Connect with us

Editorial

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ കണ്ണുതുറപ്പിക്കണം

Published

|

Last Updated

പരിസ്ഥിതി അനുബന്ധ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ പെരുകുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. 2017ല്‍ രാജ്യത്തു നടന്ന പരിസ്ഥിതി സംബന്ധമായ കുറ്റകൃത്യങ്ങളില്‍ 16.1 ശതമാനം റിപ്പോര്‍ട്ട് ചെയ്ത കേരളം പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 6,780 പരിസ്ഥിതി സംബന്ധ കുറ്റകൃത്യങ്ങളാണ് 2017ല്‍ സംസ്ഥാനത്തു രേഖപ്പെടുത്തിയത്. 20,914 കേസുകളുമായി തമിഴ്‌നാടാണ് മുന്നില്‍. 2017ല്‍ രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 49.6 ശതമാനവും തമിഴ്‌നാട്ടിലാണ്. 24 ശതമാനം കുറ്റകൃത്യവുമായി രാജസ്ഥാനാണ് രണ്ടാമത്.
വനപരിപാലന, വന്യമൃഗ സംരക്ഷണ, പരിസ്ഥിതി സംരക്ഷണ, വായു, ജല സംരക്ഷണ നിയമ ലംഘനങ്ങളും സിഗരറ്റ് മറ്റു ലഹരി വസ്തു ഉപയോഗം, ശബ്ദ മലിനീകരണം തുടങ്ങിയവയാണ് പരിസ്ഥിതി അനുബന്ധ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നത്. സാധാരണ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നത് ഒരു വ്യക്തിയോ ഏതാനും വ്യക്തികളോ ആണെങ്കില്‍ പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ആവാസ വ്യവസ്ഥയെയും ജൈവ നിലനില്‍പ്പിനെയും തന്നെ തകരാറിലാക്കുന്നതിനാല്‍ സമൂഹത്തെയാകെ തന്നെ ബാധിക്കാന്‍ ഇടയാക്കുന്നു.
നമ്മുടെ രാജ്യത്ത് മാത്രമല്ല, ആഗോളതലത്തില്‍ തന്നെ വര്‍ധിച്ചു വരികയാണ് പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍. 2016ലെ കണക്കനുസരിച്ച് 91,259 ബില്യന്‍ ഡോളര്‍ കൈമാറ്റം നടക്കുന്ന പാരിസ്ഥിതിക കുറ്റകൃത്യങ്ങളുടെ മേഖല വന്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണെന്ന് യു എന്‍ പരിസ്ഥിതി വിഭാഗം ഇന്റര്‍പോളുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് വ്യാപാരം, സാമ്പത്തിക ക്രമക്കേടുകള്‍, മനുഷ്യക്കടത്ത് എന്നിവക്ക് തൊട്ടുപിന്നിലാണ് പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. 2014ന് ശേഷം മറ്റു കുറ്റകൃത്യ മേഖലകളില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വര്‍ധനവുണ്ടായപ്പോള്‍ പരിസ്ഥിതി സംബന്ധമായ കുറ്റകൃത്യങ്ങളില്‍ 24 ശതമാനമാണ് വര്‍ധന. ജൈവവൈവിധ്യത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും മേഖലകളില്‍ നടക്കുന്ന ചൂഷണം ക്രിമിനലുകള്‍ക്ക് മറ്റു മേഖലകളെക്കാള്‍ ലാഭകരവും ബുദ്ധിമുട്ടുകളില്ലാതെ ചെയ്യാകുന്നതുമാണെന്നതാണ് ഇതിനു കാരണം. സര്‍ക്കാറുകളുടെ ഭാഗത്തു നിന്ന് ഇതിനെതിരെ ഉചിതമായ ഇടപെടലുകളുണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പാരിസ്ഥിതിക മലിനീകരണം ജൈവ സന്തുലിതാവസ്ഥയെ തകരാറിലാക്കുന്നുവെന്നും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ലണ്ടനില്‍ മലിനീകരണം കൂടുന്നതനുസരിച്ച് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. അന്തരീക്ഷ മലിനീകരണം ആത്മസംഘര്‍ഷം വര്‍ധിപ്പിക്കും. അത് പെരുമാറ്റ ദൂഷ്യത്തിലേക്കും കുറ്റവാസനയിലേക്കും വഴിവെക്കുന്നു. ഈ പഠനത്തിന്റെ ചുവടു പിടിച്ച് പരിസ്ഥിതി ഗവേഷകനും എഴുത്തുകാരനുമായ സതീഷ് ബാബു കൊല്ലമ്പലത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍, ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ മാത്രം 60 ശതമാനം കുറ്റകൃത്യ നിരക്ക് വര്‍ധിച്ചതിന്റെ ഒരു ഘടകം അന്തരീക്ഷ മലിനീകരണമാണെന്നു കണ്ടെത്തി. അന്തരീക്ഷ മലിനീകരണം കുറഞ്ഞ നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്നും പഠനം കാണിക്കുന്നു.

