Connect with us

Gulf

സ്തനാര്‍ബുദ ബോധവത്ക്കരണ മാസം: യു എ ഇയിലെ ഏറ്റവും വിപുലമായ പരിശോധന സംഘടിപ്പിച്ച് വി പി എസ്-ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി

Published

|

Last Updated

അബൂദബി: സ്തനാര്‍ബുദ ബോധവത്ക്കരണ മാസത്തില്‍ യു എ ഇയിലെ ഏറ്റവും വിപുലമായ ബോധവത്ക്കരണ-പരിശോധന പരിപാടി സംഘടിപ്പിച്ച് വി പി എസ്- ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി. പരിപാടികളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള മൂവായിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തു. ഒക്ടോബര്‍ ആദ്യം മുതല്‍ ഇന്നലെ വരെ ഒരു മാസം നീണ്ടു നിന്ന “ഹോപ്‌റ്റോബര്‍” ബോധവത്ക്കരണ പരിപാടിയാണ് വി പി എസ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി സംഘടിപ്പിച്ചത്. പ്രത്യേകം സജ്ജീകരിച്ച മൊബൈല്‍ മാമോഗ്രാം യൂനിറ്റ് യു എ ഇയുടെ വിവിധ മേഖലകളില്‍ എത്തിച്ചായിരുന്നു സര്‍ക്കാര്‍, സ്വകാര്യ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കാളികളാക്കിയ ബോധവത്ക്കരണ-പരിശോധന പരിപാടികള്‍.

അബൂദബിയിലും അല്‍-ഐനിലും പതിമൂന്ന് ഇടങ്ങളിലായി മുന്നൂറോളം സ്ത്രീകള്‍ സൗജന്യ മാമോഗ്രാം പരിശോധനക്ക് വിധേയരായി. സ്തനാര്‍ബുദം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശാരീരിക പരിശോധനക്കായി നൂറുകണക്കിന് സ്ത്രീകളെത്തി. അര്‍ബുദരോഗ വിദഗ്ദരുടെ നേതൃത്വത്തില്‍ സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. 38 രാജ്യങ്ങളില്‍ നിന്നുള്ള വനിതകളാണ് ബോധവത്ക്കരണത്തിന്റെ ഭാഗമായത്. യു എ ഇയില്‍ മൊബൈല്‍ മാമോഗ്രാം യൂനിറ്റ് സൗജന്യമായി പൊതു ജനങ്ങള്‍ക്കായി ലഭ്യമാക്കുന്ന ഏക ഗ്രൂപ്പാണ് വി പി എസ് ഹെല്‍ത്ത് കെയര്‍.

ബോധവത്ക്കരണ പരിപാടിയിലെ മികച്ച പങ്കാളിത്തം പ്രതീക്ഷാജനകമാണെന്ന് വി പി എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ സ്ത്രീകള്‍ സ്വമേധയാ പരിശോധന പ്രചാരണ പരിപാടികളുടെ ഭാഗമാകാന്‍ എത്തുന്നതായായാണ് ഞങ്ങളുടെ അനുഭവം. സ്തനാര്‍ബുദം എത്ര നേരത്തേ കണ്ടെത്തുന്നുവോ അത്രയും അതിജീവന സാധ്യത കൂടുതലാണ്. അതുകൊണ്ടു പ്രചാരണ മാസം അവസാനിച്ചാലും ബോധവത്ക്കരണം കൂടുതല്‍ പേരിലേക്ക് എത്തുംവിധം വിവിധ തലങ്ങളില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അബൂദബി പോലീസ്, അബൂദബി സര്‍വകലാശാല, എമിറൈറ്റ്‌സ് സ്റ്റീല്‍, ഫാത്തിമ കോളജ്, അഡ്നിക്, അബൂദബി എയര്‌പോര്‍ട്‌സ്, അഡ്നോക്, അല്‍ ദാര്‍ അക്കാദമി എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രധാന മാളുകളും പ്രചാരണത്തിന്റെ ഭാഗമായി. മൊബൈല്‍ മാമോഗ്രാം സ്‌ക്രീനിംഗില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വി പി എസ് ഗ്രൂപ്പിന് കീഴിലുള്ള ബുര്‍ജീല്‍ ആശുപത്രികളില്‍ സൗജന്യ മാമോഗ്രാം പരിശോധന നടത്താനായി രണ്ടായിരം കൂപ്പണുകളും വിവിധ സംഘടനകള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്.