Connect with us

Articles

മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദങ്ങള്‍

Published

|

Last Updated

സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശം നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നതിനിടയിലാണ് മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവെന്ന പുതിയ പഠനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ഓരോ ജേണലിസ്റ്റും ജയിലില്‍ അടക്കപ്പെടുന്നുണ്ട്, ഇപ്പോഴും. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നും അമേരിക്കയില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള ഭീഷണിയുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ അപഹരിക്കുന്നതിലും അവരെ ആക്രമിക്കുന്നതിലും പക്ഷേ, അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 136ാം സ്ഥാനത്തേക്ക് തലകുത്തിവീണ ഇന്ത്യയാണ് മുമ്പില്‍. ഈ വിഷയത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യ വീണ്ടും ചര്‍ച്ചയില്‍ വന്നത് മധ്യപ്രദേശിലെ മാധ്യമപ്രവര്‍ത്തകന്‍ സന്ദീപ് ശര്‍മ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ്.
ന്യൂസ് വേള്‍ഡ് എന്ന പ്രാദേശിക വാര്‍ത്താ ചാനലിന് വേണ്ടി ഫയല്‍ ചെയ്ത വാര്‍ത്തകളായിരുന്നു സന്ദീപ് ശര്‍മയുടെ ജീവനെടുത്തത്. ഭോപ്പാലിലെ മണല്‍ മാഫിയയെക്കുറിച്ച് അദ്ദേഹം നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ ഏറെ ശ്രദ്ധേയമായിരുന്നു. അതാണ് സന്ദീപ് ശര്‍മ കൊല്ലപ്പെടാനിടയാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്നു. രാവിലെ ഓഫീസിലേക്ക് ബൈക്കില്‍ പോകുന്ന വഴി, ബിന്ദ് ജില്ലയിലെ കൊട്ട്‌വാലി പോലീസ് സ്‌റ്റേഷന് സമീപം ട്രക്കിടിച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അപകട മരണമായി പോലീസ് ഫയല്‍ ചെയ്ത കേസ് മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഈ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ദുരൂഹതകള്‍ പുറത്തു കൊണ്ടുവരണമെന്നും അല്‍ ജസീറ, ബി ബി സി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ബിഹാറിലെ രണ്ട് ജേണലിസ്റ്റുകള്‍ കാറിടിച്ചു കൊല്ലപ്പെട്ടതും ദുരൂഹ സാഹചര്യത്തിലായിരുന്നു. ബിഹാറിലെ ചില ഗ്രാമങ്ങളില്‍ നടന്ന മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ട് എന്ന കണ്ടെത്തല്‍ നടത്തിയ വിജയ് ശര്‍മ, നവീന്‍ വിശാല്‍ എന്നീ ജേണലിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഇതും ആഗോളതലത്തില്‍ ഏറെ ചര്‍ച്ചയായി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെ പോലീസ് കൈയേറ്റം ചെയ്തതും ക്യാമറകള്‍ നശിപ്പിച്ചതും വാര്‍ത്തയായി.

ഈ സംഭവങ്ങള്‍ അവലോകനം ചെയ്ത് ജേണലിസ്റ്റ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് വിലയിരുത്തിയത്, രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്രാപിച്ചു വരുന്നുവെന്നാണ്. സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങള്‍, പ്രാദേശിക, സംസ്ഥാന,ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാര്‍, പോലീസ്, വ്യാപാരികള്‍ ഉള്‍പ്പെടെ ജേണലിസ്റ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ പട്ടികയും ജേണലിസ്റ്റ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കിയിട്ടുണ്ട്. അനിഷ്ടമുണ്ടാക്കുന്ന വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നു എന്നതാണ് കൊല്ലപ്പെടുന്ന, ആക്രമണത്തിനിരയാകുന്ന മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രധാനകുറ്റം. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തകരെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ആക്രമണങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വര്‍ധിച്ചുവെന്നും ഈ പഠനം വ്യക്തമാക്കുന്നുണ്ട്. സമ്മര്‍ദത്തില്‍ ജീവിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് (സി പി ജെ) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുദേശീയ വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ അതിക്രമങ്ങളും ഭീഷണികളും 2018-19 കാലയളവില്‍ അപകടകരമാം വിധം വര്‍ധിച്ചുവെന്നും ഈ റിപ്പോര്‍ട്ട് അടിവരയിടുന്നു. 1992-2016 കാലയളവില്‍ മാത്രം ഇന്ത്യയില്‍ മുപ്പതിലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടു. ഇത് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ ഒട്ടും സുരക്ഷിതരല്ല എന്ന് വ്യക്തമാക്കുന്ന കണക്കാണ്. ഇതനുസരിച്ച് സോമാലിയ, സിറിയ, നൈജീരിയ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ജേണലിസ്റ്റുകള്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരേക്കാള്‍ സുരക്ഷിതരാണ്. കോര്‍പറേറ്റ്, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഇതിനകം നിയന്ത്രണം ഏറ്റെടുത്ത രാജ്യത്തെ ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ജേണലിസ്റ്റുകള്‍ അപ്രത്യക്ഷരായിട്ടുണ്ട്. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പരക്കെ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം വിവിധ ദേശീയ, പ്രാദേശിക മാധ്യമങ്ങളിലുണ്ടായ മാറ്റങ്ങള്‍ – ജേണലിസ്റ്റുകളെ പുറത്താക്കുന്നതായാലും ന്യൂസുകള്‍ കൈകാര്യം ചെയ്യുന്നതായാലും – ഈ സെന്‍സര്‍ഷിപ്പിന്റെ ആഴം ബോധ്യപ്പെടുത്തുന്നുണ്ട്. എന്‍ ഡി ടി വിയിലെ റിപ്പോര്‍ട്ടറായിരുന്ന ശ്രീനിവാസന്‍ ജെയ്ന്‍ എന്ന പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിയത് ദേശീയതലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. അമിത് ഷായുടെ മകന് കേന്ദ്ര സര്‍ക്കാര്‍ അനധികൃതമായി നല്‍കിയ ലോണിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. മോദി അധികാരത്തില്‍ വന്നതിന് ശേഷം, ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ എന്‍ ഡി ടി വിയുടെ എഡിറ്റോറിയല്‍ തീരുമാനങ്ങളില്‍ വരെ പ്രകടമായ മാറ്റങ്ങള്‍ വന്നു. വാര്‍ത്തകളെ വിന്യസിക്കുന്നതിലും മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങി. ഈ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞാണ് 21 വര്‍ഷക്കാലം എന്‍ ഡി ടി വിയിലെ സുപ്രധാന ജേണലിസ്റ്റായി പ്രവര്‍ത്തിച്ച ബര്‍ഖ ദത്ത് ചാനലിന്റെ പടിയിറങ്ങിയത്.

