Connect with us

Articles

ഹോങ്കോംഗിലെ കുട കശ്മീരിലും ചൂടാം

Published

|

Last Updated

സമര ഭരിതമാണ് ലോകം. ഇറാഖിൽ, ലബനാനിൽ, അൾജീരിയയിൽ, ചിലിയിൽ, ഹോങ്കോംഗിൽ, പാക്കിസ്ഥാനിൽ… ജനങ്ങൾ തെരുവിലാണ്. മിക്കയിടങ്ങളിലും ഒരു സംഘടനാ സംവിധാനവുമില്ലാതെയാണ് പ്രക്ഷോഭം കത്തിപ്പടരുന്നത്. പതിവ് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നു ഈ സമരാവിഷ്‌കാരങ്ങൾ. ഈ യുവാക്കൾക്ക് പ്രത്യയ ശാസ്ത്ര ബാധ്യതകൾ ഒട്ടുമില്ല. ഭാവി അവരെ അലട്ടുന്നുമില്ല. തൊട്ടു മുന്നിലുള്ള ലക്ഷ്യത്തിലേക്ക് മാത്രമേ അവർ നോക്കുന്നുള്ളൂ. അത് ഒരു തെറ്റല്ല. “ഇൻ ദി ലോംഗ് റൺ ആൾ വി ആർ ഡെഡ്” എന്നാണല്ലോ. എന്നാൽ മുല്ലപ്പൂ വിപ്ലവമെന്ന് വിളിക്കപ്പെട്ട ഭരണമാറ്റ പരമ്പരകളുടെ അനുഭവത്തിൽ നിന്നാണ് പാഠം സ്വീകരിക്കുന്നതെങ്കിൽ ഇത്തരം പ്രക്ഷോഭങ്ങളുടെ ആത്യന്തിക ഫലത്തെ കുറിച്ച് ആശങ്കപ്പേടേണ്ടി വരും. ടുണീഷ്യയിൽ വിപ്ലവം തുടങ്ങിയത് സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ്മക്കുമെതിരെയായിരുന്നു. സൈനുൽ ആബിദീൻ ബിൻ അലി ആദ്യം ഭരണത്തിൽ നിന്നും പിന്നീട് ജീവിതത്തിൽ നിന്ന് തന്നെയും ഒഴിഞ്ഞിട്ടും ടുണീഷ്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ജനകീയ വിപ്ലവത്തിന്റെ സൃഷ്ടിയായ ജനാധിപത്യ സർക്കാറുകൾക്ക് ബിൻ അലിയുടെ വഴികളിൽ നിന്ന് ഒട്ടും മാറാൻ സാധിച്ചില്ല. ഐ എം എഫും ലോകബേങ്കും തന്നെയാണ് ഇന്നും ടുണീഷ്യയുടെ ആശ്രയം. സ്വയം തീകൊളുത്തി വിപ്ലവത്തിന് നിലയ്ക്കാത്ത ചൂടു പകർന്ന മുഹമ്മദ് ബൗസിസിന്റെ പ്രതിപുരുഷൻമാർ എമ്പാടുമുണ്ട് ഇന്ന് ടുണീഷ്യയിൽ. സിറിയയിൽ ബശർ അൽ അസദിനെ പുറത്താക്കാൻ തുടങ്ങിയ പ്രക്ഷോഭം എത്ര മാത്രം രക്ത പങ്കിലമായെന്ന് കണ്ടതാണല്ലോ. മുല്ലപ്പൂ മണത്തിന്റെ കണക്കിലെഴുതിയ ലിബിയ ഇന്ന് അരാജകത്വത്തിന്റെ കേന്ദ്രമാണ്. അലി അബ്ദുല്ല സ്വലാഹിനെ താഴെയിറക്കാൻ പ്രക്ഷോഭം തുടങ്ങിയ യമൻ ഇന്ന് മുഴുപ്പട്ടിണിയിലാണ്. ഈജിപ്തിൽ വിപ്ലവത്തിന്റെ പങ്കു പറ്റി അധികാരം പിടിച്ച ബ്രദർഹുഡ് അത്യന്തം പരാജയമായിരുന്നു. ഹുസ്‌നി മുബാറക്കിന്റെ ഇഷ്ട സൈന്യാധിപൻ ജനറൽ സീസിയുടെ കൈകളിൽ അധികാരം തിരിച്ചെത്തി. അതുകൊണ്ട് തെരുവു പ്രക്ഷോഭങ്ങളെ സർവാത്മനാ കൊണ്ടാടാനാകില്ല. അവരെ ആരും നിയന്ത്രിക്കുന്നില്ല എന്നത് തോന്നൽ മാത്രമാണ്. ഏതൊക്കെയോ ചരടുകൾക്കനുസരിച്ച് തന്നെയാണ് അവർ ചലിക്കുന്നത്.
ഈ വസ്തുതയെ ഏറ്റവും നന്നായി പ്രകാശിപ്പിക്കുന്നത് ചൈനയുടെ ഭാഗമായ ഹോങ്കോംഗിൽ തുടരുന്ന പ്രക്ഷോഭമാണ്. ജൂണിലാണ് ഹോങ്കോംഗ് സിറ്റിയിൽ പ്രക്ഷോഭത്തിന്റെ പുതിയ അല തുടങ്ങിയത്. രാഷ്ട്രീയ തടവുകാരെയടക്കം ചൈനക്ക് കൈമാറുന്ന നിയമം പിൻവലിക്കണമെന്നായിരുന്നു പ്രക്ഷോഭക്കാരുടെ ആവശ്യം. നഗരത്തിന്റെ നീതിന്യായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമായാണ് യുവാക്കൾ ഈ നിയമത്തെ കണ്ടത്. 2015ലെ പ്രക്ഷോഭത്തിന് സമാനമായ ജന പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാർഥികൾ തന്നെയായിരുന്നു മുൻ നിരയിൽ. സാമൂഹിക മാധ്യമങ്ങൾ സമരത്തിന് വലിയ വ്യാപനം നൽകി. ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം ഒടുവിൽ വഴങ്ങി, വിവാദ നിയമം പിൻവലിച്ചു.

