Connect with us

Ongoing News

മാനസികമായ പ്രശ്‌നങ്ങള്‍; ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല അവധിയെടുത്ത് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍

Published

|

Last Updated

സിഡ്‌നി: മാനസികമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആസ്‌ത്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കും. ഓസീസ് ടീം സൈക്കോളജിസ്റ്റ് ഡോ. മിഖായേല്‍ ലോയ്ഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാനസികമായ ചില പ്രശ്‌നങ്ങളിലാണ് മാക്‌സ്‌വെല്‍. കളിയില്‍ നിന്ന് കുറച്ചുകാലം അദ്ദേഹം വിട്ടുനില്‍ക്കും. തന്നെ ബാധിച്ച പ്രശ്‌നങ്ങളെന്താണെന്ന് സ്വയം കണ്ടെത്തിയ മാക്‌സ്‌വെല്‍ അത് മറികടക്കാനുള്ള പരിശ്രമത്തിലാണ്. ലോയ്ഡ് പറഞ്ഞു. ശ്രീലങ്കക്കെതിരായ ടി ട്വന്റി പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ഡാര്‍സി ഷോട്ടിനെ മാക്‌സ്‌വെലിനു പകരം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാക്‌സ്‌വെലിന്റെ തീരുമാനത്തെ സഹാനുഭൂതിയോടെയാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് നോക്കിക്കാണുന്നത്. താരങ്ങളുടെയും സ്റ്റാഫിന്റെയും ക്ഷേമത്തിനും സൗഖ്യത്തിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആസ്‌ത്രേലിയന്‍ ദേശീയ ടീം എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ബെന്‍ ഒളിവര്‍ പറഞ്ഞു. മാക്‌സ്‌വെലിന് ഞങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. അദ്ദേഹത്തിന്റെ ക്ഷേമത്തിനും സാധാരണ നിലയിലേക്ക് തിരിച്ചെത്താനും ആവശ്യമായ എല്ലാ സഹായങ്ങളും ക്രിക്കറ്റ് ആസ്‌ത്രേലിയ ചെയ്തുകൊടുക്കും. ഇങ്ങനെയൊരു സമയത്ത് അദ്ദേഹത്തിന്റെ വ്യക്തിപരവും കുടുംബപരവുമായ സ്വകാര്യതകളെ മാനിക്കാന്‍ എല്ലാവരും തയാറാകണം-ഒളിവര്‍ വിശദമാക്കി.

സവിശേഷമായ കഴിവുകളുള്ള മാക്‌സ്‌വെല്‍ ഓസീസ് ക്രിക്കറ്റ് കുടുംബത്തിലെ പ്രധാന ഭാഗമാണെന്നും വേനല്‍ക്കാലത്ത് അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒളിവര്‍ കൂട്ടിച്ചേര്‍ത്തു.

Latest