Connect with us

Editorial

ഒറ്റക്കെട്ടാകുക, നവകേരള നിര്‍മിതിക്കായി

Published

|

Last Updated

കേരളപ്പിറവി ദിനമാണിന്ന്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള തീരുമാന പ്രകാരമാണ് 1956 നവംബര്‍ ഒന്നിന് കേരളം രൂപവത്കരിച്ചത്. ഇന്നത്തെ പോലെ അത്ര മെച്ചപ്പെട്ട ഒരു ചിത്രമായിരുന്നില്ല അക്കാലത്ത് ഈ പ്രദേശത്തിന്റേത്. കടന്നുപോയ 63 വര്‍ഷത്തിനിടയില്‍ നാം ആര്‍ജിച്ചെടുത്തതാണ് ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സേവന രംഗത്തെ വേറിട്ടു നില്‍ക്കുന്ന, ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ട ഇന്നത്തെ വികസിത കേരളം. നീതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരവും ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍ തന്നെ മുന്നിട്ടു നില്‍ക്കുന്നത് കേരളമാണ്.

ഭൂപരിഷ്‌കരണവും വികസന പദ്ധതികള്‍ക്ക് മാറിമാറി വന്ന സര്‍ക്കാറുകള്‍ നടത്തിയ വലിയ മുതല്‍ മുടക്കുകളുമൊക്കെയാണ് രാഷ്ട്രീയ വേദികളില്‍ കേരളത്തിന്റെ ഈ മുന്നേറ്റത്തിനു പറയപ്പെടാറുള്ള കാരണം. വലിയൊരളവോളം ഇതൊക്കെ സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നതു വസ്തുതയാണ്. ഇതോടൊപ്പം പ്രവാസികള്‍ക്കും കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അടക്കമുള്ള സര്‍ക്കാറിതര സംഘടനകള്‍ക്കും സവിശേഷമായ മതസൗഹാര്‍ദാന്തരീക്ഷത്തിനും കേരളത്തിന്റെ അസൂയാര്‍ഹമായ വളര്‍ച്ചയില്‍ മികച്ച പങ്കുണ്ടെന്ന കാര്യം വിസ്മരിക്കാവതല്ല. ഘടികാരത്തിന്റെ സൂചി പിറകോട്ട് തിരിച്ചു വെക്കുന്നവരാണ് മതസംഘടനകള്‍, പ്രത്യേകിച്ചും മുസ്‌ലിംകള്‍ എന്നൊരു ചിന്താഗതി ചിലര്‍ക്കെങ്കിലുമുണ്ട്. അത്തരക്കാര്‍ മുസ്‌ലിം മാനേജ്‌മെന്റിന്റെ കീഴില്‍ കേരളത്തിലുടനീളം തലയുയര്‍ത്തി നില്‍ക്കുന്ന സ്‌കൂളുകളുടെയും അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുക്കുന്നതും സാമൂഹിക സേവന രംഗത്ത് ഇവര്‍ വഹിക്കുന്ന പങ്ക് സത്യസന്ധമായി വിലയിരുത്തുന്നതും നന്ന്.
പ്രവാസികളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള കേരള വികസനത്തെക്കുറിച്ച് ഓര്‍ക്കാന്‍ കൂടിയാകില്ല. പ്രവാസികളുടെ പ്രഭാവം ഇല്ലാത്ത ഒരു മേഖലയുമില്ല കേരളത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളില്‍. കേരളത്തിലെ സമ്പദ് വ്യവസ്ഥയില്‍ ഏതാണ്ടു മൂന്നിലൊന്നാണ് പ്രവാസി വരുമാനത്തിന്റെ വിഹിതമെങ്കിലും അതിലുമെത്രയോ മടങ്ങാണ് പ്രവാസി പ്രതിഭാസത്തില്‍ നിന്നുണ്ടായ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മുന്നേറ്റം. സാമ്പത്തിക മാന്ദ്യം അനുഭവിച്ച ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്തെ താങ്ങിനിര്‍ത്തിയത് പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമായിരുന്നു. അവരുടെ പങ്ക് കൊണ്ടുകൂടിയാണ് കേരള മോഡല്‍ വികസനം കൈവരിക്കാന്‍ സാധിച്ചത്. 2014 ഡിസംബറില്‍ ദുബൈയില്‍ നടന്ന ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പ്രത്യേകം എടുത്തു പറയുകയുണ്ടായി.

