെ വന്ന അതേ കുട്ടി തന്നെ, അവളുടെ ചുണ്ടുകൾ തണുപ്പറിഞ്ഞിട്ടുണ്ട്. അവൾ നോക്കുന്നത് പുതപ്പിലേക്കാണ്. കൊടുക്കണമെന്ന് അയാളുടെ മനസ്സ് പറഞ്ഞപ്പോഴേക്കും തണുപ്പിന്റെ ചിന്ത അയാളെ തടഞ്ഞുവെച്ചു. ആ കുട്ടിയോട് പോകാൻ ആംഗ്യം കാണിച്ചു.
അവൾ പോകുന്നില്ല, വീണ്ടും കൈ നീട്ടുന്നു. അല്ലെങ്കിലും ഇവളുമാർക്കൊന്നും ഒന്നും കൊടുക്കാൻ പാടില്ല സാറെ, കൊടുത്താൽ പിന്നെ ഇതുപോലെ മേല്ന്ന് പോകില്ല.

അയാളുടെ തൊട്ട് മുകളിലെ സീറ്റിലെ ആളുടെ വാക്കുകളായിരുന്നു അത്.
അത് പറഞ്ഞ് അയാൾ ആ കുട്ടിയെ തള്ളി പോകാൻ പറഞ്ഞു. അവൾ പോയി മൂത്രപ്പുരയുടെ ഭിത്തിയിൽ ചാരി ചുരുണ്ടിരുന്നു.
അയാൾ ഉറങ്ങാൻ കിടന്നു. അധികനേരമായില്ല അയാൾ ഉണർന്നു. തണുപ്പിന്റെ ശക്തിതന്നെ അയാളെ ഉണർത്തിയത്. പുറത്ത് ശക്തമായ മഞ്ഞുവീഴ്ചയുണ്ട്. പെട്ടെന്നയാൾ കുട്ടിയെ ഓർത്തു. രണ്ട് പുതപ്പുള്ള തനിക്ക് തന്നെ തണുപ്പ് സഹിക്കുന്നില്ലെങ്കിൽ ആ കുട്ടിക്ക്. അയാളുടെ മനസ്സ് അമ്പരപ്പ് പ്രകടിപ്പിച്ചു. അയാൾ മൂത്രപ്പുരയുടെ ഭാഗത്തേക്ക് എത്തിനോക്കി. അവൾ അവിടെ ചുരുണ്ടുകിടന്ന് വിറക്കുന്നുണ്ട്.

അയാൾ വേഗം ഇറങ്ങിച്ചെന്ന് ഒരു പുതപ്പ് അവളെ പുതപ്പിച്ചു. ആ ചിരി അയാൾ അപ്പോഴും കണ്ടു. കറുത്ത പുള്ളികൾ കാണിച്ച ചിരി.
അയാൾ തിരിച്ചു വന്ന് മനസ്സമാധാനത്തോടെ ഉറങ്ങാൻ കിടന്നു.
കൂട്ട സംസാരം കേട്ടാണ് അയാൾ ഉണർന്നത്. ഉണർന്ന് എഴുന്നേറ്റിരുന്നപ്പോൾ അടുത്തുള്ള ആൾ ഒരു പുതപ്പ് നീട്ടുന്നു.
ഇതാ നിങ്ങളുടെ പുതപ്പ്, നിങ്ങൾ ഉറങ്ങിയ സമയത്ത് ആ പിച്ചക്കാരി കട്ടുകൊണ്ടു പോയതാ, ഞാൻ മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ കണ്ടു അപ്പോൾ എടുത്തു കൊണ്ടു വന്നതാ.

അയാളൊന്നു ഞെട്ടി, പുതപ്പ് വാങ്ങുന്നതിന് മുമ്പ് ഇറങ്ങി മൂത്രപ്പുരയുടെ ഭാഗത്തേക്ക് ഓടി. ആ കുട്ടി തണുപ്പത്ത്.
അയാളുടെ മനസ്സ് തേങ്ങി.
ചെന്നപ്പോൾ അവൾ അവിടെത്തന്നെ ചുരുണ്ടു കിടക്കുന്നുണ്ട്. ശരീരത്തിലെല്ലാം എന്തോ ഒരു വെളുപ്പ് നിറം വന്നിരിക്കുന്നു. അയാൾ ഒന്നുകൂടി അടുത്ത് ചെന്ന് നോക്കി ശ്വാസത്തിനനുസരിച്ച് നെഞ്ച് താളം ഇടുന്നില്ല.
അയാൾ അറിയാതെ ഒന്ന് ഞെട്ടി. വിറ കൈകളോടെ ആ കുട്ടിയെ ഒന്ന് തൊട്ടു. കൈ അറിയാതെ തന്നെ വലിച്ചു.
അസഹനീയമായ തണുപ്പിൽ ആ കുട്ടി മരവിച്ച് മരിച്ചിരിക്കുന്നു. കുറച്ച് കഴിയുമ്പോഴേക്ക് ആ കുട്ടിയുടെ ശരീരം കുറച്ച് ഡോക്ടർമാർ വന്ന് കൊണ്ടു പോകുന്നതയാൾ കണ്ടു. കണ്ണിൽ നിറഞ്ഞ കണ്ണുനീരൊളിപ്പിക്കാൻ ആ യാത്രയിലുടനീളം അയാൾ പാടുപെട്ടു.

മുഹമ്മദ് ഫാഇസ് പുത്തൻപള്ളി
• fayisputhanpally@gmail.com

Latest