Connect with us

International

അയവില്ലാതെ ഹോങ്കോംഗ്:  പ്രക്ഷോഭം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണവുമാകുന്നു

Published

|

Last Updated

വിക്ടോറിയാ പാർക്കിലെത്തിയ പ്രക്ഷോഭകർ

ഹോങ്കോംഗ് | ഇരുപത്തിരണ്ടാം ആഴ്ചയിലേക്ക് നീങ്ങിയ ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർക്ക് നേരെ ഇന്നലെയും പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിഷയത്തിൽ അന്താരാഷ്ട്ര അടിയന്തര സഹായം ആവശ്യപ്പെട്ടാണ് നിരോധനം മറികടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാർ റാലിയിൽ അണിനിരന്നത്.

പതിവ് പോലെ കറുത്ത മുഖം മൂടിയും ഹോങ്കോംഗിന് സ്വാതന്ത്ര്യം എന്നെഴുതിയ ടി ഷർട്ടും ധരിച്ചാണ് പ്രക്ഷോഭകർ ഇന്നലെ കോസ്‌വെ ബെയിലെ വിക്ടോറിയ പാർക്കിലേക്ക് റാലിയായെത്തിയത്. ഇവർക്ക് നേരെ പോലീസ് കണ്ണീർ വാതകവും കുരുമുളക് സ്‌പ്രേയും ജലപീരങ്കിയും പ്രയോഗിച്ചു.

പ്രക്ഷോഭകർ പോലീസിന് നേരെ പെട്രോൾ ബോംബുകളെറിയുകയും ചൈനീസ് അനുകൂല സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. നടക്കാനിരിക്കുന്ന ജില്ലാ സമിതി തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ലക്ഷ്യമിട്ടുകൂടിയാണ് ഇപ്പോൾ നടക്കുന്ന റാലികൾ. അതുകൊണ്ടുതന്നെ തിരഞ്ഞടുപ്പ് റാലികൾക്ക് മുൻകൂട്ടി പോലീസ് അനുമതി വാങ്ങേണ്ടതില്ല എന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് പ്രക്ഷോഭം ശക്തമാക്കുന്നത്. സ്ഥാനാർഥികൾ അവരുടെ പേരെഴുതിയ ബാനറുകളുമായാണ് റാലികളിൽ പങ്കെടുക്കുന്നത്. ഈ മാസം 24നാണ് ജില്ലാ സമിതികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക.

അതിനിടെ, ഹോങ്കോംഗിൽ സംഘർഷം വ്യാപിക്കുന്നതിന് തടയിടാൻ ടെലിഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. സർക്കാറിന്റെ ആവശ്യം കോടതി കൂടി അംഗീകരിച്ചതോടെയാണ് നിരോധനം നിലവിൽ വന്നത്. നേരത്തേ, പ്രക്ഷോഭകരെ തിരിച്ചറിയുന്നതിന് വേണ്ടി മുഖംമൂടിയണിയുന്നത് നിരോധിച്ചിരുന്നു.

Latest