അതേസമയം, നാം ഊറ്റം കൊള്ളുന്ന കേരള മോഡല്‍ വികസനം ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സേവന രംഗത്ത് മാത്രമാണെന്ന കാര്യം വിസ്മരിക്കാവതല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും റോഡുകളുടെയും എണ്ണം വര്‍ധിച്ചപ്പോള്‍ നമ്മുടെ കാര്‍ഷിക മേഖല പിന്നോട്ടടിക്കുകയായിരുന്നു. സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ കര്‍ഷകരായിരുന്നു പകുതിയിലേറെയും. കൃഷിക്കുള്ള ഭൂമിയുടെ അളവ് ഇന്നത്തെ അപേക്ഷിച്ചു വളരെ ഉയര്‍ന്നതുമായിരുന്നു. ഇന്ന് കര്‍ഷകരുടെയും കൃഷിഭൂമിയുടെയും ഉത്പന്നങ്ങളുടെയും അളവ് വന്‍തോതില്‍ കുറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ കേരളീയന്റെ അടുപ്പില്‍ പുക ഉയരില്ലെന്നതാണ് അവസ്ഥ. വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, പൊതുമേഖലയുടെ വളര്‍ച്ച, പരിസ്ഥിതി സൗഹൃദ ടൂറിസം തുടങ്ങിയ കാര്യങ്ങളിലും ഏറെ പിന്നിലാണ് കേരളം.

സംസ്ഥാനം ഭരിച്ച സര്‍ക്കാറുകളുടെ നയവൈകല്യം, കേരളത്തോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മനയം, വികസനത്തിനു തുരങ്കം വെക്കുന്ന സങ്കുചിത കക്ഷി രാഷ്ട്രീയം തുടങ്ങി ഈ പിന്നോട്ടടിക്ക് കാരണങ്ങള്‍ പലതുണ്ട്. വാര്‍ഷിക പദ്ധതി വിഹിതം, ഭക്ഷ്യധാന്യ വിഹിതം, തൊഴിലുറപ്പ് പദ്ധതി, റെയില്‍വേ, റോഡ് വികസനം തുടങ്ങി പല മേഖലകളിലും കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ വിഹിതം കേരളത്തിന് ലഭിക്കാറില്ല. പ്രളയ ദുരിതാശ്വാസ സഹായത്തില്‍ പോലും കടുത്ത വിവേചനമാണ് കാണിച്ചത്. ആഗോള വിപണിയില്‍ പോലും ശക്തമായി നിലനില്‍ക്കാന്‍ പ്രാപ്തമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ദേശീയ തലത്തിലുണ്ട്. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ളതും ലാഭമുണ്ടാക്കി പൊതുസമ്പദ് വ്യവസ്ഥക്ക് ശക്തി പകരാന്‍ കെല്‍പ്പുറ്റതുമായ ഒരു പൊതുസ്ഥാപനവും കേരളത്തിലില്ല. ഒരു മുന്നണി ഭരിക്കുമ്പോള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി എതിര്‍പക്ഷം തുരങ്കം വെക്കുന്നത് സാധാരണമാണ്. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ സഹായം ലഭിക്കുകയും കക്ഷി രാഷ്ട്രീയം വികസന രംഗത്തേക്ക് കടന്നു വരാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ വികസന മുഖം കൂടുതല്‍ പ്രോജ്വലമാകുമായിരുന്നു.

ഇന്നിപ്പോള്‍ പ്രളയാനന്തരമുള്ള പുനര്‍ നിര്‍മിതിയുടെ പാതയിലാണ് കേരളം. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയം 35,000 കോടി രൂപയുടെ നാശമാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. അടിസ്ഥാന വികസന കാര്യത്തില്‍ പതിറ്റാണ്ടുകളോളം ഇത് പിറകോട്ടു പോകാന്‍ ഇടയാക്കി. പ്രളയബാധിതരുടെ പുനരധിവാസവും തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മാണവും സംസ്ഥാനത്തിനു വലിയൊരു ബാധ്യതയാണ്. സംസ്ഥാന സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല ഇത്. ജനങ്ങളുടെ കൂടിയാണ്. കേന്ദ്രം കേരളത്തോട് മുഖം തിരിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. പ്രളയ കാലത്ത് കേരളീയ സമൂഹം ഒരു മെയ്യായി നിന്നു. ഈ ഒരുമ ആഗോള സമൂഹത്തിന്റെ അഭിനന്ദനം പിടിച്ചു പറ്റി. ഇപ്പോള്‍ നാം മുന്നോട്ടുവെച്ചിരിക്കുന്ന നവകേരള സൃഷ്ടിപ്പിലും പ്രകടമാകേണ്ടതുണ്ട് ഈ ഐക്യവും യോജിപ്പും.