എന്‍ ഡി ടി വിയിലെ തന്നെ നിഥിന്‍ ഗോഖലെ എന്ന മാധ്യമപ്രവര്‍ത്തകനും ചാനലിനുള്ളിലെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നടിക്കുകയുണ്ടായി. 2014ല്‍ നാവിക സേനാ മേധാവി ജി കെ ജോഷിയുമായി നിഥിന്‍ ഗോഖലെ നടത്തിയ അഭിമുഖം വെളിച്ചം കണ്ടില്ല. ഏറെ വിവാദത്തിന് ശേഷം, നാവിക സേനാ മേധാവി സ്ഥാനം രാജിവെച്ച് പുറത്തുപോയതിനെ തുടര്‍ന്ന് നടത്തിയ പ്രസ്തുത അഭിമുഖത്തില്‍ ബി ജെ പിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. അതാണ് സെന്‍സര്‍ഷിപ്പിലേക്ക് നയിച്ച കാരണം. എന്‍ ഡി ടി വി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഗോഖലെ ചാനല്‍ വിട്ടു.

ബി ജെ പിയുടെ തലപ്പത്ത് അമിത് ഷാ വന്ന സമയത്ത്, മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡി എന്‍ എ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ നിയമം എന്ന തലക്കെട്ടില്‍ ഒരു അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അമിത് ഷായുടെ ഭീതിതമായ ഭൂതകാലത്തിലൂടെ സഞ്ചരിച്ച ആ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി. സീ ടി വി ഉള്‍പ്പെടെ ഉടമസ്ഥപ്പെടുത്തിയിട്ടുള്ള എസ്സല്‍ ഗ്രൂപ്പിന്റെ സുഭാഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. ബി ജെ പിയെ അകമഴിഞ്ഞു സഹായിക്കുന്ന രാജ്യസഭാംഗം കൂടിയായ സുഭാഷ് ചന്ദ്ര തന്നെയാണ് ഡി എന്‍ എയുടെ ഉടമ. അമിത് ഷായെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്ത രാത്രി (2014 ജൂലൈ 16) റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സി എന്‍ എന്‍-ഐ ബി എന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഗ്രാഫില്‍ നിന്ന് ഷായുടെ ക്രിമിനല്‍ പശ്ചാത്തല വിവരങ്ങള്‍, കേസുകള്‍ മുഴുവന്‍ നീക്കി. ഇത് വിസമ്മതിച്ച രെ പുറത്താക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നു. ജേണലിസ്റ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും നിയമ സഹായങ്ങള്‍ ചെയ്യാനും ശേഷിയുള്ള, രാജ്യത്തുടനീളം ഒരുപോലെ നടപ്പാക്കാന്‍ പറ്റിയ ശക്തമായ നിയമങ്ങള്‍ ഇനിയും വരേണ്ടിയിരിക്കുന്നു. അത് നടപ്പാക്കേണ്ട നിയമപാലകരും നീതിന്യായ വ്യവസ്ഥയും ഉണ്ടാകണം. ഒപ്പം, ഇതെല്ലാം തിരിച്ചറിയുന്ന ഒരു ജനാധിപത്യ സമൂഹവും.