Connect with us

National

വായു മലിനീകരണം: ഡല്‍ഹിയില്‍ സ്ഥിതി അതീവ ഗുരുതരം, കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: വായു മലിനീകരണം ഡല്‍ഹി നഗരത്തെ പിടിച്ചുലക്കുന്നു. മലിനീകരണത്തോത് ഏറെ അപകടകരമായ തലത്തിലേക്ക് കടന്നിരിക്കുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം സ്വീകരിക്കുന്ന നടപടികളെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

വായു ഗുണനിലവാര-കാലാവസ്ഥാ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിന്റെ (എസ് എ എഫ് എ ആര്‍) കണക്കുകള്‍ പ്രകാരം 625 ആണ് ഇന്ന് ഉച്ചക്ക് 12ന് തലസ്ഥാന നഗരത്തിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ ക്യു ഐ). 410 ആയിരുന്നു രാവിലെ ഒമ്പതിന് രേഖപ്പെടുത്തിയത്. എ ക്യു ഐ 0-50 ആണെങ്കില്‍ “നല്ലത്” എന്ന നിലയിലാണ് കണക്കാക്കുന്നത്. 51-100 തൃപ്തികരം, 101-200 മിതാവസ്ഥ, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയും കണക്കാക്കിയിരിക്കുന്നു. 500 ന് മുകളിലാണെങ്കില്‍ അതീവ ഗുരുതരമായ അടിയന്തര സ്ഥിതി എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

വായു മലിനീകരണത്തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലും സമീപ പട്ടണങ്ങളിലും പുകമഞ്ഞ് രൂപംകൊണ്ടു. വാഹനങ്ങളിലും കാല്‍നടയായും യാത്ര ചെയ്യുന്നവരുടെ കാഴ്ചയെയും റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെയും പുകമഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയും ഇന്നുമായി പെയ്ത മഴയാണ് പുകമഞ്ഞ് വലിയതോതില്‍ കൂടാന്‍ ഇടയാക്കിയത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 45 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

എക്‌സ്പ്രസ് ഹൈവേയിലടക്കം ഗതാഗതം താറുമാറായി. ഡല്‍ഹി മെട്രോയില്‍ ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടുന്നത്. ജനങ്ങള്‍ക്ക് ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമായി ബാധിക്കുന്നുണ്ട്. നോയിഡയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിര്‍മാണ നിരോധനം ലംഘിച്ച 38 പേര്‍ക്കെതിരെ കേസെടുത്തു. രാജ്യത്ത് വായു മലിനീകരണം അപകടകരമായി ഉയരുന്നത് ആയുര്‍ ദൈര്‍ഘ്യത്തെയും ബാധിക്കുന്നതായി ഷിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

Latest