Connect with us

Educational News

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കം

Published

|

Last Updated

തൃശൂർ | കൗമാര പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഇന്ന് കുന്നംകുളത്ത് ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന ശാസ്‌ത്രോത്സവത്തിൽ 350 ഓളം ഇനങ്ങളിലായി പന്ത്രണ്ടായിരം പ്രതിഭകൾ മാറ്റുരക്കും.
പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തുന്ന ശാസ്‌ത്രോത്സം ഈ മാസം അഞ്ചിനാണ് സമാപിക്കുക. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ ടി, പ്രവൃത്തിപരിചയ മേളകളാണ് ശാസ്ത്രോത്സവത്തിൽ നടത്തുക.
രാവിലെ 10 മുതൽ എല്ലാ വേദികളിലും മത്സരങ്ങൾ ആരംഭിക്കും. ഉച്ചക്ക് രണ്ട് മുതൽ വേദികളിൽ പ്രദർശനങ്ങളും ഉണ്ടാകും. കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, ബഥനി ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്, പെരുമ്പിലാവ് ടി എം വി എച്ച് എസ് എസ്, ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്, കുന്നംകുളം ബി സി ജി എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളിലാണ് ശാസ്ത്രോത്സവത്തിന്റെ വേദികൾ. ശാസ്ത്രമേളയുടെ ഭാഗമായി മത്സരങ്ങളുടെ വിവരങ്ങളും ഫല പ്രഖ്യാപനവും വെബ്സൈറ്റിൽ പ്രദർശിപ്പിക്കും.
ശാസ്‌ത്രോത്സവത്തിന് ഇന്ന് രാവിലെ ഒമ്പതിന് കുന്നംകുളം നഗരസഭാ ടൗൺഹാളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. തുടർന്ന് 9.30ന് തദ്ദേശ മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ടി എൻ പ്രതാപൻ എം പി, എം എൽ എമാരായ കെ വി അബ്ദുൽ ഖാദർ, മുരളി പെരുനെല്ലി, ഗീതാഗോപി, അനിൽ അക്കര, കെ യു അരുണൻ, ബി ഡി ദേവസി, യു ആർ പ്രദീപ്, വി ആർ സുനിൽ കുമാർ, ഇ ടി ടൈസൺ പങ്കെടുക്കും.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭ ടൗൺഹാളിൽ വൊക്കേഷനൽ എക്സ്പോ കരിയർ ഫെസ്റ്റ് കരിയർ സെമിനാറും സംഘടിപ്പിക്കും. ശാസ്ത്രമേളയുടെ സമാപന സമ്മേളനം അഞ്ചിന് വൈകീട്ട് നാലിന് നഗരസഭാ ടൗൺഹാളിൽ രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭാ ചെയർ പേഴ്സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും.

Latest