Connect with us

Articles

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

കേരളത്തില്‍ ഭരണയന്ത്രത്തിന്റെ രണ്ടാം തലത്തിലുള്ള ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കുന്ന കെ എ എസ് (കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്) ഒരു പുതിയ കാല്‍വെപ്പാണ്. കേരള സര്‍ക്കാറും, സുതാര്യതയും വേഗതയും കൈമുതലാക്കിയ കേരള പബ്ലിക് സര്‍വീസ് കമ്മീഷനും കൈകോര്‍ത്താണ് കെ എ എസ് എന്ന സര്‍വീസ് വിഭാഗത്തെ യാഥാര്‍ഥ്യമാക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും കേഡര്‍ ഫോര്‍മേഷനും രൂപവത്കരിക്കുന്നത് ഇത്രയും വേഗത്തിലാക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയുടെ ഓഫീസും സമയബന്ധിതമായും ക്രിയാത്മകമായും ഇടപെട്ടിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് വേണ്ടിയുള്ള പരീക്ഷാ നടപടിയും മറ്റു തിരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ സധൈര്യം മുന്നോട്ട് പോകുകയാണ്.

പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കേരളം ആഗ്രഹിക്കുന്ന വേഗത്തില്‍ ഇതിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സജ്ജമായിരിക്കുന്നത്. സാധാരണ നിലയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞ ശേഷം പരീക്ഷാ പ്രോഗ്രാം തയ്യാറാക്കുമ്പോള്‍ മാത്രമാണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ കെ എ എസിന്റെ പ്രാഥമിക പരീക്ഷയുടെ സിലബസ്, പരീക്ഷാ സമയം (ഫെബ്രുവരി, 2020) എന്നിവ വിജ്ഞാപനത്തോടൊപ്പം തന്നെ നല്‍കി പരീക്ഷാര്‍ഥികളെ സജ്ജമാക്കാന്‍ കമ്മീഷന്‍ തയ്യാറായിരിക്കുകയാണ്. സ്‌ക്രീനിംഗ് ടെസ്റ്റ് എന്ന രീതിയിലാണ് പ്രാഥമിക പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷക്കും ഫൈനല്‍ പരീക്ഷക്കും വേണ്ടി കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള സിലബസ് എല്ലാതരം ബിരുദധാരികള്‍ക്കും അഭിമുഖീകരിക്കാന്‍ കഴിയുന്ന തരത്തില്‍ സമസ്ത വിഷയങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇംഗ്ലീഷിനൊപ്പം ഭരണഭാഷയും കെ എ എസ് പരീക്ഷാ സ്‌കീമിന്റെ അവിഭാജ്യ ഘടകമാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയാണ് പരീക്ഷാ സ്‌കീം തയ്യാറാക്കിയിരിക്കുന്നത്.
ഉദ്യോഗാര്‍ഥികളുടെ റാങ്ക് നിര്‍ണയിക്കുന്ന മുഖ്യപരീക്ഷ വിവരണാത്മക പരീക്ഷയാണ്. ഇതിന്റെ മൂല്യനിര്‍ണയം വേഗത്തിലാക്കുന്നതിനു വേണ്ടി, കമ്പ്യൂട്ടര്‍വത്കൃത ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിലൂടെയാണ് നിര്‍വഹിക്കുക. ഇതിനായി കഴിഞ്ഞ ഒരു വര്‍ഷമായി കമ്മീഷന്‍ തുടര്‍ച്ചയായ മുന്നൊരുക്കങ്ങള്‍ നടത്തിവരുന്നു. പരീക്ഷകളിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്നതിന് കമ്മീഷന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. കെ എ എസിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും പരീക്ഷാ സംഘാടനത്തിലും ഇന്നേവരെ പ്രയോഗിക്കാത്ത നൂതനമായ രീതികളാണ് അവലംബിക്കുന്നത്.

അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ അടിസ്ഥാന ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് കെ എ എസിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മൂന്ന് സ്ട്രീമുകളിലായാണ് അപേക്ഷ സമര്‍പ്പിക്കുക. ഒന്നാമത്തെ സ്ട്രീമില്‍ നിശ്ചിത യോഗ്യത നേടിയ ഏത് ഉദ്യോഗാര്‍ഥിക്കും നിശ്ചിത പ്രായപരിധിക്കുള്ളിലാണെങ്കില്‍ അപേക്ഷിക്കാന്‍ കഴിയും. രണ്ടാമത്തെ സ്ട്രീമില്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. മൂന്നാമത്തെ സ്ട്രീമില്‍ നിര്‍ണിത വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും എ ഒ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങി കോമണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. ഇതിന്റെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിലും പരീക്ഷാ രീതിയിലും ഉയര്‍ന്ന നിലവാരം ഉറപ്പിക്കാനും കുറ്റമറ്റരീതി നിലനിറുത്താനും ഇതുവരെയുള്ള നടപടിക്രമങ്ങളിലൂടെ കമ്മീഷന് സാധിച്ചിട്ടുണ്ട്.

അഖിലേന്ത്യ സിവില്‍ സര്‍വീസിന്റെ നിലവാരത്തിലുള്ള കെ എ എസ് തിരഞ്ഞെടുപ്പില്‍ നടപടിക്രമങ്ങള്‍ വീഴ്ച വരുത്താതെ പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗാര്‍ഥികളിലും നിക്ഷിപ്തമാണ്. ഏതെങ്കിലും ഒരു ഉദ്യോഗാര്‍ഥി പരീക്ഷക്കിടെ ക്രമക്കേട് നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും രാജ്യത്ത് ഒരിടത്തുമുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതരത്തില്‍ ശക്തമായ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

കെ എ എസ് നടപ്പാക്കുന്നതിനു വേണ്ടി കാലങ്ങളായി വിദ്യാസമ്പന്നരായ കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യക്കാരന് ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും കെ എ എസിന് അപേക്ഷിക്കാനും തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടപടിയുടെ ഭാഗമാകാനും കഴിയും. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തെറ്റുകള്‍ കടന്നുകൂടാതിരിക്കാനും അപേക്ഷ സമര്‍പ്പിക്കുന്ന പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടി ഗൗരവമായി ശ്രദ്ധിക്കേണ്ട വ്യവസ്ഥകള്‍ വിശദീകരിക്കുന്ന ലിങ്കുകള്‍ വിജ്ഞാപനത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്. വിജയകരമായി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പാണ് വേണ്ടത്. അതിനുവേണ്ടിയുള്ള വിശദമായ സിലബസ് വിജ്ഞാപനത്തോടൊപ്പം തന്നെ ലഭ്യമാക്കിയിട്ടുമുണ്ട്.

ഉദ്യോഗാര്‍ഥികളുടെ എണ്ണം, ശിപാര്‍ശ ലഭിക്കുന്നവരുടെ എണ്ണം, പരീക്ഷാ നടത്തിപ്പ് തുടങ്ങിയവയിലെല്ലാം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യത്തെ ഇതര പബ്ലിക് സര്‍വീസ് കമ്മീഷനുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.

ചെയര്‍മാന്‍, പി എസ് സി

Latest