പാരിസ്ഥിതിക കുറ്റകൃത്യങ്ങളെക്കുറിച്ച് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. സാക്ഷരത, ആരോഗ്യ പരിപാലനം, വ്യക്തിശുചിത്വം തുടങ്ങിയ രംഗങ്ങളില്‍ അഭിമാനാര്‍ഹമാണ് നമ്മുടെ നിലവാരമെങ്കിലും പരിസ്ഥിതി സംരക്ഷണത്തില്‍ വളരെ പിന്നിലാണ് നാം. വ്യക്തി ശുചിത്വത്തിലും വീടിന്റെ വൃത്തിയിലും അതീവ ശ്രദ്ധ കാണിക്കുന്ന മലയാളികളില്‍ നല്ലൊരു പങ്കും ജീവിക്കുന്ന ചുറ്റുപാടിന്റെയും പ്രകൃതിയുടെയും സംരക്ഷണത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നു മാത്രമല്ല, സ്വാര്‍ഥ ലാഭത്തിനായി പ്രകൃതിചൂഷണവും കൈയേറ്റവും നടത്തുകയും ചെയ്യുന്നു. പാടം നികത്തിയാലും മലകള്‍ ഇടിച്ചു നിരപ്പാക്കിയാലും മാലിന്യം കൂമ്പാരങ്ങളായാലും തനിക്കൊന്നുമില്ലെന്നു നിസ്സംഗഭാവം നടിക്കുന്നവര്‍ നിരവധി. ചൂട് സഹിക്കാന്‍ പറ്റാത്ത, കുടിക്കാന്‍ വെള്ളം കിട്ടാത്ത, അതേസമയം അടിക്കടി വന്‍ പ്രളയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന കാര്യം ആരും മറക്കരുത്. മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തി നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുത്തു കൊണ്ടിരിക്കുകയുമാണ്. തണ്ണീര്‍ത്തട നശീകരണവും പാറമടകളുടെ അമിത ഉപയോഗവുമാണ് 2018ലെ വന്‍ പ്രളയത്തിന് കാരണമെന്നും പ്രകൃതി സംരക്ഷണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇതുപോലുള്ള ദുരന്തങ്ങള്‍ക്ക് സംസ്ഥാനം വീണ്ടും സാക്ഷിയാകേണ്ടി വരുമെന്നും പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്.

കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് പരിഹാരമാര്‍ഗം കണ്ടെത്തുകയും പരിസ്ഥിതി സൗഹാര്‍ദ ജീവിതം നയിക്കാന്‍ നാം ശീലിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രകൃതി മനുഷ്യന്റെ ഉപയോഗത്തിനു മാത്രമുള്ളതല്ല. അത് ജീവജാലങ്ങള്‍ക്കെല്ലാമുള്ള ആഹാരത്തിന്റെ ഉറവിടവുമാണ്. പ്രകൃതി നശിപ്പിക്കപ്പെടുമ്പോള്‍ അനേകം ജീവികളുടെ ജീവിതമാര്‍ഗവും കൂടിയാണ് നശിപ്പിക്കപ്പെടുന്നത്. വികസനം നാടിന്നാവശ്യമാണെങ്കിലും പ്രകൃതി സംരക്ഷണ നിയമങ്ങള്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ പാലിച്ചു കൊണ്ടുള്ള വികസനമേ നടപ്പാക്കാവൂ. നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വികസനത്തെ തടയാന്‍ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടിയെടുക്കണം. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള വികസനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുകയും വരുംതലമുറയില്‍ പ്രകൃതി സംരക്ഷണ അവബോധം വളര്‍ത്തിയെടുക്കുകയും പരിസ്ഥിതി സംരക്ഷണ മാര്‍ഗങ്ങളും ശീലങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

---- facebook comment plugin here -----

Latest