Connect with us

Kerala

സി പി എം പ്രവര്‍ത്തകര്‍ക്കെതിരായ യു എ പി എ പിന്‍വലിക്കില്ലെന്ന് പോലീസ്

Published

|

Last Updated

കോഴിക്കോട്: സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പന്തീരങ്കാവ് കേസില്‍ യു എ പി എ ചുമത്തിയതിനെ ന്യായീകരിച്ച് ഉത്തര മേഖല ഐ ജി അശോക് യാദവ്. മാവോയിസ്റ്റ് ആശയ പ്രചരണം പ്രതികള്‍ ലക്ഷ്യമിട്ടതായും ഇതിന് കൃത്യമായ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്നും ഐ ജി മാധ്യമപ്രര്‍ത്തകരോട് പ്രതികരിച്ചു. യു എ പി എ പിന്‍വലിക്കുന്നകാര്യം ആലോചിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദഹം പറഞ്ഞു.

ഇത് സംബന്ധിച്ച് മണിക്കൂറുകള്‍ നീണ്ട ഉന്നത യോഗത്തിന് ശേഷമാണ് ഉത്തരമേഖല ഐ ജി സ്‌റ്റേഷന് പുറത്തെത്തി മാധ്യമങ്ങളെ കണ്ടത്. ഡി ജി പിയുടെ നിര്‍ദേശ പ്രകാരമാണ് ഐ ജി പന്തീരങ്കാവ് സ്റ്റേഷനില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിത്. കമ്മീഷണര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. യു എ പി എ ചുമത്തിയതിനെതിരെ സര്‍ക്കാറിന്റെ മേല്‍ മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നെല്ലാം വലിയ സമ്മര്‍ദമുണ്ടായിരുന്നു. സി പി ഐയും സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുമെല്ലാം എതിര്‍പ്പ് അറിയിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതിയുടെ മാതാവ് മുഖ്യമന്ത്രിയെകണ്ട് പരാതിപ്പെട്ടിരുന്നു. മകന് മാവോയിസ്റ്റ് ബന്ധമില്ലെന്നും പോലീസ് കള്ളം പറയുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍മുഖ്യമന്ത്രി ഡി ജി പിയെ വിളിച്ച് കേസ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഐ ജിയെ പരിശോധിക്കാന്‍ ഡി ജി പി പന്തീരങ്കാവ് സ്റ്റേഷനിലേക്ക് അയച്ചത്.

ഇന്നലെ വൈകുന്നേരം പട്രോളിംഗിനിടെയാണ് കേസിലെ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മുമ്പ് ഈ പ്രദേശത്ത് വ്യാപകമായി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും പോലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ പ്രതിയേയും അറ്സ്റ്റ് ചെയ്യുകയും വീടുകള്‍ റെയ്ഡ് ചെയ്ത് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെടുത്തുവെന്നുമാണ് പോലീസ് പറയുന്നത്.
അതേ സമയം പോലീസ് പറയുന്നത് കള്ളമാണെന്നും മാവോയിസ്റ്റുകളുമായി ഒരു ബന്ധവും തങ്ങള്‍ക്കില്ലെന്നും പ്രതികള്‍ പ്രതികരിച്ചു. ഭരണകൂട ഫാസിസമാണ് നടക്കുന്നതെന്നും സ്‌റ്റേഷനലില്‍ നിന്നും പുറത്തേക്ക്‌കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ പറഞ്ഞു.