പക്ഷേ പ്രക്ഷോഭം പിൻവലിച്ചില്ല. ചീഫ് എക്‌സിക്യൂട്ടിവിനെ തിരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നതായി പുതിയ ലക്ഷ്യം. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇപ്പോൾ ചീഫ് എക്‌സിക്യൂട്ടീവിനെ നിശ്ചയിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഒരു കൂട്ടം പേരുകൾ ഹോങ്കോംഗ് ഭരണസമിതി ബീജിംഗിന് അയച്ചു കൊടുക്കും. ചൈനീസ് കൂറ്, കുടുംബ പശ്ചാത്തലം, അന്തർ ദേശീയ ബന്ധം തുടങ്ങിയവ പരിഗണിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതർ നിശ്ചയിക്കും ആര് ഹോങ്കോംഗിനെ നയിക്കണമെന്ന്. പ്രക്ഷോഭകർ ആവശ്യപ്പെടുന്നത് നേരിട്ടുള്ള തിരഞ്ഞെടുപ്പ് വേണമെന്നാണ്. തിരഞ്ഞെടുപ്പ് ശീലമില്ലാത്ത ചൈന ഇത് അംഗീകരിക്കില്ലെന്നുറപ്പാണല്ലോ. അങ്ങനെയൊക്കെയാണെങ്കിലും പ്രക്ഷോഭം പടരുന്നതിൽ ചൈനീസ് അധികൃതർക്ക് ആശങ്കയുണ്ട്. അന്താരാഷ്ട്ര പ്രതിച്ഛായ തന്നെയാണ് പ്രശ്‌നം. അതുകൊണ്ട് വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ചൈനീസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നു. ചീഫ് എക്‌സിക്യൂട്ടീവിനെ നിശ്ചയിക്കുന്ന രീതി മാറുമെന്നാണ് വാഗ്ദാനം. പക്ഷേ, എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഹോങ്കോംഗിലെ പ്രക്ഷോഭത്തിന് പാശ്ചാത്യ മാധ്യമങ്ങളിൽ അമിതമായ പ്രാധാന്യം ലഭിക്കുന്നുവെന്നത് വസ്തുതയാണ്. പ്രക്ഷോഭത്തിന്റെ പ്രതീകങ്ങൾ കൊണ്ടാടപ്പെടുന്നു. ചെറു ചലനങ്ങൾ പോലും വാർത്തയാകുന്നു. ജനാധിപത്യ അഭിവാഞ്ഛകളോടുള്ള മാധ്യമങ്ങളുടെ കരുതലല്ല ഈ ആഘോഷത്തിന് പിന്നിൽ. അപ്പുറത്ത് ചൈനയാണ് എന്നത് തന്നെയാണ് മാധ്യമങ്ങളെ ഇത്ര ജാഗരൂകരാക്കുന്നത്. അമേരിക്ക നേതൃത്വം നൽകുന്ന ശാക്തിക ചേരിയെ എല്ലാ അർഥത്തിലും വെല്ലുവിളിക്കുന്ന രാജ്യമാണ് ഇന്ന് ചൈന. അതുകൊണ്ട് ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യവിരുദ്ധ സമീപനങ്ങളും വലിയ മുഴക്കം കൈവരിക്കുന്നു. പക്ഷേ ഹോങ്കോംഗുകാർ ചോദിക്കുന്നത് സ്വയം നിർണയാവകാശമായതിനാൽ പാശ്ചാത്യരുടെ രാഷ്ട്രീയം തിരിച്ചറിയുമ്പോൾ തന്നെ ഈ മനുഷ്യരെ പിന്തുണക്കേണ്ടി വരും. ടിയാനൻമെൻ സ്‌ക്വയർ ചൈനയിലായതിനാൽ പ്രത്യേകിച്ചും.

1984ൽ ബ്രിട്ടനും ചൈനയും തമ്മിൽ ഒപ്പു വെച്ച കരാർ പ്രകാരമാണ് ഹോങ്കോംഗ് നഗരത്തിന്റെ നിയന്ത്രണം ചൈനക്ക് കൈവന്നത്. ബ്രീട്ടീഷ് കോളനിയായിരുന്ന ഈ പ്രദേശം അങ്ങനെ 1997 മുതൽ ചൈനയുടെ റിമോട്ട് ഭരണത്തിലായി. “ഒരു രാജ്യം, രണ്ട് സംവിധാനം ” എന്നതായിരുന്നു തത്വം. അത്പ്രകാരം ഹോങ്കോംഗിന് വലിയ തോതിൽ സ്വയംഭരണ അവകാശം നൽകി. വിദേശ നയവും പ്രതിരോധവും ഒഴിച്ച് മറ്റെല്ലാ മേഖലയിലും ഹോങ്കോംഗിന് സ്വയം നിർണയാവകാശമുണ്ട്. സ്വന്തമായി നിയമ സംഹിതയും അവകാശ രേഖയും ഇവിടെയുണ്ട്. ചൈനീസ് മെയിൻ ലാൻഡിനേക്കാൾ അഭിപ്രായ സ്വാതന്ത്ര്യവും സംഘം ചേരൽ സ്വാതന്ത്ര്യവും തങ്ങൾക്കുണ്ടെന്ന് ഹോങ്കോംഗുകാർ പറയുന്നു. എന്നാൽ ചരട് ചൈനയുടെ കൈയിൽ തന്നെയാണ്. ഭരണത്തലവനെയും അദ്ദേഹത്തിന്റെ സഹായികളെയും തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം തങ്ങളുടെ വരുതിയിലാക്കിയാണ് ചൈന ഇത് സാധിച്ചെടുത്തത്. ഭരണത്തലവനെ തിരഞ്ഞെടുക്കുന്നതിൽ സമഗ്ര പരിഷ്‌കരണം വേണമെന്നാവശ്യപ്പെട്ടാണ് 2015ൽ ഐതിഹാസിക പ്രക്ഷോഭം ഹോങ്കോംഗിൽ അരങ്ങേറിയത്. കുടയായിരുന്നു അന്നത്തെ പ്രതീകം.

തിരോധത്തിന്റെയും സംരക്ഷിത ബോധത്തിന്റെയും ഏറ്റവും ലളിതമായ പ്രതീകം എന്ന നിലക്കാണ് പ്രക്ഷോഭകർ കുട ചൂടിയത്. മഹാത്മാഗാന്ധിയുടെ ഉപ്പ് പോലെ ലളിതവും ധ്വനി സമ്പന്നവുമാണ് ഈ കുട. പോലീസ് കുരുമുളക് പ്രയോഗിക്കുമ്പോൾ അവർ കുട കൊണ്ട് പ്രതിരോധിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിക്കുമ്പോഴും അവർ കുട പിടിച്ചു. കണ്ണീർ വാതക ഷെല്ലുകൾ കുടയിൽ തട്ടി ചിതറി. ഇത്തവണ മുഖം മൂടിയണിഞ്ഞാണ് പ്രക്ഷോഭകർ തെരുവിലെത്തിയത്. സർക്കാർ മുഖം മൂടി നിരോധിച്ചിട്ടും അവരത് മാറ്റിയിട്ടില്ല. ഇന്റർനെറ്റാണ് ചാലക ശക്തിയെന്നതിനാൽ ഈ പ്രക്ഷോഭത്തിന്റെ ബുദ്ധി കേന്ദ്രം മറ്റെവിടെയോ ആയിരിക്കാം. അത് ചൈനക്ക് ബോധ്യമുണ്ടെന്ന് തോന്നുന്നു. അതെുകൊെണ്ടാണ് അവർ തനിസ്വഭാവം പുറത്തെടുക്കാത്തത്; ടിയാനൻമെൻ സ്‌ക്വയർ ആവർത്തിക്കാത്തത്.

ഇന്ത്യയിൽ നിന്ന് ഹോങ്കോംഗുകാരെ നോക്കുമ്പോൾ കശ്മീർ ചിന്താപഥത്തിലെത്തുക സ്വാഭാവികം. കശ്മീരിന് കൊടുത്ത പ്രത്യേക പദവി ഹോങ്കോംഗിന് ചൈന കൊടുത്തതും കവർന്നെടുക്കാൻ നിരന്തരം ശ്രമിക്കുന്നതുമായ സ്വയംഭരണാവകാശത്തിന് സമാനമായിരുന്നില്ലേ? ഹോങ്കോംഗിലേത് ജനാധിപത്യ സമരമാണെങ്കിൽ കശ്മീരിൽ കേന്ദ്ര സർക്കാർ കാണിക്കുന്നത് ജനാധിപത്യവിരുദ്ധതയാണ്. ഫാസിസമാണ്.

മുസ്തഫ പി എറയ്ക്കൽ

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest