Connect with us

Kerala

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു എ പി എ: പോലീസ് നടപടിക്കെതിരെ എല്‍ ഡി എഫ് കണ്‍വീനറും സി പി എം നേതാക്കളും

Published

|

Last Updated

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് പേര്‍ക്ക് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പോലീസിന് തെറ്റുപറ്റിയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വിഷയത്തില്‍ പാര്‍ട്ടി പ്രതികള്‍ക്കൊപ്പമാണ്. സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല പോലീസ് നടപടിയുണ്ടായതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

അലന്‍ ശുഹൈബ്, ത്വാഹ ഫൈസല്‍ എന്നീ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. കുറ്റപത്രമൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് സര്‍ക്കാറിന് ഇനിയും ഇടപെടാന്‍ സാധിക്കും. പൗരാവകാശ ലംഘനം അനുവദിക്കില്ല. നീതിയുടെയും ന്യായത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും കൂടെയാണ് ഇടതു മുന്നണി സര്‍ക്കാര്‍ നില്‍ക്കുക. അത് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതുമാണ്.

സംഭവത്തില്‍ പോലീസിനെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തി. സര്‍ക്കാര്‍ നയം അനുസരിച്ചല്ല പലപ്പോഴും പോലീസ് ഇടപെടല്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിമര്‍ശനം മുമ്പും ഉയര്‍ന്നതാണെന്നും യു എ പി എ വിഷയത്തില്‍ തിരുത്തല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. പോലീസിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ല എന്ന വിമര്‍ശനം ശരിയല്ല. പോലീസിലെ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സേനയെ മൊത്തത്തില്‍ കുറ്റപ്പെടുത്തരുത്. യു എ പി എ വിഷയം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ജയരാജന്‍ പറഞ്ഞു.

യു എ പി എ ചുമത്തിയ പോലീസ് നടപടിയെ സി പി എം നേതാവ് എം സ്വരാജ് എം എല്‍ എയും വിമര്‍ശിച്ചു. വാര്‍ത്തകളുടെയും ലഭ്യമായ വിവരങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ പോലീസ് എടുത്ത നടപടി തീര്‍ത്തും അന്യായമാണ്. യു എ പി എ കരിനിയമം ആണെന്നാണ് എക്കാലത്തും പാര്‍ട്ടിയുടെ നിലപാട്. യുവാക്കളെ അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയ നടപടി പുനപ്പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ-സ്വരാജ് കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് പന്തീരാങ്കാവില്‍ സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, ത്വാഹ ഫൈസല്‍ എന്നിവരെയാണ് മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവരും സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.

Latest