Connect with us

National

ജമ്മു കശ്മീര്‍ വിഭജനം നിയമവിരുദ്ധമെന്ന് ചൈന; തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യ

Published

|

Last Updated

ബീജിംഗ്/ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി ചൈന. ഇത് നിയമവിരുദ്ധവും വ്യര്‍ഥവുമാണ്. ചൈനയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണിത്. ജമ്മു കശ്മീര്‍ സംസ്ഥാനമായിരുന്ന കാലത്ത് ചൈനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശം പുതിയ പശ്ചാത്തലത്തിലും അങ്ങനെ തന്നെ തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ചൈനയുടെ ചില പ്രദേശങ്ങളിലും ഇന്ത്യന്‍ ഭരണം വരുന്ന തരത്തിലാണ് ലഡാക് കേന്ദ്ര ഭരണ പ്രദേശം പ്രഖ്യാപിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഇന്ത്യ ആഭ്യന്തര നിയമവും ഭരണപരമായ മാറ്റവും വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നിയന്ത്രണത്തിലുള്ള അക്സയ് ചിന്‍ ആണ് ചൈന സൂചിപ്പിക്കുന്നത്. ഇത് പുതിയ ലഡാക് കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭാഗമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ചിലെ നടപടിയെയും അന്ന് ചൈന എതിര്‍ത്തിരുന്നു.

അതേസമയം, ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ചൈനയുള്‍പ്പടെ ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനോട് ഇന്ത്യക്ക് താത്പര്യമില്ല. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഒട്ടേറെ പ്രദേശങ്ങളില്‍ ചൈനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ പലതും അനധികൃതമായി ചൈന സ്വന്തമാക്കിയിട്ടുണ്ട്. 1963ലെ ചൈന-പാക്കിസ്ഥാന്‍ അതിര്‍ത്തി കരാറിലൂടെയാണ് ഈ നീക്കമുണ്ടായതെന്നും വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

Latest