Connect with us

National

പോലീസ്-അഭിഭാഷക സംഘര്‍ഷം: കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതി വളപ്പില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ പോലീസ്-അഭിഭാഷക സംഘര്‍ഷത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പുറമെ, ഡല്‍ഹി ബാര്‍ കൗണ്‍സിലിനും ഡല്‍ഹി ജില്ലാ കോടതികളിലെ ബാര്‍ അസോസിയേഷനുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്. സംഭവത്തെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ ഇടപെട്ട കോടതി കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍, ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനമെടുത്തത്. പാര്‍ക്കിംഗിനെ ചൊല്ലിയാണ് കോടതി വളപ്പില്‍ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 10 പോലീസുകാര്‍ക്കും നിരവധി അഭിഭാഷകര്‍ക്കും പരുക്കേറ്റു. 17 വാഹനങ്ങള്‍ തകര്‍ന്നു.

Latest