Connect with us

National

മഹാരാഷ്ട്ര പ്രതിസന്ധി; എന്‍സിപിയെയും കോണ്‍ഗ്രസിനെയും കൂട്ടി സര്‍ക്കാറുണ്ടാക്കാന്‍ ശിവസേന?

Published

|

Last Updated

മുംബൈ: ബിജെപി – ശിവസേന തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ പുതിയ ട്വിസ്റ്റ്. ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രതിപക്ഷ കക്ഷിയായ എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ശരത് പവാറുമായി ടെലിഫോണില്‍ ചർച്ച നടത്തി. ബിജെപിയെ തഴഞ്ഞ് കോണ്‍ഗ്രസിനെയും എന്‍സിപിയേയും കൂട്ടി സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമമാണ് ശിവസേന നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടെലിഫോൺ ചർച്ചക്ക് പിന്നാലെ സോണിയാ ഗാന്ധിയെ കാണാന്‍ ശരത് പവാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യ കക്ഷികളായി മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തമ്മില്‍ തെറ്റുകയായിരുന്നു. മുഖ്യമന്ത്രി പദം പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി തള്ളിയതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മഹാരാഷ്ട്ര ഭരണം 50:50 ഫോര്‍മുലയില്‍ വീതം വെക്കാന്‍ ബിജെപി ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നുവെന്നും ഈ ഉറപ്പ് പാലിക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 പേരും സേനയ്ക്ക് 56 സീറ്റുമുണ്ട്. ബിജെപിക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമ്മര്‍ദത്തിലാക്കി രേഖാമൂലമുള്ള ഉറപ്പു വാങ്ങാനുള്ള നീക്കമാണ് സേന നടത്തുന്നത്. എന്‍സിപിക്ക് 54 സീറ്റുകളും കോണ്‍ഗ്രസിനു 44 സീറ്റുകളുമുണ്ട്. ഈ മൂന്ന് കക്ഷികളും ഒന്നിക്കുന്ന സാഹര്യമുണ്ടായാല്‍ ബിജെപിയെ അകറ്റി മന്ത്രിസഭയുണ്ടാക്കാന്‍ സാധിക്കുന്ന സ്ഥിതിയുള്ളത് ശിവസേനയുടെ തന്ത്രത്തിന് മൂര്‍ച്ച കൂട്ടുന്നുണ്ട്.

Latest