ഇനി നീ പുസ്തകങ്ങള്‍ വായിക്കേണ്ട; വികാരനിര്‍ഭരമായ പോസ്റ്റുമായി സജിത മഠത്തില്‍

Posted on: November 3, 2019 10:10 am | Last updated: November 3, 2019 at 2:42 pm

കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട ലഘുലേഖ കൈവശം വച്ചതിന് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് എഫ് ബിയില്‍ പോസ്റ്റ് ചെയ്ത് മാതൃ സഹോദരിയും നടിയുമായ സജിത മഠത്തില്‍. അലന്‍ വാവേ എന്ന് സംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലിലേക്കയക്കപ്പെട്ട നിന്നെക്കുറിച്ചോര്‍ത്ത് നിന്റെ മാതാവിനും തനിക്കും ഉറക്കം വരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നു. നീ ഇനി ചുവന്ന മുണ്ടുകള്‍ ഉടുക്കേണ്ട. പുസ്തകങ്ങള്‍ വായിക്കേണ്ട. രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തേണ്ട. നിയമം പഠിക്കാന്‍ പുറപ്പെട്ട നീയിനി നിയമത്തിന്റെ കുരുക്കഴിക്കാന്‍ എത്ര നാള്‍ നീക്കും?

പോസ്റ്റിനറെ പൂർണരൂപം

അലൻ വാവേ

വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?

നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?

രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു.

നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ… നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?

പെട്ടെന്ന് തിരിച്ച് വായോ!

നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങൾ!